Skip to main content

ചരിത്ര പശ്ചാത്തലം

നബി(സ്വ)യുടെയും അബൂബക്ര്‍(റ), ഉമര്‍(റ) എന്നീ ഖലീഫമാരുടെയും കാലത്ത് ഇസ്‌ലാമിക സമൂഹം ശാന്തമായി മുന്നോട്ടുപോയി. എന്നാല്‍ മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലത്ത് ചില പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. നിര്‍മല ഹൃദയനും സൗമ്യനുമായ ഖലീഫയുടെ നിഷ്‌കളങ്കതയെ ചിലര്‍ മുതലെടുത്തതാണ് കാരണങ്ങളായത്. ഒടുവില്‍ ഈ ഛിദ്രശക്തികള്‍ അദ്ദേഹത്തെ വധിച്ചു. അലി(റ) നാലാം ഖലീഫയുമായി.

ഇതോടെ പ്രശ്‌നം രൂക്ഷമായി. ഉസ്മാന്റെ(റ) കൊലയാളികളെ പിടികൂടി ശിക്ഷിക്കണമെന്ന വിഷയമുയര്‍ത്തി പ്രവാചകപത്‌നി ആഇശ(റ)യും സിറിയയിലെ ഗവര്‍ണര്‍ മുആവിയ(റ)യും രംഗത്തുവന്നു. സൈനിക നീക്കം ഇരുവരുടെയും ഭാഗത്തു നിന്നുണ്ടായപ്പോള്‍ ഖലീഫയെന്ന നിലയില്‍ അലി(റ)ക്ക് അത് നേരിടേണ്ടിവരികയുമുണ്ടായി. അങ്ങനെയാണ് ഇസ്്‌ലാമിക സമൂഹ ചരിത്രത്തിലെ വേദനാജനകമായ ജമല്‍, സ്വിഫ്ഫീന്‍ ഏറ്റുമുട്ടലുകള്‍ അരങ്ങേറിയത്.

ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ജമല്‍ യുദ്ധത്തില്‍ നിന്ന് ആഇശ(റ)ക്ക് പിന്തിരിയേണ്ടിവന്നു. സ്വിഫ്ഫീനിലാകട്ടെ മുആവിയ(റ) പരാജയം രുചിക്കുകയും ചെയ്തു. എന്നാല്‍ ബുദ്ധിമാന്മാരായ മുആവിയ(റ)യും അംറുബ്‌നുല്‍ ആസ്വും(റ) പ്രശ്‌നങ്ങള്‍ ഖുര്‍ആനിലേക്ക് മടക്കണമെന്നും മധ്യസ്ഥ ചര്‍ച്ചയിലൂടെ ഖിലാഫത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കണെന്നും ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു. ഇത് അലി(റ) മനമില്ലാമനസ്സോടെ സമ്മതിക്കേണ്ടി വരികയായിരുന്നു.

ഈ വിധിതീര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിക സമൂഹത്തില്‍ ആദ്യവിള്ളലുണ്ടായത്. 'വിധി കല്‍പ്പിക്കാനുള്ള അധികാരം അല്ലാഹുവിനാണ്' എന്ന വാദവുമായി അലി(റ)യുടെ പക്ഷത്തുനിന്നും ചിലര്‍ വേറിട്ടുപോയി. 'അലി കാഫിറായിരിക്കുന്നു, അതിനാല്‍ പശ്ചാത്തപിച്ചു മതത്തിലേക്ക് മടങ്ങിവരണം' എന്നാവശ്യപ്പെട്ട് അവര്‍ പുതിയ കക്ഷിയായി. അത്യന്തം തീവ്രതയുള്ള ഒരു വിഭാഗമായി ഖവാരിജുകള്‍ മാറുകയും ചെയ്തു.

ഖവാരിജുകള്‍ അലി(റ)യെ കാഫിറാക്കിയപ്പോള്‍ മറ്റൊരു വിഭാഗം അലി(റ)യെ അതിമാനുഷനാക്കുകയുണ്ടായി. പ്രവാചകനെയും കുടുംബത്തെയും അതിരറ്റ് സ്‌നേഹിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത ഈ വിഭാഗം ഖിലാഫത്ത് നബി(സ്വ)യുടെ കുടുംബത്തിനാവണമെന്നും നബി(സ്വ)യുടെ മരണാനന്തരം ഖിലാഫത്തിന് അര്‍ഹന്‍ അലി(റ)യാണെന്നും വാദിച്ചു. ഈ വാദം ഒടുവില്‍ സകല അതിരും ഭേദിച്ച്, അലി(റ) ഇലാഹാണെന്നിടത്തോളം എത്തി. ഇവരാണ് പിന്നീട് ശീഅത്തുഅലി (ശിഈകള്‍) എന്ന വിഭാഗമായത്. ശേഷം വേറെയും കക്ഷി കള്‍ ഉദയം ചെയ്യുകയായിരുന്നു. ഇസ്‌ലാമിക സമൂഹത്തില്‍ നവീന വാദങ്ങളുമായി ഖദ്‌രികള്‍, മുഅ്തസിലികള്‍, മുര്‍ജിഅകള്‍ എന്നീ കക്ഷികള്‍ രംഗപ്രവേശം ചെയ്തു.

ഈ കക്ഷികളെല്ലാം ഖുര്‍ആന്‍ വചനങ്ങളെയും തിരുസുന്നത്തിനെയും തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കും മറ്റു താല്പര്യങ്ങള്‍ക്കുമായി ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ചിലര്‍ ഖലീഫമാരെ അംഗീകരിച്ചില്ല. സ്വഹാബത്തിനെ ധിക്കരിക്കുകയും ചെയ്തു. ഇവയുടെ പേരുകള്‍ വിഭാഗീയതക്ക് തെളിവാണ്. (വിമതര്‍-ഖവാരിജ്) അലിയുടെ പാര്‍ട്ടി (ശിഅത്തു അലി),  വിട്ടുനിന്നവര്‍ (മുഅ്തസിലി).

എന്നാല്‍ ഈ കക്ഷിത്വങ്ങള്‍ക്കെല്ലാമപ്പുറം തിരുനബി(സ്വ) പകര്‍ന്നു തന്ന വിശ്വാസാദര്‍ശങ്ങള്‍ മാറ്റത്തിരുത്തലുകളൊന്നുമില്ലാതെ അംഗീകരിച്ച് മഹാഭൂരിപക്ഷം ജീവിച്ചു വന്നിരുന്നു. നാലു ഖലീഫമാരെ അംഗീകരിച്ചും, സ്വഹാബത്തിനെ ആദരിച്ചും അവരുടെ കര്‍മ മാതൃകകളെ സ്വീകരിച്ചും ജീവിച്ചവരായിരുന്നു അവര്‍. അവരത്രെ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.


 

Feedback