Skip to main content

ചരിത്രരചന

സജീവമായി നിലനില്‍ക്കുകയും പുരോഗതിയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന തലമുറകളുടെ ഏറ്റവും വലിയ ഗുരുനാഥനാണ് ചരിത്രം. അതുകൊണ്ടു തന്നെ ചരിത്രരചന വലിയ സേവനമാണ്. ചരിത്രം സൃഷ്ടിച്ചവരും ചരിത്രരചന നടത്തിയവരും കഴിഞ്ഞു പോയിട്ടുണ്ട്. ചരിത്ര രചന എന്നത് കാല്പനികമായ ഒരു നിര്‍മാണമല്ല; യാഥാര്‍ഥ്യം രേഖപ്പെടുത്തലാണ്. ചരിത്രത്തെ പല തരത്തില്‍ നിര്‍വചിച്ചവരുണ്ട്.

കഴിഞ്ഞുപോയ തലമുറകളുടെ പ്രവര്‍ത്തനങ്ങളും സംഭവ വികാസങ്ങളും ചിന്തകള്‍ പോലും ചരിത്രമാണ്. കാലത്തെ ചരിത്രകാലമെന്നും ചരിത്രാതീത കാലമെന്നും വിഭജിക്കാറുണ്ട്. എ ഡി പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ശാസ്ത്രീയമായ ചരിത്രരചന നടത്തിയതെങ്കിലും ബി സി അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ചരിത്രരചന ആരംഭിച്ചിട്ടുണ്ട്. ഗ്രീക്കുകാരാണ് ചരിത്രാഖ്യാനത്തിന്റെയും ആരംഭം കുറിച്ചത്.

പുരാവൃത്ത(myth)ങ്ങളും കഥാഗാനങ്ങളും തുടര്‍ന്ന് ചരിത്രാഖ്യാനങ്ങ ളുമാണ് അവര്‍ നടത്തിയിരുന്നത്. ഇവയ്ക്കിടയില്‍ നൂറ്റാണ്ടുകളുടെ അന്തരങ്ങളുണ്ട്. ബി സി 480-425ല്‍ ജീവിച്ച ഹിറോദോത്തസ് ആണ് അറിയപ്പെടുന്ന ആദ്യചരിത്രകാരന്‍. പില്ക്കാലത്ത് ചരിത്രരചന ക്രൈസ്തവ മത മേധാവികളിലൂടെ കടന്നുപോയി. ക്രിസ്തുമതാവിര്‍ഭാവത്തിന് ശേഷം മുന്നൂറ് വര്‍ഷം കഴിഞ്ഞാണ് അവര്‍ ചരിത്ര രചന ആരംഭിക്കുന്നതു തന്നെ. ഗ്രീക്ക്-റോമ-യഹൂദ-ക്രൈസ്തവ ചരിത്രങ്ങള്‍ ചേര്‍ത്ത വിശ്വചരിത്ര രചനയിലാണ് ക്രൈസ്തവര്‍ ശ്രദ്ധയൂന്നിയത്. 


മധ്യകാലത്തെ അറബ്-മുസ്‌ലിം ചരിത്രപഠന മേഖലയും വിശ്വചരിത്ര രചനയിലാണ് ഊന്നല്‍ നല്കിയത്. തെളിവുകളുടെ സൂക്ഷ്മ പരിശോധന നടത്തുക, ഒറ്റപ്പെട്ട സംഭവങ്ങളിലൊതുങ്ങാതെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്ഥാനപതനങ്ങളുടെ ചരിത്രം രേഖപ്പെടുത്തുക തുടങ്ങിയ അറബ് ചരിത്രകാരന്‍മാരുടെ രീതിയാണ് പില്ക്കാലങ്ങളില്‍ പാശ്ചാത്യ ചരിത്രകാരന്‍മാര്‍ സ്വീകരിച്ചത്. മുസ്‌ലിം പണ്ഡിതന്‍മാര്‍ ചരിത്രരചനയില്‍ ശ്രദ്ധ പതിപ്പിക്കാനും അത് കുറ്റമറ്റതാക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് ചില പ്രത്യേക ഘടകങ്ങളുണ്ട്. വംശപാരമ്പര്യത്തിലും ഗോത്രമഹിമയിലും താത്പര്യം കാണിക്കുന്നവരാണ് അറബികള്‍. പിതൃവംശാവലിയെക്കുറിച്ചുള്ള പഠനവും ഗോത്ര സംഘട്ടനങ്ങളെക്കുറിച്ചുള്ള അന്വേഷണവും  അറബികളെ ചരിത്രരചനയില്‍ തത്പരരാക്കി. ചരിത്ര പഠനത്തെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ അടിക്കടിയുള്ള ആഹ്വാനം മുസ്‌ലിംകളില്‍ ചരിത്രകൗതുകമുണര്‍ത്തി. നബി(സ്വ)യുടെ മാതൃകാ ജീവിതം കുറ്റമറ്റരീതിയില്‍ പില്ക്കാലക്കാര്‍ക്ക് എത്തിക്കുക എന്ന മതപരമായ ദൗത്യവും ചരിത്രപഠനത്തില്‍ മുസ്‌ലിംകളെ ഉത്‌സുകരാക്കി. പ്രവാചക വിയോഗാനന്തരം കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ നബിചര്യ(ഹദീസ്) റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സത്യതയ്ക്കായി ജീവചരിത്രം തേടി സനദുകള്‍ (നിവേദകപരമ്പര) കുറ്റമറ്റതാക്കുക എന്ന ഉത്തരവാദിത്തം വീണ്ടും മുസ്‌ലിം പണ്ഡിതന്‍മാരെ ചരിത്ര രചനയ്ക്കു പ്രേരിപ്പിച്ചു. ആദ്യകാലത്ത് ചരിത്രരചനയ്ക്ക് മതപരമായ പരിവേഷമുണ്ടായിരുന്നു. ചരിത്രരചനയില്‍ നിവേദകപരമ്പര(സനദ്) പരിശോധിച്ച് ഉറപ്പുവരുത്തുക എന്ന രീതി മുസ്‌ലിം ചരിത്രകാരന്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ചരിത്രത്തിന് വിശ്വാസ്യത നല്കി. 


