Skip to main content

തബ്‌ലീഗ് ജമാഅത്ത്: ലക്ഷ്യം, പ്രവര്‍ത്തനം

'മുസ്‌ലിംകളെ യഥാര്‍ഥ മുസ്‌ലിംകളാക്കുക, ഇതര മതസ്ഥരിലേക്ക് ഇസ്‌ലാമിക സന്ദേശമെത്തിക്കുക' ഇതാണ് തബ്‌ലീഗ് ജമാഅത്തിന്റെ അടിസ്ഥാന ലക്ഷ്യം. പ്രബോധനം നന്മയിലേക്ക് ക്ഷണിക്കലും തിന്മ വിരോധിക്കലുമാണ്. വിശ്വാസിയുടെ ഈ കടമയെ ഖുര്‍ആന്‍ വരച്ചിടുന്നതിങ്ങനെ.

''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സദ്കര്‍മം പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണ് എന്ന് പറയുകയും ചെയ്യുന്നവനെക്കാള്‍ വിശിഷ്ടമായ വാക്കു പറയുന്ന മറ്റാരുണ്ട് '' (സൂറ, ഫുസ്സിലത്ത് : 33).

''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന സമുദായം നിങ്ങളില്‍ നിന്നുണ്ടാവട്ടെ. അവരാണ് വിജയികള്‍'' (സൂറ. ആലിംഇംറാന്‍ : 104).

ഈ ദൗത്യമാണ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് തബ്‌ലീഗ് ജമാഅത്തുകാര്‍ പറയുന്നു. തിരുദൂതരുടെയും അനുചരുടെയും മാതൃക സ്വീകരിച്ച,് മനുഷ്യരെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുകയെന്ന 'തബ്‌ലീഗ്' പ്രവര്‍ത്തനത്തിന് ആറ് അടിസ്ഥാന തത്ത്വങ്ങള്‍ മുഹമ്മദ് ഇല്‍യാസ് നിശ്ചയിച്ചിട്ടുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം. 

1) അല്ലാഹു അല്ലാതെ ദൈവമില്ലെന്നും മുഹമ്മദ്(സ്വ) അവന്റെ സന്ദേശവാഹകനുമാണെന്നുമുള്ള വിശ്വാസ പ്രഖ്യാപനം (കലിമ).

2) ഭൗതിക ലോകത്തെ സര്‍വ മ്ലേഛതകളില്‍ നിന്നും അകറ്റുന്ന, ആത്മീയ സായൂജ്യവും ഭക്തിയും ഊട്ടിയുറപ്പിക്കുന്ന അഞ്ചുനേരത്തെ ദൈനംദിന പ്രാര്‍ഥന (സ്വലാത്ത്).

3) ഖുര്‍ആനും നബിവാക്യങ്ങളും സ്വഹാബികളുടെ ചരിത്രവും ഉത്കൃഷ്ടകര്‍മങ്ങളും വിശദീകരിക്കുന്ന, വിജ്ഞാനവും ദൈവസ്മരണയുമുണര്‍ത്തുന്ന സംഗമം (ഇല്‍മും ദിക്‌റും).

4) മറ്റുള്ളവരെ ആദരവോടെയും വ്യത്യസ്തമായും സ്വീകരിക്കാനുള്ള സന്നദ്ധത (ഇക്‌റാമേ മുസ്‌ലിം).

5) പ്രവര്‍ത്തനങ്ങളുടെ അന്തസ്സത്ത ദൈവഭക്തിയും ആത്മസംസ്‌കരണവുമാകണം. അപ്പോള്‍ മാത്രമേ ആത്മാര്‍ഥത കൈവരികയുള്ളൂ (ഇഖ്‌ലാസേ നിയ്യത്ത്).

6) ഉള്‍കൊണ്ട ഉന്നതമായ വിശ്വാസം മറ്റുള്ളവര്‍ക്കെത്തിക്കുക, അവരെ അതിലേക്ക് ക്ഷണിക്കുക (ദഅ്‌വത്ത് ഓര്‍ തബ്‌ലീഗ്).

തബ്‌ലീഗ് ജമാഅത്തിനെ, ഇതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കുറെ കാര്യങ്ങളുണ്ട്. ഇതിന് ഇതര സംഘടനകളെപ്പോലുള്ള സംഘടനാ ചട്ടക്കൂടോ നിശ്ചിത ഭാരവാഹികളോ  ഉണ്ടാകില്ല. അംഗത്വവിതരണം, ഫണ്ട് ശേഖരണം, മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കല്‍, തര്‍ക്കങ്ങളില്‍ ഇടപെടല്‍ തുടങ്ങിയവയൊന്നും തബ്‌ലീഗ് ജമാഅത്തിനില്ല. ഓരോ സംഘത്തിനും ഓരോ നേതാവ് (അമീര്‍) ഉണ്ടാവും.


 

Feedback