Skip to main content

സാമൂഹികമായ ബാധ്യതകള്‍

ഇസ്‌ലാം മനുഷ്യന്റെ സാമൂഹികതയെ അംഗീകരിക്കുന്നു. വ്യക്തിയെപ്പോലെ സമൂഹത്തിനും പ്രാധാന്യം നല്കുന്നു. നന്മകളില്‍ പരസ്പരം ഉപദേശിച്ചും സഹകരിച്ചും തിന്മകളെ പരസ്പരം തടഞ്ഞും വിരോധിച്ചും ജീവിക്കേണ്ടവരാണ് ഓരോ മനുഷ്യനും. പൊതുസമൂഹത്തിനു പുറമെ മുസ്‌ലിം സമൂഹം എന്ന മറ്റൊരു മാനദണ്ഡത്തിലും മനുഷ്യന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെ ഇസ്‌ലാം ഊട്ടിഉറപ്പിക്കുന്നു. ഒരു ശരീരം പോലെയാണവര്‍. ഒരംഗത്തിന് വേദനവന്നാല്‍ മൊത്തം വേദനിക്കുന്ന ശരീരം. ഒരു കെട്ടിടം പോലെ. അതിന്റെ ഓരോ കല്ലും തൂണും മൂലകളും പരസ്പരം ചേര്‍ന്ന് ബലവത്തായിത്തീരുന്നു. 


'നിങ്ങളെല്ലാവരും പ്രജകളെക്കുറിച്ച് ചോദിക്കപ്പെടുന്ന ഭരണാധികാരികളാണ്' എന്നാണ് നബി(സ്വ)യുടെ ഓര്‍മപ്പെടുത്തല്‍. മാനസികവും ശാരീരികവുമായ നൈസര്‍ഗിക സവിശേഷതകളാല്‍ ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ മേല്‍പറഞ്ഞ സാമൂഹിക ബാധ്യതകളിലൊന്നും സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകളില്ല.  സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ പുരുഷനെപ്പോലെ ബാധ്യതകളും കടപ്പാടുകളുമുള്ളവളാണ് സ്ത്രീ. സാമൂഹിക ബാധ്യതകളില്‍ ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാകേണ്ടത് ഇരുവിഭാങ്ങള്‍ക്കും നിര്‍ബന്ധമാണ്. പ്രവാചകന്‍(സ്വ)യുടെ കുടുംബാംഗങ്ങളും അനുചരന്മാരുമായ സ്ത്രീകള്‍  ഇതിന്ന് മാതൃകകളാണ്. 


ഇസ്‌ലാം ആവശ്യപ്പെടാതിരുന്നിട്ടും ബഹുദൈവവിശ്വാസിനിയായ മാതാവിനോട് അടുക്കുന്നതു പോലും റസൂലിനോട് ചോദിച്ചിട്ടു മതി എന്ന് അസ്മാഅ്(റ) തീരുമാനിക്കുന്നതും, ആദര്‍ശ ശത്രുവായ പിതാവിന് റസൂലിന്റെ വിരിപ്പിലിരിക്കാന്‍ അര്‍ഹതയില്ലെന്ന് പറയാന്‍ ഉമ്മുഹബീബ (റ)യെ പ്രേരിപ്പിച്ചതും ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ്. ഇതാണ് നന്മകല്പിക്കുക, തിന്മ തടയുക എന്ന ഇസ്‌ലാമിക പ്രബോധനത്തിന്റെ ആശയം (9:71). ഇതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ചെറുതല്ല. അര്‍വ ബിന്‍ത് അബ്ദുല്‍മുത്തലിബും ഉമ്മുശുറൈഖുല്‍ ഖുറശിയ്യയും മക്കാ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ രഹസ്യമായ ഇസ്‌ലാമിക പ്രബോധനത്തിനും അതുവഴിയുള്ള പീഡനങ്ങള്‍ സഹിക്കാനും തയ്യാറായി. ഉമറെന്ന ഭരണാധികാരിയെ വഴിയില്‍ പിടിച്ചു നിര്‍ത്തി ഉപദേശങ്ങളും താക്കീതുകളും നല്കാന്‍ ഖൗല(റ)ക്ക് സാധിച്ചതും ഈ ബാധ്യതാബോധം കൊണ്ടാണ്. സ്ത്രീകള്‍ക്ക് ഇസ്‌ലാമിക കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയും അനുഷ്ഠിക്കാന്‍ സജ്ജരാക്കുകയും ചെയ്യാന്‍ നബി(സ്വ) സ്ത്രീകളെ ചുമതലപ്പെടുത്തി. മണവാട്ടിക്ക് മൈലാഞ്ചിയിടുന്നവളെത്തന്നെ മയ്യിത്തിന് വസ്ത്രമണിയിക്കാനും പ്രേരിപ്പിച്ചു.


