Skip to main content

സലഫികളുടെ ആദര്‍ശം

ഏറെ തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് സലഫികള്‍. യഥാര്‍ഥത്തില്‍ സലഫിയ്യത്ത് എന്താണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. അല്ലാഹുവിന്റെ അസ്തിത്വം, ദാത്ത്(സത്ത), സ്വിഫാത്ത് (വിശേഷ ഗുണങ്ങള്‍) അവന്റെ സൃഷ്ടി എന്നിവയെപ്പറ്റി ഖുര്‍ആന്‍ എന്തു പറഞ്ഞോ അത് വിശ്വസിക്കുകയാണ് സ്വീകാര്യവും കരണീയവുമായ മാര്‍ഗമെന്നും അത് ചോദ്യം ചെയ്യല്‍ തെറ്റും യുക്തി വിരുദ്ധവുമാണത് എന്നും സലഫി പണ്ഡിതര്‍ സമൂഹത്തെ ഉണര്‍ത്തിയത്.

'അല്ലാഹു പ്രപഞ്ച നാഥനാണ്. സര്‍വജ്ഞനും സര്‍വശക്തനുമാണ്. പരമ കാരുണികനും നീതിമാനുമാണ് തുടങ്ങിയ ഗുണങ്ങളിലൂടെ അവര്‍ ദൈവത്തെ പരിചയപ്പെടുത്തി. പ്രപഞ്ചത്തില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവന്റെ തീരുമാനങ്ങളാണ്. അവന് പങ്കുകാര്‍ ഇല്ലതന്നെ. മനുഷ്യ കഴിവുകള്‍ ദൈവം നല്‍കുന്നതാണ്. ആ കഴിവുകള്‍ക്ക് പരിധിയുണ്ട്. എന്നാല്‍ ദിവ്യകഴിവുകള്‍ക്ക് പരിധിയില്ല. ഖുര്‍ആനിന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ ഈ കാര്യങ്ങളത്രയും സമൂഹത്തിനു മുന്നില്‍ പണ്ഡിതര്‍ സമര്‍പ്പിച്ചു.

വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം. അതു തന്നെയാണ് മുസ്‌ലിംകളുടെ ആദര്‍ശവും. ഇതിലപ്പുറം വ്യത്യസ്തമായ ആദര്‍ശമോ ദര്‍ശനങ്ങളോ സലഫികള്‍ക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി, അജ്ഞതമൂലമോ, അനുകരണം മൂലമോ മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ച വിശ്വാസ-കര്‍മ-ആചാരങ്ങളെ സലഫികള്‍ ശക്തമായി എതിര്‍ത്തു. പ്രമാണങ്ങളിലേക്കുമടങ്ങുക എന്നത് മാത്രമാണ് മുസ്‌ലിംകളുടെ ഇഹപര നേട്ടങ്ങള്‍ക്ക് നിദാനമെന്ന് പഠിപ്പിക്കുക മാത്രമേ സലഫികള്‍ ചെയ്തിട്ടുള്ളൂ. അതല്ലാതെ 'സലഫി' എന്നത് പ്രത്യേക ആദര്‍ശ സംഹിതയോ മദ്ഹബോ അല്ല. ഹിജ്‌റ രണ്ടാം ശതകത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മദ്ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ട മഹാപണ്ഡിതന്മാരെല്ലാംഈ ഗണത്തില്‍ പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിലേക്കു മാത്രമല്ല. ഇന്നും സലഫികള്‍ക്ക് നിര്‍വഹിക്കാനുള്ളതും ഈ ദൗത്യം തന്നെ.

മുഅ്തസിലീ, ശിഈ, മുര്‍ജിഈ വാദങ്ങളെയാണ് ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ അഹ്മദുബ്‌നു ഹംബല്‍ പ്രതിരോധിച്ചത്. ഈജിപ്തിലെ സൂഫി സിദ്ധന്മാരുടെ പൊള്ളത്തരങ്ങളെയും സ്വയം നിര്‍മിത കറാമത്തുകളെയുമായിരുന്നു ഏഴാം നൂറ്റാണ്ടില്‍ ഇബ്‌നുത്തൈമിയക്ക് നേരിടേണ്ടി വന്നത്. ശിര്‍ക്ക് ബിദ്അത്തുകളുടെ കൂടാരമായിരുന്ന നജ്ദിലെ പുരോഹിതന്‍മാരെയാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇബ്‌നു അബ്ദില്‍ വഹ്ഹാബ് ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. ഇവരെല്ലാം സലഫി പണ്ഡിതന്‍മാരായിരുന്നു; അഹ്‌ലുസ്സുന്നത്തിന്റെയും. ജനപ്രീതിയെ അവഗണിച്ച് ദൈവപ്രീതിക്കായി യത്‌നിച്ച ഈ നവോത്ഥാന നായകരെയെല്ലാം ആദ്യം ജനം തള്ളിയെങ്കിലും പിന്നീട് അവര്‍ തന്നെ ഈ മഹാന്മാരുടെ സഹായികളായി.

ശിര്‍ക്ക്, ബിദ്അത്ത്, തഖ്‌ലീദ് എന്നിവകള്‍ക്കെതിരെയായിരുന്നു സലഫികളുടെ എക്കാലത്തെയും പോരാട്ടമെന്ന് ചുരുക്കം. ഇന്നും തുടരുന്നതും ഈ പോരാട്ടം തന്നെയാണ്. ആയുധമാകട്ടെ വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വഹാബികളുടെ മാതൃകയും.


 

Feedback