Skip to main content

യമന്‍ റിപ്പബ്ലിക്

43

വിസ്തീര്‍ണം : 528076 ച.കി.മി
ജനസംഖ്യ : 27,393,000 (2016)
അതിര്‍ത്തി : പടിഞ്ഞാറ് ചെങ്കടല്‍, തെക്ക് അറബിക്കടല്‍, വടക്ക് സുഊദി അറേബ്യ, കിഴക്ക് ഒമാന്‍
തലസ്ഥാനം : സന്‍ആ
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : യമന്‍ റിയാല്‍
വരുമാന സ്രോതസ്സ് : കൃഷിയും വ്യവസായവും
പ്രതിശീര്‍ഷ വരുമാനം : 1519 ഡോളര്‍

ചരിത്രം:
ശാദ്വലവും ഫലഭൂയിഷ്ഠവുമായ യമനിന്റെ ചരിത്രത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ട്. ബി.സി 1200 മുതല്‍ക്കാണ് അതാരംഭിക്കുന്നത്. തുര്‍ക്കികളുടെ കൈവശത്തില്‍ നിന്ന് ഉത്തര യമന്‍ 1918 നവംബര്‍ ഒന്നിനും ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്ന് ദക്ഷിണ യമന്‍ 1967 നവംബര്‍ 30നും സ്വാതന്ത്ര്യം നേടി. ഇരു യമനുകളുമായി പില്‍ക്കാലത്ത് യുദ്ധം നടന്നെങ്കിലും അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ 1990 മെയ് 22ന് ഏകീകൃത യമന്‍ (റിപ്പബ്ലിക് ഓഫ് യമന്‍) നിലവില്‍ വന്നു. സാമ്പത്തിക തലസ്ഥാനം ആദന്‍ ആയപ്പോള്‍ രാഷ്ടീയ തലസ്ഥാനം സന്‍ആയുമായി. പ്രഥമ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹും പ്രധാനമന്ത്രി അബ്ദുല്‍കരീം ഇര്‍യനിയുമാണ്. ഇസ്‌ലാമിക പാര്‍ട്ടിയായ അല്‍ ഇസ്ലാഹിനും ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്നു.

എന്നും പ്രതിസന്ധികളിലൂടെ മാത്രം കടന്നുപോയിരുന്ന യമനില്‍ ഇപ്പോഴും അത് തുടരുന്നു. ശിആ വിഭാഗത്തില്‍ പെടുന്ന ഹൂഥികള്‍ (അന്‍സാറുല്ലാഹ്) ഇറാന്റെ പിന്തുണയോടെഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സുഊദിയുടെപിന്തുണയോടെ യമന്‍ ഇതിനെ പ്രതിരോധിക്കുന്നുമുണ്ട്. ഐക്യ യമന്റെ ആദ്യ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്, അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ (2012) സ്ഥാനം നഷ്ടപ്പെട്ടു. 2015ല്‍ ഇദ്ദേഹം ഹൂഥികളുമായി സഖ്യം പ്രഖ്യാപിച്ച് ഭരണത്തിനെതിരെ യുദ്ധം ചെയ്തു. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് സ്ഥാനമൊഴിഞ്ഞ് നാടു വിടേണ്ടി വന്നു. എന്നാല്‍ 2017ല്‍ അബ്ദുല്ല സ്വാലിഹ് ഹൂഥ്വികളുമായി ചങ്ങാത്തം ഉപേക്ഷിക്കുകയും ശത്രുക്കളായ സുഊദി അറേബ്യ, യു എ ഇ എന്നിവയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനിടെ 2017ല്‍ ഇദ്ദേഹം കൊല്ലപ്പെട്ടു. ഇതോടെ ആഭ്യന്തരയുദ്ധം രൂക്ഷമാവുകയും പട്ടിണിയും ദാരിദ്യവും കൊണ്ടു കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയുമാണ് യമന്‍. മദീന ഉള്‍പ്പെടെ സുഊദി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂഥ്വി ശക്തികേന്ദ്രങ്ങളില്‍ നിന്നു വിടുന്ന മിസൈലുകള്‍ ആ രാജ്യത്തിന്റെയും ഉറക്കം കെടുത്തുന്നു.

കേരളത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാനെത്തിയ ഹള്‌റമികള്‍ യമനികളാണ്. 

ഇസ്‌ലാമിക ലോകത്തെ ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നാണ് യമന്‍. ഉത്തര യമന്‍ ഇസ്‌ലാമിക തത്വങ്ങള്‍ക്ക് പ്രമുഖ്യം നല്‍കിയിരുന്നെങ്കിലും ദക്ഷിണ യമന്‍ പൂര്‍ണമായും റഷ്യയുടെ വഴിയില്‍ കമ്യുണിസ്റ്റ് അനുകൂലമായിരുന്നു. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ചും പണ്ഡിതരെ തുറുങ്കിലടച്ചും ഒരുവേള കൊന്നും അവര്‍ ഇസ്‌ലാം വിരുദ്ധത പ്രകടിപ്പിച്ചു.

ഐക്യയമനില്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ഇവരില്‍ 65 ശതമാനം വരെ സുന്നികളും 35 മുതല്‍ 40 വരെ ശീആകളുമാണ്.
 

Feedback