Skip to main content

ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍

ശാന്തിയും സന്തോഷവും കളിയാടുന്ന കുടുംബാന്തരീക്ഷത്തിന്റെ അടിസ്ഥാനം ഇണകള്‍ തമ്മിലുള്ള സ്‌നേഹജീവിതമാണ്. പരസ്പരം ബാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് സംതൃപ്തമായ ദാമ്പത്യം നിലനില്ക്കുന്നത്. ഭര്‍ത്താവിന് ഭാര്യയോടുള്ളതു പോലെത്തന്നെ പ്രാധാന്യപൂര്‍വം നിര്‍വഹിക്കേണ്ടതായ ബാധ്യതകള്‍ ഭാര്യയ്ക്കുമുണ്ട്. നീതിനിഷ്ഠയും സ്വഭാവമഹിമയുമുള്ള സ്ത്രീയെയാണ് ഇണയായി തെരഞ്ഞെടുക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചു തന്നു. കുടുംബ ജീവിതത്തിലെ സ്വാസ്ഥ്യം നിലനിര്‍ത്തുന്നതിലും സംസ്‌കാരമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പിനും ഇത് അനുപേക്ഷണീയമായതിനാലാണ് ഇസ്‌ലാം സഗൗരവം ഈ വിഷയത്തെ പരിഗണിച്ചത്. ഉത്തമസ്ത്രീയുടെ സ്വഭാവഗുണമായിട്ട് ഖുര്‍ആന്‍ (4:34) എടുത്തു പറയുന്നു. 'ഉത്തമ സ്ത്രീകള്‍ ഭര്‍ത്താവിനോട് അനുസരണമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമത്രെ. അല്ലാഹുവിന് എതിരില്ലാത്ത കാര്യത്തില്‍ ഭര്‍ത്താവിനെ അനുസരിക്കുകയും അവന്റെ സ്വകാര്യതയും സമ്പത്തും സംരക്ഷിക്കുകയും ചെയ്യല്‍ ഭാര്യയുടെ കടമയാണ്. അബ്ദുല്ലാഹിബ്‌നു അബീ ഔഫ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഞാന്‍ ആരോടെങ്കിലും ആര്‍ക്കെങ്കിലും സാഷ്ടാംഗം ചെയ്യാന്‍ കല്പിക്കുമായിരുന്നെങ്കില്‍ ഭാര്യയോട് തന്റെ ഭര്‍ത്താവിന് സാഷ്ടാംഗം ചെയ്യുവാന്‍ കല്പിക്കുമായിരുന്നു (സ്വഹീഹുല്‍ ജാമിഅ് 5295). 

ഭര്‍ത്താവ് ഭാര്യയെ സംബന്ധിച്ച് തൃപ്തനാകുന്നത് അവളുടെ സ്വര്‍ഗപ്രവേശനത്തിന് കാരണമാകുന്ന കാര്യമാണ്.  ഭാര്യ തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്ന വിധം പെരുമാറുകയും അനുസരണവും സഹകരണ മനോഭാവവും നിലനിര്‍ത്തുകയും ചെയ്താല്‍ ഊഷ്മളമായ ബന്ധത്തിന്റെ ഹൃദ്യത അനുഭവിക്കാന്‍ കഴിയും.

പരിശുദ്ധമായ ലൈംഗികജീവിതം നയിക്കുക എന്നതാണ് ദാമ്പത്യം കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്ന സുപ്രധാനമായ കാര്യം. പുരുഷന് ലൈംഗിക സംതൃപ്തി തന്റെ ഭാര്യയിലൂടെ ലഭിക്കേണ്ടതുണ്ട്. അത് നിവര്‍ത്തിച്ചു കൊടുക്കാന്‍ ഭാര്യ ശ്രദ്ധിക്കണം. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)പറഞ്ഞു. ഒരാള്‍ തന്റെ ഭാര്യയെ കിടപ്പറയി ലേക്കു ക്ഷണിച്ചപ്പോള്‍ അവള്‍ വിസമ്മതം കാണിക്കുകയും അതിന്റെ പേരില്‍ അവളോട് കോപിച്ച നിലയില്‍ അയാള്‍ രാത്രി കഴിച്ചു കൂട്ടുകയും ചെയ്താല്‍ പ്രഭാതം വരെ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും (സ്വഹീഹുല്‍ ബുഖാരി 3237).

