Skip to main content

മീര്‍സാ ഗുലാം അഹ്മദിന്റെ വാദങ്ങള്‍

ഘട്ടം ഘട്ടമായാണ് മീര്‍സാ ഗുലാം അഹ്മദ് പ്രവാചകത്വ വാദം ഉന്നയിച്ചത്. വിശുദ്ധ ഖുര്‍ആനും ഹദീസുകളും അംഗീകരിച്ചതോടൊപ്പം തന്റെ അന്ത്യപ്രവാചകത്വമുള്‍പ്പടെയുള്ളവ സ്ഥിരീകരിക്കാനായി അവ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു.

''മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല; മറിച്ച് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെയാളുമാകുന്നു'' (അഹ്‌സാബ് 40) എന്ന സൂക്തത്തിലെ പ്രവാചകന്മാരില്‍ അവസാനത്തെയാള്‍ (ഖാതമുന്നബിയ്യീന്‍) എന്നതിന് 'പ്രവാചകന്മാരുടെ മുദ്ര' എന്ന് അര്‍ഥം നല്‍കുകയായിരുന്നു. ''എനിക്കുശേഷം നബി വരില്ല' എന്ന നബി വചനത്തെ വ്യാഖ്യാനിച്ചത്, 'അന്യസമുദായങ്ങളില്‍ നിന്നും നബിമാര്‍ വരില്ല' എന്ന രൂപത്തിലാണ്.

ക്രൈസ്തവരുടെ മിശിഹായും, ഹൈന്ദവരുടെ കൃഷ്ണാവതാരവുമാണ് താനെന്നും എന്നില്‍ വിശ്വസിക്കാത്തവര്‍ നരകവാസികളാണെന്നും സിയാല്‍ കോട്ടിലെ തന്റെ പ്രഭാഷണത്തില്‍ ഗുലാം അഹ്മദ് പറഞ്ഞിരുന്നു.

ഗുലാം അഹ്മദിന്റെ അനുയായികളും ഈ പ്രവാചകത്വ വാദ സ്ഥിരീകരണത്തിനായി പലതും ഉന്നയിച്ചു. ഈസാനബി(അ)യുടെ ആകാശാരോഹണമാണ് 'വാഗ്ദത്ത മസീഹ്' അവകാശവാദത്തിന് പ്രധാന തടസ്സം. അതിനാല്‍ ഈസാനബി(അ) മരിച്ചതായി ഇവര്‍ പറഞ്ഞു. കുരിശിലേറ്റപ്പെട്ട ക്രിസ്തു അതില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയും കാശ്മീരില്‍ വച്ച് മരിക്കുകയുമാണുണ്ടായതെന്നുമാണ് ഇവര്‍ വിശദീകരിച്ചത്.

ജിഹാദിനെ ദുര്‍ബലപ്പെടുത്തിയെന്നും ഗുലാം അഹ്മദ് പ്രഖ്യാപിച്ചു. ജിഹാദിന്റെ പേരില്‍ ആരെയെങ്കിലും വധിക്കുന്നവന്‍ കാഫിറാണെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യഭിചാരം ആരു നടത്തിയാലും ശിക്ഷ നൂറടിയാണ്, എറിഞ്ഞുകൊല്ലല്‍ ശിക്ഷയില്ല, എന്നിങ്ങനെയുള്ള തന്റേതായ മത നിയമങ്ങളും ഇദ്ദേഹം പഠിപ്പിച്ചു.

1908ലാണ് ഗുലാം അഹ്മദ് മരിച്ചത്. ഏറ്റവും അടുത്ത അനുയായി ഹകീം നൂറുദ്ദീനാണ് ഒന്നാം ഖലീഫയായി സ്ഥാനമേറ്റത്. രണ്ടാമത്തെ ഖലീഫയാണ് അഹ്മദിന്റെ മകന്‍ മീര്‍സ ബശീറുദ്ദീന്‍.  ഇന്നും ലണ്ടന്‍ ആസ്ഥാനമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളിലും, പാക്കിസ്താനിലും, അമേരിക്കയിലും, കേരളമുള്‍പ്പെടെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും അഹ്മദികളുണ്ട്. പാക്കിസ്താനില്‍ ഇവരെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മക്ക റാബിത്വത്തില്‍ ആലമില്‍ ഇസ്‌ലാമി 1974 ഏപ്രില്‍ 10ന് ഖാദിയാനിസത്തെ മുസലിം വിരുദ്ധ പ്രസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.


 

Feedback