Skip to main content

ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ് (1-2)

മുസ്‌ലിം സമൂഹത്തിന്റെ ചിന്തയില്‍ ചലനാത്കതയുടെ ബീജം കുത്തിവെച്ച് നിദ്രാവസ്ഥയില്‍ നിന്നു അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് നവോത്ഥാന പാതയിലേക്ക് കൈപിടിച്ചു നയിച്ച പണ്ഡിതനാണ് ശൈഖു മുഹമ്മദ്ബുനു അബ്ദില്‍ വഹാബ്. സുഊദി അറേബ്യയിലെ റിയാദില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കു സ്ഥിതി ചെയ്യുന്ന നജ്ദിലെ ഉയയ്‌നയില്‍ അബ്ദുല്‍ വഹാബിന്റെ പുത്രനായ മുഹമ്മദ്, ഹി. 1115 (ക്രി.1703)ല്‍ ജനിച്ചു. പേരു കേട്ട പണ്ഡിത കുടുംബത്തില്‍ ജനിച്ച മുഹമ്മദിന്റെ പിതാവ് അബ്ദുല്‍ വഹാബ് ന്യായാധിപനും ഹദീസ് വിജ്ഞാനത്തില്‍ അവഗാഹം നേടിയ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. ചെറുപ്പത്തിലേ അസാമാന്യ ബുദ്ധിശക്തിയും ഗ്രാഹ്യ ശേഷിയുമുണ്ടായിരുന്ന ഇബ്‌നു അബ്ദില്‍ വഹാബ്, പത്തുവയസ്സ് പ്രായമായപ്പോഴേക്കും വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. പിതാവിന്റെ കീഴില്‍ വ്യത്യസ്ത വിജ്ഞാനങ്ങള്‍ അഭ്യസിച്ചു. നിരൂപണ ബുദ്ധിയോടെ കാര്യങ്ങള്‍ വിലയിരുത്തിയ ബാലന്‍ ആ കാലഘട്ടത്തിലെ പണ്ഡിതന്‍മാരോടും സ്വന്തം പിതാവിനോടുപോലും വിജ്ഞാന വിഷയത്തില്‍ വാഗ്വാദം നടത്തുമായിരുന്നു. ക്രി. 1328ല്‍ നിര്യാതനായ പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു തൈമിയയുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതില്‍ ഇബ്‌നു അബ്ദില്‍ വഹാബിന് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. ഇബ്‌നു തൈമിയ്യയുടെ കൃതികള്‍ ഇബ്‌നു അബ്ദില്‍ വഹാബ് സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയതിന്റെ കോപ്പികള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അല്ലാഹു അല്ലാത്തവരോട് വിളിച്ചു പ്രാര്‍ഥിക്കുന്നതിനെയും അവയ്ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനു പുറമെ വ്യഭിചാരം, മദ്യപാനം, കവര്‍ച്ച തുടങ്ങിയ ജീര്‍ണതകളും സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരുന്നു. ഇവക്കെതിരെ ഇബ്‌നു അബ്ദില്‍ വഹാബ് ശബ്ദമുയര്‍ത്തിയതോടെ അദ്ദേഹത്തിന്റെ കുടുംബത്തോട് തന്നെ ചില ജനവിഭാഗങ്ങള്‍ക്ക് വിരോധമുണ്ടായിരുന്നു. അവസാനം കുടുംബത്തിനു ഹി.1139ല്‍ ഹുറയ്മിലാഇലേക്ക് മാറി താമസിക്കേണ്ടിവന്നു. എന്നാല്‍ അദ്ദേഹം ജന്‍മനാട്ടില്‍ തന്നെ നിലയുറപ്പിച്ചു. എതിര്‍പ്പ് ശക്തമായപ്പോള്‍ അത് താല്‍കാലികമായി ശമിപ്പിക്കാന്‍ അല്‍പം മാറിനില്‍ക്കാന്‍ തീരുമാനിക്കേണ്ടി വന്നു.

ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലെത്തിയ അദ്ദേഹം അവിടത്തെ പണ്ഡിതന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. മദീനയിലെത്തിയപ്പോള്‍ ജനം റൗദാ ശരീഫില്‍ റസൂലിനോട് പ്രാര്‍ഥിക്കുന്നത് കണ്ട ശൈഖ് തന്റെ രൂക്ഷമായ പ്രതിഷേധം പ്രകടിപ്പിച്ചു. പിന്നീട് മദീനയിലെ പ്രമുഖ പണ്ഡിതന്‍മാരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും വിജ്ഞാനങ്ങള്‍ നേടുകയും ചെയ്തു. മദീനയില്‍ നിന്ന് വിപ്ലവാവേശത്തിന്റെ കൈത്തിരിയുമായി ബസ്വറയിലെത്തിയ മുഹമ്മദ് അവിടെയും ശിര്‍ക്കിനെതിരില്‍ തന്റെ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ പ്രതിഷേധം ശക്തമാവുകയും ബസ്വറയില്‍ നിന്ന് അടിച്ചോടിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പിതാവും കുടുംബവും താമസിക്കുന്ന ഹുറൈമിലാഇല്‍ എത്തി പിതാവിനെ കണ്ടു. ശ്രതുക്കള്‍ ഇബ്‌നു അബ്ദില്‍ വഹാബിന്റെ നേരെ തിരിഞ്ഞുവെങ്കിലും പിതാവ് അദ്ദേഹത്തിന് സംരക്ഷണം നല്‍കി. പക്ഷേ അധികകാലം അദ്ദേഹത്തിന് ആ സംരക്ഷണം തുടരാന്‍ സാധിച്ചില്ല. ഹി.1153ല്‍ പിതാവ് ഇഹലോകത്തോട് യാത്ര പറഞ്ഞു. ഇതോടെ മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ് ജന്‍മദേശമായ ഉയയ്‌നയിലേക്ക് തിരിച്ചുപോയി.

