Skip to main content

കുടുംബത്തിലെ ബാധ്യതകള്‍

കുടുംബത്തിന്റെ സുരക്ഷയിലും കെട്ടുറപ്പിലും സമാധാനത്തിലുമെല്ലാം പ്രധാന പങ്കാണ് സ്ത്രീക്കുള്ളത്. അധ്വാനവും അങ്ങാടിയും അരങ്ങും അധികാരവും എന്നതിനെക്കാള്‍ വീടാണവളുടെ കാര്യാലയം. മനുഷ്യചരിത്രത്തോളം പഴക്കമുള്ള ഈ വഴക്കത്തിന് പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ വ്യാവസായിക വിപ്ലവങ്ങള്‍ക്കു ശേഷമാണ് വ്യാപകമായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 


കുടുംബത്തിന്റെ മകളും പെങ്ങളും ഭാര്യയും മാതാവുമായി വിവിധ റോളുകളില്‍ മഹത്തായ ഉത്തരവാദിത്തം നിര്‍വഹിക്കുകയും വീടകങ്ങളെ സമാധാനസ്ഥാനങ്ങളാക്കുകയും ചെയ്തു വന്നതാണ് സ്ത്രീ ചരിത്രം. അവരില്‍ പ്രതിഭകള്‍കൊണ്ട് പ്രഭാപൂരം തെളിയിച്ച അപൂര്‍വം ചിലര്‍ ലോകചരിത്രത്തിന്റെ സാമൂഹിക ഭൂമികയില്‍ രാഷ്ട്രീയ നേതാക്കളായും സൈനിക നായകരായും വ്യാപാര പ്രധാനികളായും പണ്ഡിതകളും സാഹിത്യ സാംസ്‌കാരിക സാമൂഹിക പ്രമുഖരായും തിളങ്ങി നിന്നുവെന്നതും യാഥാര്‍ഥ്യമാണ്. പക്ഷേ, സര്‍വസാധാരണമായി അവളുടെ പ്രകൃതം കുടുംബത്തോടൊപ്പം തന്നെയായിരുന്നു. ഇതവളെ അടിമയാക്കലല്ല; അധികാരിയാക്കിയതാണ്. സുരക്ഷിതമായ സമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ട കുടുംബമെന്ന സ്ഥാപനത്തിന്റെ അമരത്തിരിക്കുന്നവന്റെ ബലമാണവള്‍.


മകള്‍ എന്ന നിലയില്‍ മകനോളം ബാധ്യതകളില്ലെങ്കിലും വിവാഹിതയാകുന്നതു വരെ മാതാപിതാക്കളോടുള്ള ബാധ്യത അവള്‍ക്കും സര്‍വപ്രധാനം തന്നെയാണ്. തന്റെ വൃദ്ധയായ മാതാവ് ഹജ്ജ് ബാധ്യതയായിരിക്കെ മരണപ്പെട്ടിരിക്കുന്നു, താന്‍  അത് നിര്‍വഹിച്ചു വീട്ടേണ്ടതുണ്ടോ എന്നു ചോദിച്ച സ്ത്രീയോട്, അതേ എന്നു റസൂല്‍ പ്രതികരിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. 


ഭാര്യ എന്നു ഇസ്‌ലാം സംബോധന ചെയ്യുന്നില്ല. ഭാര്യയ്ക്കും ഭര്‍ത്താവിന്നും സൗജ് എന്നാണ് ഇസ്‌ലാമിലെ പ്രയോഗം. അവള്‍ക്ക് കുടുംബത്തിലെ തുല്യപദവി വാഗ്ദാനം ചെയ്യുന്നതാണ് ഇതെല്ലാം. ഭര്‍ത്താവിന്റെ വീട്ടിലെ അധികാരിയെന്നാണ് അവളെ റസൂല്‍(സ്വ) വിശേഷിപ്പിക്കുന്നത്. ഈ സ്ഥാനം നല്കുന്ന ബാധ്യതയും വലുതാണ്. കുടുംബത്തിന്റെ സമാധാനം ഭാര്യയിലാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു(30:21). ഇതുതന്നെയാണ് കുടുംബത്തിലെ അവളുടെ വലിയ ഉത്തരവാദിത്തവും. താന്‍ കയറിവന്ന വീട്ടിലെ അംഗങ്ങള്‍ക്കിടയിലും താന്‍ സൃഷ്ടിക്കുന്ന പുതിയ കുടുംബത്തിലെ അംഗങ്ങളായ ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയവര്‍ക്കിടയിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും രാസത്വരകമായി നില്‍ക്കാന്‍ അവള്‍ക്ക് ബാധ്യതയുണ്ട്. പടച്ചവന്‍ അവള്‍ക്ക് ആ കഴിവു നല്കിയിട്ടുമുണ്ട്. ഇസ്‌ലാമിന്റെ കുടുംബ വ്യവസ്ഥയില്‍ പുരുഷനാണ് നായകന്‍. മാനസികവും ശാരീരികവുമായ കരുത്തും കുടുംബച്ചെലവിന്റെ ഭാരവും സ്രഷ്ടാവ് നല്കിയ മറ്റുചില സവിശേഷതകളുമാണ് അവനെ ആ പദവിക്കര്‍ഹനാക്കിയത് (4:34). 