യുദ്ധരംഗങ്ങളില്‍ പോലും നിര്‍ബന്ധമല്ലാതിരുന്നിട്ടും സാന്ദര്‍ഭികമായി അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു നിര്‍വഹിച്ചു. താന്‍ മനസ്സിലാക്കിയ സത്യത്തിനായി സമരമുഖത്തിറങ്ങിയ ആഇശ(റ)യും പടയാളികള്‍ക്ക് ആവേശം വിതറിയും ആയുധങ്ങളും ഭക്ഷണങ്ങളുമൊരുക്കിയും മുറിവേറ്റവരെ പരിചരിച്ചും കോട്ടകള്‍ക്ക് കാവലിരുന്നും അവശ്യഘട്ടങ്ങളില്‍ ആയുധമേന്തിയും സമുരമുഖങ്ങളിലെ നിറസാന്നിധ്യങ്ങളായ ഉമ്മു അമ്മാറ, ഉമ്മുര്‍റുമാന്‍, ഉമ്മു സുലൈം, ഹംന, ഉമ്മു അത്വിയ്യ, അസ്മാഅ് തുടങ്ങിയവര്‍ ഇങ്ങനെ സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞവരായിരുന്നു.


അശരണര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ വളരെ പ്രധാനപ്പെട്ട സാമൂഹിക ബാധ്യതയാണ്. പ്രവാചകന്റെ ഇണകളും മക്കളും സഹചാരിണികളുമെല്ലാം ആരാധനകളില്‍ നിഷ്ഠ പാലിച്ചതോടൊപ്പം സമൂഹക്ഷേമപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപദ്ധതികളിലും ഏറെ മുന്നില്‍ തന്നെയായിരുന്നു.  മറ്റുള്ളവരുടെ കണ്ണീര്‍ തുടയ്ക്കുന്നതില്‍ അവര്‍ പുരുഷന്മാരോടൊപ്പം മുന്നേറി. അടുത്ത നേരത്തെ ഭക്ഷണംപോലും കരുതിവെക്കാതെ അവര്‍ വിശക്കുന്നവരെ ഊട്ടി. റസൂലിന്റെ ഭാര്യ ഉദാരമതിയായ സൗദയും മക്കളെ വിശപ്പിലുറക്കി റസൂലിന്റെ അതിഥിയായെത്തിയ വഴിപോക്കന്ന് വിരുന്നൂട്ടിയ അബൂത്വല്‍ഹയുടെ ഭാര്യ ഉമ്മുസുലൈമും വീട്ടിലെ കൊടും ദാരിദ്ര്യത്തിലേക്ക് കുളിരായി പെയ്ത അമീറുല്‍ മുഅ്മിനീന്റെ സമ്മാനക്കിഴി നേരം വെളുക്കും മുമ്പ് അയല്‍ വീടുകളിലെത്തിച്ച് വീണ്ടും വിശപ്പിലുറങ്ങാന്‍ പോയ ഹിംസ് ഗവര്‍ണര്‍ സഈദുബ്‌നു ആമിറിന്റെ ഭാര്യയും ഇവിടെ വിശ്വാസിനികള്‍ക്ക് മാതൃകകളായി മുന്നില്‍ നടന്നു. 


