Skip to main content

ശൈഖ്-മുരീദ് ബന്ധം

ശൈഖാണ് ത്വരീഖത്തിന്റെ കേന്ദ്ര ബിന്ദു. ത്വരീഖത്തിന്റെ തലവനാണിദ്ദേഹം. മറ്റൊരു ശൈഖില്‍ നിന്നാണ് പുതിയ ശൈഖിന് ഇജാസത്ത് (അനുമതിപത്രം) ലഭിക്കുക. ശൈഖായി വാഴിക്കുമ്പോള്‍ പ്രത്യേക സ്ഥാനവസ്ത്രവും (ഖിര്‍ഖ) അണിയിക്കും

ഏതൊരു ശൈഖിന്റെയും അവസാന കണ്ണി നബി(സ്വ)യിലാണെത്തുകയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത് ശീഈ വിഭാഗത്തിലെ ഇസ്‌നാ അശരിയ്യയുടെ പന്ത്രണ്ട് ഇമാമുകളിലൂടെയും കടന്നുപോയി അലി(റ)യിലും പിന്നീട് നബി(സ്വ)യിലുമെത്തുന്നുവെന്ന് ഒരു വിഭാഗം ശിയാക്കള്‍ പറയുന്നു. നബി(സ്വ) അലി(റ)ക്ക് നല്‍കിയ ഇജാസത്താണത്രെ അലി(റ)യില്‍ നിന്ന് പിന്‍മുറക്കാരായ ശൈഖുമാരും കൈമാറി വരുന്നത്.

ശൈഖിനെ തേടിയെത്തുന്നവരാണ് മുരീദുമാര്‍. ഇവര്‍ക്കിടയില്‍ ശക്തമായ ആത്മബന്ധമാണ് നിലനില്‍ക്കുക. ശൈഖിന്റെ മുമ്പില്‍ മുരീദ്, കുളിപ്പിക്കുന്നവന്റെ മുമ്പിലെ മയ്യിത്തു പോലെയാണെന്നാണ് സ്വൂഫീ വിശ്വാസം. ചില ത്വരീഖത്തുകളില്‍, ബൈഅത്തിലൂടെയാണ് ശൈഖ് ഈ ആധിപത്യം നേടുന്നത്.

മുരീദിന്റെ ആത്മാവിനെ കഴുകിയെടുക്കുന്നവനാണത്രെ ശൈഖ്. അതുകൊണ്ടു തന്നെ മുരീദ് ശൈഖിന് ബൈഅത്ത് ചെയ്യണം. ബൈഅത്തോടെ ശൈഖ് മഖ്ദൂമായി. അഥവാ സേവിക്കപ്പെടേണ്ടവന്‍. മുരീദ് സേവകനും.

ശൈഖില്‍ പ്രത്യക്ഷമായ തെറ്റുകള്‍ കണ്ടാല്‍ പോലും ചോദ്യം ചെയ്യാന്‍ മുരീദിന് അനുവാദമില്ലത്രെ. അത് അനുസരണക്കേടാണ്. ചില ത്വരീഖത്തുകളില്‍ മുരീദ് ശൈഖിനു മുന്നില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറയണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ക്രൈസ്തവ മതത്തിലെ കുമ്പസാരം പോലെ. ശൈഖിന് ദൈവിക പദവി പോലും കല്്പിച്ചു കൊടുക്കുന്ന ത്വരീഖത്തുമുണ്ട്.  ബായസീദ് എന്ന ശൈഖിനെ അല്ലാഹുവിന് തുല്യനാക്കിയിരുന്ന മുരീദുമാരെക്കുറിച്ച് ജലാലുദ്ദീന്‍ റൂമിയുടെ പുത്രന്‍ സുല്‍ത്താനുല്‍ ഔലിയ വലിദ് ബഹാഉദ്ദീന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം ശൈഖുമാര്‍ വ്യാജ ത്വരീഖത്തിന്റെ ഭാഗമാണെന്നാണ് സ്വൂഫിസത്തെയും ത്വരീഖത്തിനെയും ന്യായികരിക്കുന്നവരുടെ വാദം.

മുസ്‌ലിം ലോകം പൊതുവില്‍ തള്ളിക്കളഞ്ഞ വിശ്വാസമാണ് ത്വരീഖത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. ശൈഖുമാരുടെ മതനിരാസവും അത്ഭുത പ്രകടനങ്ങളും ജനങ്ങളെ വഞ്ചിതരാക്കാന്‍ വേണ്ടി മാത്രമാണെന്ന് പല മഹാന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

'അമാനുഷികവും അസാധാരണവുമായ വിധത്തില്‍ ഒരു വ്യക്തി വായു മണ്ഡലത്തിലൂടെ പറവകളെപ്പോലെ പറന്നാലും അയാള്‍ക്കു നിങ്ങള്‍ സ്ഥാനവും മതിപ്പും കല്്പിക്കരുത്. അയാള്‍ ശരീഅത്തിന്റെ നിയമങ്ങളും ശാസനകളും യഥാവിധി പാലിക്കുന്നുവെന്ന ഉറച്ച വിശ്വാസം നിങ്ങള്‍ക്കുണ്ടാകുന്നതുവരെ' (രിസാലത്തല്‍ ഖുശൈരി ).


 


 

Feedback