യുദ്ധ ചരിത്രം (മഗാസി) എന്ന ഒരു ശാഖ തന്നെ മുസ്‌ലിംകള്‍ രചിച്ച ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. സീറ എന്ന ഒരു ചരിത്രാഖ്യാന രീതിയും ആദ്യകാലത്തു ണ്ടായിരുന്നു. ഈ രണ്ടിനങ്ങളിലും അനേകം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ബ്‌നു മുസ്‌ലിമുബ്‌നി ശിഹാബുസ്സുഹ്‌രി (മരണം. ഹി.124), ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു ഹിശാം എന്നിവരെല്ലാം പ്രസിദ്ധ മുസ്‌ലിം ചരിത്രകാരന്‍മാരാണ്. 


ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി മുസ്‌ലിം ചരിത്രകാരന്‍മാര്‍ ലോകചരിത്രത്തിലേക്കു കടന്നു. മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിട്ടുള്ള കാര്യങ്ങളില്‍ ഒതുങ്ങിയിരുന്ന ചരിത്രരചന, വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ സമൂഹങ്ങളിലെ സമഗ്ര ചരിത്രരചനയായി ഇബ്‌നുഖുതൈബിന്റെ 'കിതാബുല്‍ മആരിഫ്' ഈ ഇനത്തില്‍ പെട്ടതത്രെ. ലോകചരിത്ര രചനയില്‍ അല്‍ ബലാദുരി പ്രഥമഗണനീയനാണ്. 'അന്‍സാബുല്‍ അശ്‌റാഫ്', 'ഫുതൂഹുല്‍ ബുല്‍ദാന്‍' എന്നീ രചനകള്‍ ബലാദുരിയുടെതാണ്. ത്വബ്‌രീ, മസ്ഊദ് എന്നിവര്‍ ചരിത്രരചനയുടെയും പഠനത്തിന്റെയും സുവര്‍ണദശ സൃഷ്ടിച്ചു. ത്വബ്‌രിയുടെ ചരിത്രം ഹദീസ് പണ്ഡിതന്‍മാരുടെ ശൈലിയിലായിരുന്നു. മസ്ഊദി (ക്രി.900-956)യാണ് മറ്റൊരു പ്രമുഖ ചരിത്രകാരന്‍. മുസ്‌ലിംകളുടെ 'ഹെറഡോട്ടസ്' എന്ന് വിശേിപ്പിക്കപ്പെടുന്ന മസ്ഊദിയുടെ സംഭാവനകള്‍ അമൂല്യമാണ്. തുടര്‍ന്നുവന്ന ഇബ്‌നുമിസ്‌കവൈഹും ഇബ്‌നുല്‍ അസീറും ചരിത്രരചനയില്‍ പ്രഗത്ഭരായിരുന്നു. ഇബ്‌നുല്‍ അസീറിനു ശേഷം ചരിത്രരചനാരംഗത്ത് മന്ദീഭാവം നേരിട്ടു. ടുണീഷ്യയില്‍ പിറന്ന അബ്ദുറഹ്മാനുബ്‌നു ഖല്‍ദൂന്‍ (1332-1406) ആണ് ആ വിടവ് നികത്തിയത്. ഇബ്‌നു ഖല്‍ദൂന്റെ 'കിതാബുല്‍ ഇബര്‍' എന്നറിയപ്പെടുന്ന 'കിതാബുല്‍ ഇബര്‍ വദീവാനുല്‍ മുബ്തദഅ് വല്‍ ഖബര്‍ ഫീ അയ്യാമില്‍ അറബി വല്‍ അജം വല്‍ ബര്‍ബര്‍' എന്ന ഗ്രന്ഥത്തിന് ഏഴു വാള്യങ്ങളുണ്ട്. പതിനാലാം നൂറ്റാണ്ടുവരേക്കുള്ള വിവിധ സമൂഹങ്ങളുടെ ചരിത്രം പഠനവിധേയമാക്കുന്ന ഗ്രന്ഥത്തിന്റെ പ്രഥമ വാള്യം 'മുഖദ്ദിമതുബ്‌നി ഖല്‍ദൂന്‍' എന്നറിയപ്പെടുന്നു. 


ആധുനിക കാലഘട്ടത്തിലും ഇബ്‌നുഖല്‍ദൂന്‍ ചരിത്രത്തിന്റെ മികച്ച റഫറന്‍സാണ്. ഇബ്‌നു കസീറിന്റെ 'അല്‍ ബിദായ വന്നിഹായ', ശഹ്‌റസ്താനിയുടെ 'അല്‍ മിലല്‍ വന്നിഹല്‍' എന്നിവ ഇന്നും ചരിത്ര സ്രോതസ്സുകളായി നിലനില്ക്കുന്നു. ലോക നാഗരികയില്‍ ചരിത്രം സൃഷ്ടിച്ചും ചരിത്രരചന നടത്തിയും മുസ്‌ലിംകള്‍ തങ്ങളുടേതായ മികവ് പുലര്‍ത്തിയിട്ടുണ്ട്. 

Feedback