സമൂഹത്തോടുള്ള പെരുമാറ്റ മര്യാദകളിലും സൂക്ഷ്മത പുലര്‍ത്തല്‍ സ്ത്രീകളുടെ ബാധ്യതയാണ്. നന്മകള്‍ കുറഞ്ഞിട്ടും നാവ് നിയന്ത്രിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തിലെത്തുന്ന സ്ത്രീയും നന്മ ഏറെയുണ്ടായിട്ടും അനിയന്ത്രിത നാവിനാല്‍ നരകം പൂകേണ്ടിവന്ന നിര്‍ഭാഗ്യവതിയും റസൂല്‍(സ്വ)യുടെ മുന്നറിയിപ്പാണ്. സമ്മാനങ്ങളും ദാനങ്ങളും നിരസിക്കരുതെന്നും ചെറുതായി കാണരുതെന്നും നബി(സ്വ) തന്റെ പാതികളെ ഉപദേശിക്കുന്നതും ഇതിന്റെ ഭാഗമാണ്. വ്യഭിചരിക്കില്ലെന്നും കുഞ്ഞുങ്ങളെ കൊല്ലുകയില്ലെന്നും ഇസ്‌ലാമിലേക്ക് വരുന്ന സ്ത്രീകളോട് നബി(സ്വ) പ്രതിജ്ഞ വാങ്ങിയത് രണ്ടു വലിയ സാമൂഹിക അക്രമങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നതില്‍ അവള്‍ക്കുള്ള ഉത്തരവാദിത്തം ഓര്‍മപ്പെടുത്താനാണ്. അയല്‍പക്ക ബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ സ്ത്രീക്ക് പ്രധാന പങ്കാണുള്ളത്. ആഇശ(റ)യുടെ ചോദ്യത്തിന് ഏറ്റവും അടുത്തവാതിലുകാരെ ആദ്യം പരിഗണിക്കുക എന്ന നബി(സ്വ)യുടെ മറുപടി എപ്പോഴും കൊടുക്കാന്‍ കഴിവില്ലെങ്കിലും ആകാവന്ന അത്രയും ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നതാണ്. ഭര്‍ത്താവിന്റെ സ്വത്ത് അനുമതിയില്ലാതെ പോലും ദാനം ചെയ്താല്‍ അവള്‍ക്കും പുണ്യം ലഭിക്കുമെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നതും ജീവകാരുണ്യത്തിലെ സ്ത്രീ ബാധ്യത ഉണര്‍ത്താനാണ്.   


ഉദ്യോഗ മണ്ഡലങ്ങളിലും ഇസ്‌ലാം സ്ത്രീക്ക് ബാധ്യതകളേല്പിക്കുന്നുണ്ട്.  ഉമര്‍(റ) ബൈതുല്‍മാലിന്റെ കണക്കു സൂക്ഷിപ്പുകാരിയായി സ്ത്രീയെ നിയമിച്ചത് ഇതിനു തെളിവാണ്. സഹജീവികളോടും പരിസ്ഥിതിയോടുമെല്ലാം ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും സ്ത്രീ ശ്രദ്ധിക്കേണ്ടതുണ്ട്. പൂച്ചയെ കെട്ടിയിട്ട് പട്ടിണിക്കിട്ട സ്ത്രീ നരകാവകാശിയാണെന്ന നബി(സ്വ)യുടെ അധ്യാപനം അതാണ് സൂചിപ്പിക്കുന്നത്. 


സാമൂഹികവികാസത്തിനായി ഉത്തമ മാതൃകകള്‍ നിര്‍മിക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് സാധിച്ചതിന് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ഹി.684-ല്‍ മംലൂക്കുകളുടെ ഭരണകാലത്ത് ഈജിപ്തില്‍ അബി ബറക്കാതിന്റെ മകള്‍ ശൈഖ സൈനബും സുല്‍താന്‍ അല്‍സാഹിറിന്റെ മകളും ചേര്‍ന്ന് സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ച 'രിബാത്ത്' സ്ത്രീകളുടെ മതവും വിദ്യാഭ്യാസവും സാമൂഹ്യ ഇടപെടലുകളുമെല്ലാം അജണ്ടയാക്കിയിരുന്നു. അനാഥരും വിധവകളും പീഡിതരുമായ സ്ത്രീകളെ സംരക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നു. കൗണ്‍സലിംഗ് ക്ലാസുകളിലൂടെ ഖുര്‍ആനിലും സുന്നത്തിലും സ്ത്രീക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് അവരെ ബോധവല്‍കരിക്കാനും രിബാത് മുന്‍കയ്യെടുക്കുകയുണ്ടായി.


ആധുനിക കാലം വരെയുള്ള ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളിലെല്ലാം സ്ത്രീ അവളുടെ സാമൂഹിക ദൗത്യനിര്‍വഹണത്തില്‍ പങ്കാളിയായിട്ടുണ്ട്. പരലോകത്ത് ഒറ്റയ്‌ക്കൊറ്റയ്ക്ക് വിചാരണക്ക് വിധേയമാക്കപ്പെടുമ്പോള്‍ തന്റെതായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചതിന്റെ കണക്ക് സ്ത്രീകളും ബോധിപ്പിക്കേണ്ടതുണ്ടല്ലോ.


 

Feedback