Skip to main content

മുസ്‌ലിംകളോടുള്ള ബാധ്യതകള്‍

മുസ്‌ലിംകള്‍ ഏകോതര സഹോദരന്‍മാരായി വര്‍ത്തിക്കേണ്ടവരാണ്. സത്യസന്ദേശം ഉള്‍ക്കൊണ്ടവര്‍ എന്ന നിലയ്ക്ക് പ്രത്യേകമായ ഹൃദയബന്ധവും മനസ്സിണക്കവും ഉണ്ടാവണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു ശരീരത്തിലെ അവയവങ്ങള്‍ പോലെ  ഒരോ മുസ്‌ലിമും സാഹോദര്യ ബന്ധത്തിന്റെ കണ്ണികളായി മാറുകയാണ്. സ്‌നേഹ ബന്ധത്തിന്റെയും സാഹോദര്യ ബോധത്തിന്റെയും നിലനില്പിന് മുസ്‌ലിംകള്‍ പരസ്പരം നിര്‍വഹിക്കേണ്ട ബാധ്യതകള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള കടമകള്‍ ആറാകുന്നു. കണ്ടാല്‍ സലാം പറയുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഉപദേശം ആവശ്യപ്പെട്ടാല്‍ ഉപദേശിക്കുക, അവന്‍ തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ചാല്‍ അവന്നുവേണ്ടി പ്രാര്‍ഥിക്കുക, അവന്നു രോഗം ബാധിച്ചാല്‍ സന്ദര്‍ശിക്കുക, അവന്‍ മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക (സ്വഹീഹ് മുസ്‌ലിം 2162).

 
ഈ ആറു കാര്യങ്ങള്‍ മാത്രമാണ് ബാധ്യതകള്‍ എന്ന അര്‍ഥത്തിലല്ല; അവയുടെ പ്രാധാന്യം എടുത്തുകാണിക്കാന്‍ വേണ്ടിയാവാം നബി ഇങ്ങനെ പറഞ്ഞത്. മുസ്‌ലിംകള്‍ പരസ്പരമുള്ള കടമകള്‍ ഇനിയും ഏറെയാണ്. പരസ്പരം വിദ്വേഷമോ പകയോ അസൂയയോ അഹങ്കാരമോ വഞ്ചനയോ ഇല്ലാതെ, സഹായിച്ചും സഹകരിച്ചും സ്‌നേഹിച്ചും ഗുണദോഷിച്ചും ഏകോദര സഹോദരന്‍മാരായി വര്‍ത്തിക്കുകയാണ് വേണ്ടത്. സമ്പത്തിനും രക്തത്തിനും അഭിമാനത്തിനും പവിത്രത കല്പിച്ചു കൊണ്ട് അക്രമവും നിന്ദയും പാടെ വര്‍ജിച്ച് സാഹോദര്യത്തിന്റെ താത്പര്യമനുസരിച്ച് ജീവിക്കാനുള്ള ശ്രമമാണ് എപ്പോഴുമാണ്ടാവേണ്ടത്.

Feedback