ഭര്‍ത്താവിനെ അനുസരിക്കുകയും ഏറ്റവും മാന്യമായി അദ്ദേഹത്തോട് സഹവസിക്കുകയും ചെയ്യേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണ്(2:228). അത് ഭൃത്യപ്പണിയല്ല,  തന്നെ സംരക്ഷിക്കുന്നവന്ന് നല്കുന്ന സ്‌നേഹത്തിന്റെ പ്രതിശുശ്രൂഷയാണ്. വീട്ടുജോലി അവളുടെ ബാധ്യതയായി നിര്‍ബന്ധിച്ചിട്ടില്ല. അതില്‍ അവളെ സഹായിക്കേണ്ടത് പുരുഷന്റെയും കടമയാണ്. ഉത്തമ ഭര്‍ത്താവായ മുഹമ്മദ് നബി(സ്വ) അത് പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും ഇസ്‌ലാം മാതൃകയായി വിശേഷിപ്പിച്ച വിശ്വാസിനികള്‍ ഈ രംഗം സ്വയം ഏറ്റെടുത്തവരായിരുന്നു എന്നു കാണാം. റസൂലിന്റെ പ്രിയ മകളും അലി(റ)വിന്റെ സ്‌നേഹപ്പാതിയുമായിരുന്ന ഫാതിമ(റ) വീട്ടുജോലിചെയ്ത് മുറിഞ്ഞ കൈകളുമായി ജീവിച്ചവളാണ്. ഉപ്പയുടെ വ്യാപാരത്തോടൊപ്പം സമൃദ്ധിയില്‍ വളര്‍ന്നു വന്ന അസ്മാഅ് ബിന്‍ത് അബീബകറിന്(റ) ലഭിച്ച വരന്‍ ഒരു യുദ്ധക്കുതിരയല്ലാതെ മറ്റൊന്നും വരുമാനമില്ലാത്ത സുബൈറുബ്‌നു അവ്വാ(റ)മായിരുന്നു. ആ യോദ്ധാവിന്റെ കുതിരക്കുള്ള തീറ്റ സംഘടിപ്പിക്കുന്നതു മുതല്‍ മുഴുവന്‍ ജോലികളും ഏറ്റെടുത്തതാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ അവരുടെ മഹത്വങ്ങളിലൊന്ന്. ഭര്‍ത്താവിന്റെ കൂടെ നടന്ന് അദ്ദേഹത്തിന്റെ 'ഉടമ'യാകാന്‍ കഴിഞ്ഞതാണ് ഹാജറിന്നും(റ) ഖദീജ(റ)യ്ക്കും ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്. ഭര്‍ത്താവിന്റെ തൃപ്തി നേടി മരിക്കാന്‍ കഴിയുന്നത് സ്വര്‍ഗലബ്ധിയാണെന്ന് നബി(സ്വ) സന്തോഷവാര്‍ത്ത അറിയിക്കുന്നത് ബാധ്യതയുടെ ഭാരം ബോധ്യപ്പെടുത്താനാണ്.


വീടിന്റെ ധാര്‍മിക സുരക്ഷയും സ്ത്രീകളിലാണ് ഇസ്‌ലാം ഏല്പിച്ചത്. മനുഷ്യപദവികളില്‍ ഏറ്റവും മഹോന്നതമാണ് മാതൃത്വം. ഏറ്റവും വലിയ ബാധ്യതയും അതു തന്നെയാണ്. ഒരു മനുഷ്യന്ന് സ്രഷ്ടാവിനോടുള്ള കടപ്പാടിന്നു ശേഷമുള്ളത് മാതാവിനോടാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്, മാതാവിന്റെ ബാധ്യത ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. ഗര്‍ഭധാരണം മുതല്‍ പ്രസവവും മുലയൂട്ടലും ശൈശവ ബാല്യപരിചരണവും വരെയുള്ള നീണ്ട വര്‍ഷങ്ങളില്‍ യഥാസമയം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടത് മാതാക്കളുടെ ചുമതലയാണ്. ''മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്''(2:233). വിവാഹബന്ധം വേര്‍പിരിഞ്ഞാല്‍ പോലും കുട്ടികളുടെ പിതാവില്‍ നിന്ന് ചെലവുവാങ്ങി അവരുടെ സംരക്ഷണം നിര്‍വഹിക്കേണ്ടത് അവള്‍ക്ക് നിര്‍ബന്ധമാണ്. ''മുലകൊടുക്കുന്ന മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു ''(2:233). 

Feedback