Skip to main content

റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, ഫറോക്ക് (2)

കാലത്തിന്റെ ആവശ്യം നിര്‍വഹിക്കുവാനും ലോകത്തെങ്ങും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനവളര്‍ച്ചയുമായി താദാത്മ്യം പ്രാപിക്കുവാനും പര്യാപ്തമായ ഒരു വിദ്യഭ്യാസസ്ഥാപനം എന്ന ആഗ്രഹത്തിലാണ് മൗലാനാ അബുസ്സബാഹ് മൗലവി 1942 ല്‍ റൗദത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിക്കുന്നത്. മഞ്ചേരിക്കടുത്ത ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിയുടെ വസതിയിലായിരുന്നു അറബിക്കോളേജിന്റെ ആരംഭം. കേരളത്തിലെ ആദ്യത്തെ അറബിക്കോളേജാണിത്.

അറബി, ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആധികാരികമായ പഠനത്തിന് കേരളത്തില്‍ അവസരമില്ലാതിരുന്ന കാലത്താണ് റൗദത്തുല്‍ ഉലൂം സ്ഥാപിതമായത് എന്നതിനാല്‍ തന്നെ കേരളത്തിന്റെ വിദ്യഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് ഇതു തുടക്കം കുറിച്ചു. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം സര്‍വ്വകലാശാലയായ അല്‍ അസ്ഹറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അബുസ്സബാഹ് മൗലവി റൗദത്തുല്‍ ഉലൂം ആരംഭിക്കുവാന്‍ താത്വികമായി അവലംബിച്ചിരുന്നത് അല്‍ അസ്ഹറിന്റെ രീതികളായിരുന്നു.

കൂടുതല്‍ വിശാലമായ കെട്ടിട സൗകര്യവും ഗതാഗത സൗകര്യവും ലഭിക്കുവാന്‍ കോളേജ് 1948 ല്‍ കോഴിക്കോടിനടുത്ത ഫറോക്കിലേക്ക് മാറ്റപ്പെട്ടു. കേരളത്തില്‍ ആദ്യമായി അറബിക്കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചത് 1984 ല്‍ റൗദത്തുല്‍ ഉലൂമിലാണ്. മുതഖസ്സിസുല്‍ ആദാബ് എന്ന പേരിലായിരുന്നു ഇത്. 

മുസ്‌ലിം സമുദായത്തിലെ നവോത്ഥാന ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ താല്‍പര്യം കാണിച്ച പലരും കോളേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടാന്‍ തുടങ്ങി. ഈ കൂട്ടായ്മയാണ് റൗദത്തുല്‍ ഉലൂം അസോസിയേഷന് ജീവന്‍ നല്‍കിയത്. 1946 ല്‍ ആദ്യ മാനേജിംഗ് കമിറ്റി രൂപീകരിച്ചു. അതേവര്‍ഷം തന്നെ അസോസിയേഷന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ന് റൗദത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ പത്തിലധികം സ്ഥാഥപനങ്ങളുണ്ട്.

അഞ്ചു വര്‍ഷത്തെ അഫ്ദലുല്‍ ഉലമാ കോഴ്‌സും രണ്ടു വര്‍ഷത്തെ പി.ജി കോഴ്‌സുമാണ് കോളേജിലുണ്ടായിരുന്നത്. എന്നാല്‍ 1990 ല്‍ ഇഗ്ലീഷ് ഉള്‍പ്പെടുത്തി കോഴ്‌സ് പരിഷ്‌കരിക്കുകയും ബി.എ കോഴ്‌സായി അംഗീകരിക്കപ്പെടുകയും ചെയ്തു. 2014 ല്‍ ബി.എ ഫംഗ്ഷണല്‍ അറബിക് കോഴ്‌സും 2015 ല്‍ ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ് കോഴ്‌സും ആരംഭിച്ചു. പുറമെ കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സും പഠിക്കാനുള്ള അവസരവുമുണ്ട്.

2008 ല്‍ കോളേജിന് യു.ജി.സി യുടെ അംഗീകാരവും 2013 ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ പദവിയും ലഭിച്ചിട്ടുണ്ട്.

കേരള മുസ്‌ലിം പുരോഗതിയില്‍ അനുപമമായ പങ്കു വഹിക്കാനും വിദ്യഭ്യാസ സംസ്‌കാരിക രംഗത്ത് മുദ്ര പതിപ്പിക്കാനും റൗദത്തുല്‍ ഉലൂമിന്റെ സന്തതികള്‍ക്ക് സാധിച്ചു. സി.പി അബൂബക്കര്‍ മൗലവി, പി. മുഹമ്മദ് കുട്ടശ്ശേരി, എ.പി.അബ്ദുല്‍ ഖാദര്‍ മൗലവി, എ.അബ്ദുല്‍ ഹമീദ് മദീനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഹുസൈന്‍ മടവൂര്‍, തുടങ്ങിയവര്‍ ഇതിന് ഉദാഹരണങ്ങളാണ്.

വിലാസം:
റൗദത്തുല്‍ ഉലൂം അറബിക് കോളേജ്
ഫറോക്ക് കോളേജ് പി.ഒ
കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ.
ഫോണ്‍: 0495 2440663
ഇ മെയില്‍: ruacollege@gmail.com
വെബ്‌സൈറ്റ്: www.ruacollege.in

മറ്റുപേജുകള്‍:
ഫാറൂഖ് കോളേജ്    അസോസിയേഷന്‍ സ്ഥാപനങ്ങള്‍

2

Feedback
  • Sunday Apr 28, 2024
  • Shawwal 19 1445