Skip to main content

ഇസ്‌ലാമിലെ ദൈവ വിശ്വാസം

ലോകത്ത് ഏതുകാലത്തുമുള്ള മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. ബഹുഭൂരിഭാഗം മതങ്ങളും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ദൈവസങ്കല്പത്തിന്‍റെ കാര്യത്തില്‍ മതവിശ്വാസികള്‍ ഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. തങ്ങള്‍ക്ക് ചുറ്റും കാണുന്ന ചെറുതും വലുതുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ പലതിനും ദിവ്യത്വം കല്പിച്ച് അവയെ വണങ്ങുകയും പലതിന്‍റെയും പേരില്‍ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഈ സങ്കല്പം തന്നെ കാലദേശങ്ങള്‍ക്കനുസരിച്ചും ജാതി വര്‍ഗങ്ങള്‍ക്കനുസരിച്ചും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവസങ്കല്പത്തിലും ആരാധനാ കാര്യത്തിലും ലോകത്ത് ഒരു കാലത്തും മനുഷ്യര്‍ക്കിടയില്‍ ഏകീഭാവമുണ്ടായിട്ടില്ല. എന്നാല്‍ പ്രപഞ്ചകര്‍ത്താവായ ഒരു അഭൗമശക്തിയെപ്പറ്റിയുള്ള ബോധം ഏത് കാലത്തും മനുഷ്യര്‍ക്കിടയില്‍ ഉണ്ടുതാനും. ദൈവ വിശ്വാസത്തെപ്പറ്റി ഇസ്‌ലാം നല്കുന്ന കാഴ്ച്ചപ്പാട് വളരെ വ്യക്തവും ലളിതവുമാണ്.

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന്‍ ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്‍റെയോ പ്രദേശത്തിന്‍റെയോ പ്രത്യേക കാലഘട്ടത്തിന്‍റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്ത്വമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്.

ഇസ്‌ലാമിലെ ദൈവ വിശ്വാസത്തിന്‍റെ അടിസ്ഥാനാശയമായ ഏകദൈവാരാധനയെ കുറിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് തൗഹീദ്. ലാഇലാഹ ഇല്ലല്ലാഹ് (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെയാരുമില്ല) എന്ന പരിശുദ്ധ വാക്യം തൗഹീദിന്‍റെ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കുള്ള ശക്തി ആരില്‍ നിക്ഷിപ്തമാണോ അവനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദ് (ഏകദൈവാരാധന) കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും സംഹാരവും അല്ലാഹുവിന്‍റെ മാത്രം അധീനത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

'നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു. അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചു തന്നവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു' (2:28,29).

അല്ലാഹു (ദൈവം) മനുഷ്യര്‍ക്ക് നല്കിയ ജീവിത വ്യവസ്ഥയാണ് മതം. മനുഷ്യരില്‍ നിന്നുള്ള ദൂതന്‍മാര്‍ (പ്രവാചകന്‍മാര്‍) മുഖേനയാണ് അതു നല്‍കിയത്. ഭൗതിക കാര്യങ്ങള്‍ നേടിയെടുക്കാന്‍ മനുഷ്യര്‍ക്കു കഴിവു നല്‍കിയ അല്ലാഹു ധാര്‍മിക കാര്യങ്ങള്‍ മനുഷ്യര്‍ക്ക് ദൂതന്‍മാര്‍ മുഖേന എത്തിച്ചു കൊടുക്കുകയായിരുന്നു. കാരണം സത്യാസത്യങ്ങളും ധര്‍മാധര്‍മങ്ങളും സ്വയം തീരുമാനമെടുക്കാവുന്നതോ ഗവേഷണം നടത്തി കണ്ടെത്താവുന്നതോ അല്ല. മനുഷ്യ കഴിവുകളാകട്ടെ പ്രതിജനഭിന്നമാണുതാനും. ആയതിനാല്‍ ധര്‍മബോധം സ്രഷ്ടാവു തന്നെ മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഓരോ ദൂതനും അതാതു ജനതയ്ക്ക് എത്തിച്ചുകൊടുത്ത കാര്യങ്ങള്‍ ആ ദൂതന്‍റെ കാലശേഷം വികലമാക്കപ്പെടുകയും കാലക്രമത്തില്‍ മറ്റൊരാശയമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയാണ് നിരവധി മതങ്ങള്‍ ഉടലെടുത്തത്. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതരും ജനങ്ങള്‍ക്കെത്തിച്ചു കൊടുത്തത് ഒരേ മതമാണ്. കാലദേശങ്ങള്‍ക്കനുസരിച്ച് വിശദാംശങ്ങളില്‍ മാറ്റമുണ്ടാകാമെങ്കിലും മൗലികമായ ആശയങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവ വ്യത്യസ്ത മത ദര്‍ശനങ്ങളായിത്തീര്‍ന്നത് കാലാന്തരത്തില്‍ വന്ന വ്യതിയാനങ്ങളിലൂടെയാണ്. 

പ്രപഞ്ച സ്രഷ്ടാവായ ദൈവം എന്ന വിശ്വാസം എല്ലാ മതങ്ങളിലും മൗലികമായി നില നില്‍ക്കുന്നു. എന്നാല്‍ ദൈവത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതില്‍ വന്ന വീഴ്ചകള്‍ മൂലം ഓരോ മതത്തിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങള്‍ ഉടലെടുത്തു. അങ്ങനെയാണ് ത്രിമൂര്‍ത്തി സങ്കല്പം, ത്രിയേകത്വ സിദ്ധാന്തം, മുപ്പത്തി മുക്കോടി ദൈവങ്ങളിലുള്ള വിശ്വാസം, വിഗ്രഹാരാധന, അദ്വൈതവാദം തുടങ്ങിയ ഒട്ടേറെ വിശ്വാസങ്ങള്‍ വിവിധ മതങ്ങള്‍ക്കിടയില്‍ കടന്നു കൂടിയത്. അതിന്‍റെ കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: "അല്ലാഹുവെ കണക്കാക്കേണ്ട വിധം അവര്‍ കണക്കാക്കിയിട്ടില്ല"(39:67). മൂസാ, ഈസാ എന്നീ നബിമാരിലേക്ക് ചേര്‍ത്തിപ്പറയുകയും അവരുടെ അനുയായികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജൂതരും ക്രൈസ്തവരും അവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളായി അംഗീകരിക്കുന്ന തോറയും ബൈബിളും പഠിപ്പിക്കുന്ന വിശ്വാസമല്ല പുലര്‍ത്തുന്നത്. 
 

Feedback