Skip to main content

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (1950) (2)

1924ല്‍ രൂപീകൃതമായ കേരളജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) 1947 ഏപ്രില്‍ 12ന് അതിന്‍റെ പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്നു. പ്രസിഡണ്ട് കെ എം മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന ആ പണ്ഡിത ചര്‍ച്ച പ്രധാനമായും ഒരു പുതിയ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ചായിരുന്നു. പണ്ഡിതന്‍മാരും സാധാരണക്കാരും ഉള്‍പ്പെടുന്ന, ഖുര്‍ആനും സുന്നത്തും പ്രബോധനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ഒരു ബഹുജന സംഘടനയെക്കുറിച്ച്. ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനം മിനുട്സ് രേഖയില്‍ ഇങ്ങനെ കുറിക്കപ്പെട്ടു.

'ഖുര്‍ആനും ഹദീസുമനുസരിച്ച് ജീവിക്കുക എന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവര്‍ക്കും സംഘടിക്കാവുന്ന ഒരു അഖില കേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ യോഗം അഭിപ്രായപ്പെടുകയും അതിന് വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടി പരിശ്രമിച്ച് കഴിയുന്ന വേഗത്തില്‍ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കാന്‍ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു".

മൂന്നു വര്‍ഷം കഴിഞ്ഞ് കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ 1950 ഏപ്രില്‍ 20ന് 24 പേര്‍ യോഗം ചേര്‍ന്നു. അവര്‍ കെ.ജെ.യു തീരുമാനമനുസരിച്ച് പുതിയ സംഘടനയ്ക്ക് രൂപം നല്കി. വന്നവരെല്ലാം അംഗത്വം സ്വീകരിച്ചു. കെ എം മൗലവി പ്രസിഡണ്ടും, എന്‍ വി അബ്ദുസ്സലാം മൗലവി (അരീക്കോട്) ജനറല്‍ സെക്രട്ടറിയുമായി 13 അംഗ കമ്മിറ്റി നിലവില്‍ വന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ അവിടെ പിറവി കൊള്ളുകയായിരുന്നു.

നൂറ്റാണ്ടിനപ്പുറം വെളിയങ്കോട് ഉമര്‍ ഖാദിയും മമ്പുറം തങ്ങളും കൊളുത്തി വെച്ച നവോത്ഥാന ശിഖ, ഹമദാനി തങ്ങളും മക്തി തങ്ങളും ഊതിക്കത്തിച്ച തിരിനാളം വക്കം മൗലവി കൈമാറിയ കൈത്തിരി ഐക്യസംഘത്തിലൂടെ കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുത്തു. അതാണ് ആയിരം ജ്വാലകളായി കേരള നദ്‌വത്തുല്‍ മുജാഹിദീനിലൂടെ എരിയാന്‍ ആരംഭിച്ചത്.

പണ്ഡിതന്മാരുടെ പരിശ്രമത്തില്‍ സംശുദ്ധ വിശ്വാസത്തിന്‍റെ പ്രഭയുള്‍ക്കൊണ്ട ആയിരങ്ങള്‍ അണിനിരന്ന് പ്രബോധന പാതയില്‍ വീരഗാഥകള്‍ രചിക്കാനും അന്ധവിശ്വാസങ്ങളും ജീര്‍ണതകളുമില്ലാത്ത ഒരു സമൂഹത്തെ കേരളീയ പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യമാക്കാനും കെ എന്‍ എം പ്രതിജ്ഞയെടുത്തു. കേരളത്തിലെ മുസ്ലിം സമൂഹത്തിന്‍റെ മത-വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നവജാഗരണം സൃഷ്ടിക്കാനും സമുദായത്തെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാനും ആ മുന്നേറ്റത്തിന് സാധിച്ചു.

മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ഈ ജൈത്രയാത്രക്ക് വിഘാതം സൃഷ്ടിച്ചു കൊണ്ട് 2002ല്‍ സംഘടന ഒരു പിളര്‍പ്പിന് വിധേയമായി. ഇതിന്‍റെ ഭാഗമായി കെ.എന്‍.എം മര്‍കസുദ്ദഅവ എന്ന സംഘടന നിലവില്‍ വന്നു.

സംഘടനക്ക് അകത്തും പുറത്തും നിന്നുള്ള പല ഐക്യശ്രമങ്ങളും നടന്നെങ്കിലും സമുദായത്തിനും പ്രസ്ഥാനത്തിനും ഏറെ നഷ്ടങ്ങളുണ്ടാക്കിയ ഈ അകല്‍ച്ച പരിഹരിക്കാന്‍ പിന്നീട് പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. 

കെ.എന്‍.എമ്മില്‍ പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും പല പണ്ഡിതരും നേതാക്കളും പലവഴിക്ക് നീങ്ങുകയും ചെയ്തു. ഇതില്‍ ഒരു വിഭാഗം 'വിസ്‌ഡം  ഗ്ലോബൽ ഇസ്‌ലാമിക്  മിഷൻ' എന്ന പേരില്‍, സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങി. 

2016ല്‍ കെ.എന്‍.എമ്മും മര്‍കസുദ്ദഅവയും പോഷകഘടങ്ങളും തമ്മില്‍ ഐക്യം രൂപപ്പെട്ടെങ്കിലും അത് വേണ്ടവിധത്തില്‍ വിജയിച്ചില്ല. അതിനാല്‍ കെ.എന്‍.എം എന്ന രജിസ്ട്രേഡ് സംഘടനക്കു പുറമെ കെ.എന്‍.എം മര്‍കസുദ്ദഅവ എന്ന പേരില്‍ മറ്റൊരു സംഘടനയും എല്ലാ പോഷകഘടകങ്ങളോടുമൊപ്പം ഇസ്‌ലാഹീ നവോത്ഥാന വീഥിയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നു..
 

Feedback