Skip to main content

നൈല്‍ നദീതടം

ക്രിസ്തുവിന് ഏകദേശം മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് നൈല്‍നദിയുടെ തീരപ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഈജിപ്ഷ്യന്‍ സംസ്കാരമാണ്, സുമേരിയന്‍ സംസ്കാരം കഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ളത്. പിരമിഡുകളുടെ കുംഭഗോപുരങ്ങളും ശവകുടീരങ്ങളുമാണ് ഈ സംസ്കാരത്തെക്കുറിച്ച് നമുക്ക് അറിവ് തരുന്ന വസ്തുക്കള്‍. എണ്ണായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ സമതലങ്ങളില്‍ വസിച്ചിരുന്ന രാജവംശ പൂര്‍വ്വ ഈജിപ്തുകാര്‍  ആയിരുന്നു (Pre-dynastic Egyptian) അവിടത്തെ ആദിവാസികള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ ഏകദൈവാരാധകരായിരുന്നുവെന്ന് മൗലാനാ ആസാദ് തന്‍റെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ രേഖപ്പെടുത്തുന്നു.

ഈജിപ്ഷ്യന്‍ നാഗരികതയില്‍ ജീവിച്ചിരുന്ന ജനങ്ങള്‍ ബഹുദൈവാരാധകരായിരുന്നുവെന്ന വസ്തുത പിരമിഡുകളിലെ ലിഖിതങ്ങള്‍ തന്നെ സുതരാം വ്യക്തമാക്കുന്നു. പല ദേവന്മാരില്‍ അവര്‍ക്ക് വിശ്വാസമുണ്ടെങ്കിലും ഏകദൈവത്തെകുറിച്ച സങ്കല്‍പവുമുണ്ടായിരുന്നു. പുരോഹിതന്മാര്‍ക്ക് അവരുടെ ജീവിതത്തിലുള്ള സ്വാധീനം വളരെ വലുതായിരുന്നു. തങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന ദേവന്മാരുടെ മുഴുവന്‍ ദൈവമായ ഏകദൈവത്തിനാണ് മരണാനന്തര ജീവിതത്തിന്‍റെ അധീശാധികാരം എന്നായിരുന്നു അവരുടെ വിശ്വാസം. ഗോര്‍ഡന്‍ ചൈല്‍ഡ് എഴുതുന്നു: "ദൈവങ്ങളുടെ ലോകമാകെ ഒരു ഉന്നത ദൈവത്തിന്‍റെ ആധിപത്യത്തിനു കീഴിലുള്ള സാമ്രാജ്യമായി സങ്കല്‍പിക്കപ്പെട്ടിരുന്നു"[1] 

ഈജിപ്ഷ്യന്‍ പുരാതനാവശിഷ്ടങ്ങള്‍ സംബന്ധിച്ച പ്രധാനപ്പെട്ടതും പഴയതുമായ അമൂല്യ രേഖയാണ് പ്രേത പുസ്തകം.[2]  ഈ പുസ്തകത്തില്‍ നൈല്‍ നദീ താഴ്വരയില്‍ പടർന്നു പിടിച്ച 'ഓസിറസ്' എന്ന അദൃശ്യ സ്വത്വത്തെക്കുറിച്ച വിവരണങ്ങള്‍ കാണാം. മഹാദേവന്‍, പരലോകാധിപന്‍, നന്മയുടെ ദേവത, അനശ്വരാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് രേഖയില്‍ ഈ സ്വത്വത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. നൈല്‍ നദീതട സംസ്കാരത്തിന്‍റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈജിപ്തുകാര്‍ ഏകദൈവവിശ്വാസികളായിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

 

 

 

 

References

[1] What Happened in History, Gordan Child, Penguin Books,1946, Page 186

[2] Dr. EAT Budge: The Book of the Dead, London, 1933

Feedback