നോക്കിയാല്‍ സന്തോഷിപ്പിക്കുന്ന, കല്പിച്ചാല്‍ അനുസരിക്കുന്ന, വിഷമസന്ധിയില്‍ സ്‌നേഹവും കരുതലും നല്കുന്ന, ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലും സമ്പത്തും അഭിമാനവും കാത്തു സൂക്ഷിക്കുന്ന സദ്‌വൃത്തരാവണം ഭാര്യമാര്‍. ഭര്‍ത്താവിന്റെ നന്‍മകള്‍ നന്ദിയോടെ സ്മരിക്കാനും പേരായ്മകളെ രഹസ്യമാക്കി വെയ്ക്കാനും സാമ്പത്തിക സ്ഥിതിയനുസരിച്ച് ചെലവ് നിയന്ത്രിക്കാനും നല്ല ഭാര്യമാര്‍ക്ക് സാധിക്കേണ്ടതുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. അവര്‍ നല്ല പെരുമാറ്റത്തെ നിഷേധിക്കും. ഭര്‍ത്താവ് കൊല്ലം മുഴുവന്‍ ഒരു സ്ത്രീക്ക് നന്‍മ ചെയ്തതിനു ശേഷം വെറുപ്പുണ്ടാക്കുന്ന ഒരു സംഗതി അവള്‍ അദ്ദേഹത്തില്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങളില്‍ നിന്ന് ഒരു നന്‍മയും ഞാനിതുവരെ ദര്‍ശിച്ചിട്ടില്ല (സ്വഹീഹുല്‍ ബുഖാരി 5197).

സ്ത്രീകള്‍ കൂടുതലായി നരകത്തില്‍ പ്രവേശിക്കുന്നതിന് കാരണമായിത്തീരുന്നത് ഭര്‍ത്താവിനോടു കാണിക്കുന്ന ഈ നന്ദികേടാണെന്ന് റസൂല്‍(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍തൃവീട്ടിലെ ഭരണാധികാരി ഭാര്യയാണ്. ശിശുക്കളെ പരിപാലിക്കുന്നതിലും അവര്‍ക്ക് നല്ല മര്യാദയും ഉത്തമ സംസ്‌കാരവും പഠിപ്പിക്കുന്നതിലും കാര്യമായ പങ്കു വഹിക്കേണ്ട ബാധ്യത ഭാര്യമാര്‍ക്കുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിന്റെയും കുട്ടികളുടെയും ഭരണാധികാരിയാണ്. അവളുടെ പ്രജകളെക്കുറിച്ച് അവള്‍ വിചാരണ ചെയ്യപ്പെടുന്നതാണ് (സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ 4489).

സമാധാനവും സന്തോഷവും കളിയാടുന്ന കുടുംബ ജീവിതത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കേണ്ട ദമ്പതിമാര്‍ പരസ്പരം ബാധ്യതകള്‍ ഗൗരവപൂര്‍വം പരിഗണിച്ചു നിര്‍വഹിച്ചാല്‍ ഇഹപരജീവിതം വിജയകരമായിത്തീരും. സമ്പത്തിന്റെ ആധിക്യമോ ഭൗതിക വിഭവങ്ങളുടെ സമൃദ്ധിയോ ഒരിക്കലും സമാധാനവും സന്തോഷവും ജീവിതത്തില്‍ പ്രദാനം ചെയ്യുന്നില്ല. അതിലുപരി അല്ലാഹുവിനെ സൂക്ഷിച്ചും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തും ജീവിക്കാന്‍ തയ്യാറായാല്‍ സമാധാന പൂര്‍ണമായ ജീവിതം ഇരുലോകത്തുമുണ്ടാവും. അല്ലാഹുവിനോട് ഭക്തിയും താഴ്മയും കനിയുന്ന ഒരു മനസ്സുണ്ടായിരിക്കുക എന്നതാണ് വിശ്വാസിയുടെ വിജയത്തിന്റെ നിദാനം. അതു കഴിഞ്ഞാല്‍ വിശ്വാസി നേടുന്ന ഏറ്റവും നല്ല സൗഭാഗ്യമായി റസൂല്‍(സ്വ) പഠിപ്പിച്ചത് സദ്‌വൃത്തയായ ഭാര്യയാണ്. അവളിലൂടെ ജീവിതം സന്തോഷകരവും സമാധാന പൂര്‍ണവുമായിത്തീരുമെന്നാണ് നബി(സ്വ) പറഞ്ഞതിന്റെ പൊരുള്‍.

Feedback