ഉസ്മാനുബ്‌നു ഹമദിബ്‌നി മഅ്മര്‍ ആയിരുന്നു അന്ന് ഉയൈനയുടെ അധികാരി. അദ്ദേഹം ഇബ്‌നു അബ്ദില്‍ വഹാബിനെ സ്വീകരിച്ചാനയിച്ചു. ഉസ്മാന്‍ ശൈഖില്‍ നിന്നും തൗഹീദിന്റെ വെളിച്ചം ഉള്‍കൊണ്ടു. ശൈഖിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അന്ധവിശ്വാസികള്‍ പൂജിക്കുകയും ത്വവാഫ് ചെയ്യുകയും ചെയ്ത മരം മുറിച്ചുമാറ്റി. ആരാധനാ കേന്ദ്രമായി മാറിയ സൈദുബ്‌നു ഖത്വാബിന്റെ കെട്ടിപ്പൊക്കിയ ഖബര്‍ പൊളിച്ചു നിരപ്പാക്കി. പള്ളികളില്‍ ജമാഅത്ത് നമസ്‌കാരം നിലനിര്‍ത്തി. സകാത്ത് സംവിധാനം ഏര്‍പ്പെടുത്തി. ഈ കാര്യങ്ങളിലെല്ലാം ഇബ്‌നു മഅ്മറിന്റെ സഹായവുമുണ്ടായിരുന്നു. 

അന്ധവിശ്വാസികള്‍ സംഘടിച്ചു. ശൈഖിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചു. രാഷ്ട്രീയമായ സമ്മര്‍ദങ്ങള്‍ മൂലം ഇബ്‌നുമഅ്മര്‍ ശൈഖിനെ കൈയൊഴിഞ്ഞു. ഒടുവില്‍ ഉയൈന വിട്ടുപോകേണ്ടി വന്നു. മുഹമ്മദ് ബ്ന്‍ സുഊദിന്റെ ഭരണത്തിന്‍ കീഴിലുള്ള ദര്‍ഇയയിലേക്കാണ് ശൈഖ് പിന്നീട് പോയത്. മുഹമ്മദ് ബ്‌നു സുഊദ് ശൈഖിന്റെ ദഅ്‌വത്ത് സ്വീകരിക്കുകയും അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അധികാരവും പാണ്ഡിത്യവും ഒത്തുചേര്‍ന്നപ്പോള്‍ ഇസ്‌ലാമിക പ്രബോധനത്തിനു വഴിയൊരുങ്ങി. ഇമാമിനെ നേരത്തെ കൈവിട്ട ഇബ്‌നുമഅ്മറിന് പശ്ചാത്താപമുണ്ടായെങ്കിലും  ശൈഖ് ദര്‍ഇയയില്‍ തന്നെ നിലയുറപ്പിച്ചു. ഏറെ വൈകാതെ ഇബ്‌നുസുഊദിന്റെ ദര്‍ഇയ്യ, ഇബ്‌നു അബ്ദില്‍ വഹാബിന്റെ പാണ്ഡിത്യത്താല്‍ വിജ്ഞാന തലസ്ഥാനമായി മാറി. അല്ലാഹു അവരെ സഹായിച്ചു.

തൗഹീദിലുറച്ച്, ബിദ്അത്തുകള്‍ വെടിഞ്ഞ് നീങ്ങിയ ദര്‍ഇയ്യയില്‍ ഇസ്‌ലാമിക വ്യവസ്ഥ കളിയാടി. എന്നാല്‍ ഒരു ചെറിയ ദേശമായ ദര്‍ഇയ്യയെ റിയാദ് പോലുള്ള അയല്‍ നാടുകള്‍ ആക്രമിക്കാന്‍ തുടങ്ങി. ഹി.1160ല്‍ തമ്മില്‍ യുദ്ധം നടന്നു. ഇബ്‌നുസുഊദിന്റെ മകന്‍ ഫൈസലും സുഊദും കൊല്ലപ്പെട്ടു. 1187ല്‍ അബ്ദുല്‍ അസീസ്ബ്‌നു സുഊദിന്റെ നേതൃത്വത്തില്‍ റിയാദ് ജയിച്ചടക്കി. അബ്ദുല്‍ അസീസും ഇബ്‌നു അബ്ദില്‍ വഹാബും ദഅ്‌വത്തുമായി മുന്നേറി. എതിരാളികള്‍ പത്തി മടക്കിയെങ്കിലും ശൈഖിനെതിരെ അപവാദ പ്രചാരണം അഴിച്ചുവിടുകയായിരുന്നു. 

 
 

Feedback