Skip to main content

ത്വരീഖത്തുകള്‍ (3)


സരണി, രീതി എന്നൊക്കെ ഭാഷാര്‍ഥങ്ങളുള്ള പദമാണ് ത്വരീഖത്ത്. സ്വൂഫിസത്തിന്റെ കര്‍മരീതി എന്ന നിലക്കാണ് ത്വരീഖത്തുകള്‍ നിലകൊള്ളുന്നത്. സാങ്കേതികാര്‍ഥത്തില്‍, മതം വിരോധിച്ച കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും പരിത്യജിച്ച്, ദൈവസ്മരണയില്‍ ആണ്ടു കഴിയലാണ് ത്വരീഖത്ത്. ശരീഅത്തിലൂടെ ആത്യന്തിക സത്യമായ ഹഖീഖത്ത് പ്രാപിക്കാനുളള മാധ്യമം കൂടിയാണിതെന്ന് സ്വൂഫികള്‍ അവകാശപ്പെടുന്നു.

മതജീവിതത്തെ സമ്പൂര്‍ണവും സമ്പന്നവുമാക്കലാണ് തസ്വവ്വുഫെന്ന് സ്വൂഫികള്‍ പറയുന്നു. തസ്വവ്വുഫിന് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്. ഇതില്‍ ശരീഅത്ത് മതനിയമങ്ങളാണ്. അഥവാ നമസ്‌കാരം, നോമ്പ്, ഹജ്ജ് ആദിയായവ. ശാരീരിക തലങ്ങളെ നിയന്ത്രിക്കാനുള്ള ഭാവമാണിത്. ആധ്യാത്മികത അതിന്റെ പരമോന്നതി പ്രാപിച്ച് ആത്മ ദൃഷ്ടിയിലൂടെ ഉള്‍ക്കാഴ്ച നേടും. ഇതാണ് ഹഖീഖത്ത്. ഇതിനെ ഇഹ്‌സാനികതലം എന്നും പറയാറുണ്ട്. അഥവാ അല്ലാഹുവിനെ കാണുന്നു എന്ന അവസ്ഥയിലേക്ക് അടിമയെത്തുന്നു. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന നിലക്ക് ആരാധനകളര്‍പ്പിക്കാന്‍ സാധിക്കലാണല്ലോ ഇഹ്‌സാന്‍. ശരീഅത്തില്‍ നിന്നും ഹഖീഖത്തിലേക്കുള്ള വഴിദൂരമാണത്രെ ത്വരീഖത്ത്. അഥവാ ദുര്‍ഗുണങ്ങളില്‍ നിന്നും മനസ്സിനെ കഴുകിത്തുടച്ചെടുത്ത് സദ്ഗുണങ്ങളാല്‍ പൊതിയുന്ന ഈമാനികതലം.

ശരീഅത്തില്‍ നിന്ന് ഒരിക്കലും ഒറ്റയടിക്ക് ഹഖീഖത്തിലേക്ക് ചാടിക്കടക്കാനാവില്ലത്രെ. ത്വരീഖത്തെന്ന പാലത്തിലൂടെയല്ലാതെ അങ്ങോട്ട് എത്തിപ്പെടാന്‍ ആവില്ലെന്നാണ് സ്വൂഫിപക്ഷം. സൈനുദ്ദീന്‍ മഖ്ദൂം, തന്റെ അദ്കിയാഅ് എന്ന പേരുള്ള സ്വൂഫി കാവ്യ ഗ്രന്ഥത്തില്‍ പറയുന്നു. 'അല്ലാഹുവിനെ മാത്രം കാംക്ഷിച്ച് രിയാദ്വപോലെയുള്ള കര്‍മങ്ങളും തഖ്‌വയും മുറുകെ പിടിക്കലാണ് ത്വരീഖത്ത്.

ത്വരീഖത്തില്‍ ഒരു ശൈഖ് അനിവാര്യമാണ്. ശൈഖിന് കീഴില്‍ പ്രാദേശിക ഖലീഫമാരുണ്ടാവും. ശൈഖിനെ ഉദ്ദേശിച്ചെത്തുന്നവരാണ് മുരീദുമാര്‍. ശൈഖും മുരീദൂം തമ്മിലുള്ള ആത്മബന്ധം അഗാധമാണ്. മുരീദിന്റെ സര്‍വ്വനിയന്ത്രണങ്ങളും ശൈഖിലാണെന്നതിന് ചിലര്‍ പറഞ്ഞുവച്ചത് 'കുളിപ്പിക്കുന്നവന്റെ മുമ്പില്‍ കിടക്കുന്ന മയ്യിത്തിന് സമാനമാണ് ശൈഖിന്റെ മുമ്പില്‍ മുരീദിന്റെ അവസ്ഥ' എന്നത്രേ.

എന്നാല്‍ അല്ലാഹു, അന്തിമദൂതന്‍ മുഖേന പഠിപ്പിച്ച ഇസ്‌ലാം എന്ന ജീവിത സരണിയെ സങ്കീര്‍ണവും പുരോഹിതപ്രഹനവുമായ ഒരു ആശയമാക്കിമാറ്റുകയാണ് ത്വരീഖത്തുകള്‍ ചെയ്തത്.

 

Feedback