Skip to main content

സ്വൂഫിസം (2)

തിരുനബി(സ്വ) നന്മ നിറഞ്ഞതായി വിശേഷിപ്പിച്ച മൂന്നു നൂറ്റാണ്ടുകളുടെ അവസാന പാദം. അബ്ബാസീ ഭരണം നാട്ടില്‍ നിലനില്‍ക്കുന്ന കാലം. വിജ്ഞാനങ്ങളുടെ നിറകുടങ്ങളായ പണ്ഡിതവരേണ്യരുടെ സാന്നിധ്യം നിറഞ്ഞു നിന്ന ബഗ്ദാദും കൂഫയും ബസ്വറയും ഫുസ്ത്വാതും.

ഇങ്ങനെയൊക്കെയാണെങ്കിലും മത ധാര്‍മിക മേഖലകളുടെ സ്ഥിതി അക്കാലത്ത് ഏറെ ആശ്വാസകരമായിരുന്നില്ല. അനാചാരങ്ങളും അഴിമതിയും നിറഞ്ഞ സാമൂഹികാവസ്ഥ. ഭരണാധികാരികളില്‍ നിന്ന് പദവിയും സൗജന്യങ്ങളും കാത്ത് കൊട്ടാരങ്ങളില്‍ കഴിയുന്ന പണ്ഡിതര്‍ പ്രമാണങ്ങളെ തങ്ങളിഛിക്കും വിധം അവര്‍ വ്യാഖ്യാനിച്ചു. ഭക്തിയും വിരക്തിയും മറന്ന് അവര്‍ കൊട്ടാരങ്ങളില്‍ അലഞ്ഞു.

ഈ വേളയില്‍ സ്വഹാബികളില്‍ നിന്ന് മതം പഠിച്ച ചില നന്‍മേച്ഛുക്കള്‍ മാത്രം ഇസ്ലാമിന്റെ വെളിച്ചം പരത്തി നിന്നു. അവര്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് അകലം പാലിച്ചു. ഭരണ വിവാദങ്ങളില്‍ പക്ഷം പിടിച്ചില്ല. ആര്‍ക്കും ഫത്‌വ കൊടുക്കാനും പോയില്ല. ആഡംബരം വിട്ട് മിതത്വവും ഭക്തിയും  വിരക്തിയും സ്വീകരിച്ചു. കണ്ണീരും പ്രാര്‍ഥനയുമായി അവര്‍ ഒഴിഞ്ഞിരുന്നു. ഖുര്‍ആനും ആരാധനകളും അവരുടെ സാന്ത്വനങ്ങളായി. മതനിയമങ്ങള്‍ കൃത്യമായി പാലിച്ചു.

ഈ പണ്ഡിതരില്‍ നിന്ന് മതപാഠങ്ങള്‍ ഗ്രഹിക്കാന്‍ വിശ്വാസികള്‍ വന്നു തുടങ്ങി. അവര്‍ക്കായി പള്ളികളില്‍ സദസ്സുകളൊരുങ്ങി. കഥകളിലൂടെ, സരസമായി അവര്‍ വിജ്ഞാന ദാഹികള്‍ക്ക് മതം പകര്‍ന്നു നല്‍കി. ഇവരില്‍ പ്രമുഖനായിരുന്നു താബിഈ പണ്ഡിതനായ ഹസനുല്‍ബസ്വരി(റ).

എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോകവെ പള്ളികളില്‍ നിന്ന് പുറത്തിറങ്ങിയ പണ്ഡിതര്‍ ആശ്രമങ്ങളും മഠങ്ങളും പണിതു. അവിടെയായി മജ്‌ലിസുകള്‍. പണ്ഡിതന്‍മാര്‍ തങ്ങളുടെ ശൈലികള്‍ മാറ്റി. വിരക്തി കൂടി. ഭൗതികാര്യങ്ങള്‍ പാടേ മറക്കുകയും ചെയ്തു. ആരാധനമുറകളും മാറി. മതം പഠിപ്പിച്ചതിനപ്പുറം വിരക്തി കൂട്ടാന്‍ ശരീരത്തെ പീഡിപ്പിക്കുന്ന പുതിയ തരം മുറകള്‍ വന്നു. ദൈവത്തെ ഭയപ്പെടുന്നതിനുപകരം അതിരു കവിഞ്ഞൊരു തരം സ്‌നേഹം അവനോടു പ്രകടിപ്പിച്ചു. ചിലര്‍ ദൈവത്തിന്റെ അടുത്ത ആളായി! അപൂര്‍വം ചില ശൈഖുമാര്‍ 'പടച്ചവന്‍' തന്നെയായി ചമഞ്ഞു. റാബിഅതുല്‍ അദവിയ്യ, ബായസീദുല്‍ ബിസ്ത്വാമി പോലുള്ള പണ്ഡിതന്മാരും പണ്ഡിതകളും ദൈവതുല്യരായി ഗണിക്കപ്പെടാന്‍ പോലും തുടങ്ങി. ഇത്തരക്കാര്‍ക്കു മതനിയമങ്ങള്‍ പാലിക്കേണ്ടതില്ലെന്നുപോലും ധരിച്ചുവശായി.

ഇങ്ങനെയാണ് ഇസ്‌ലാമില്‍ പുതിയൊരു പ്രസ്ഥാനം ഉടലെടുത്തത്. സൂഫിസം!

 

Feedback