Skip to main content

യൂഫ്രട്ടീസ്, ടൈഗ്രീസ്

യൂഫ്രട്ടീസിന്‍റെയും ടൈഗ്രീസിന്‍റെയും തീരപ്രദേശത്ത് നിലനിന്നിരുന്ന നാഗരികതകളുടെ സാരഥികള്‍ സുമേരിയക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. നദികള്‍ക്കിടയിലുള്ള പ്രദേശമെന്ന അര്‍ഥമുള്‍കൊള്ളുന്ന ഗ്രീക്ക് നാമമുള്ള മെസപ്പെട്ടോമിയയിലായിരുന്നു സുമേരിയക്കാരുടെ താമസം. 

സുമേരിയന്‍ സിഗുരുത്തുകളില്‍ (ബാബിലോണിയന്‍ ക്ഷേത്ര ഗോപുരത്തിന്‍റെ പേര്)  നിന്നാണ് അക്കാലത്തെ ദൈവവിശ്വാസത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്. അതിപുരാതനമായ ഒരു സിഗുരുത്തിന്‍റെ അവശിഷ്ടങ്ങള്‍ ഉത്ഖനനത്തില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് സുമേരിയയില്‍ ദൈവപ്രതിനിധികളായി വിലസിയിരുന്ന പൗരോഹിത്യം നിലനിന്നിരുന്നുവെന്ന് വ്യക്തമാണ്.

പുണ്യാത്മാക്കള്‍ എന്ന പേരില്‍ പലതും ആരാധിക്കപ്പെട്ടിരുന്നെങ്കിലും ദേവന്മാരുടെ ദേവനും സകലവിധ ശക്തികളുടെ ഉടമസ്ഥനുമായ ഏകദൈവത്തെക്കുറിച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ആ ദൈവത്തെ 'ഇയാ' എന്നും 'നിങ്കര്‍സു'വെന്നും അവര്‍ വിളിച്ചു. സര്‍വ്വശക്തനായ 'ഇയ' എല്ലാം അറിയുന്നവനാണ്. അവന്‍ ഇച്ഛിക്കുന്നതെല്ലാം ഞൊടിയില്‍ സംഭവിക്കും. ഇതായിരുന്നു സുമേരിയക്കാരുടെ വിശ്വാസം. എങ്കിലും പൗരോഹിത്യത്തിന്‍റെ ഇടപെടല്‍ കാരണം ശുദ്ധ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമായ ദേവന്മാരെക്കുറിച്ച വിശ്വാസം യൂഫ്രട്ടീസ്, ടൈഗ്രീസ് തീരദേശവാസികളിലുണ്ടായിരുന്നു. 

മെസപ്പെട്ടോമിയന്‍ ക്ഷേത്രങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് സുമേരിയയിലെ ആദിവാസികള്‍ ശുദ്ധമായ ഏകത്വത്തിലധിഷ്ഠിതമായ ദൈവവിശ്വാസം സ്വീകരിച്ചവരായിരുന്നെന്ന് മൗലാനാ അബുല്‍ കലാം ആസാദ് വ്യക്തമാക്കുന്നുണ്ട്.[1]

References

  [1] തര്‍ജുമാന്‍, മൗലാനാ അബുല്‍ കലാം ആസാദ്, പേജ് :103

 

Feedback