Skip to main content

നോമ്പില്‍ ഇളവനുവദിക്കപ്പെട്ടവര്‍ (6)

പുണ്യം കരസ്ഥമാക്കാനുള്ള മഹത്തായ കര്‍മമാണ് നോമ്പെങ്കിലും എല്ലാവര്‍ക്കും അത് സാധ്യമായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ശാരീരികക്ഷമത ഏറെ ആവശ്യമുള്ള ആരാധനയാണ് വ്രതം എന്നതിനാല്‍ ദുര്‍ബലര്‍ക്ക് അത് വിഷമമുണ്ടാക്കും. മനുഷ്യന്റെ പാരത്രികമോക്ഷത്തിലെന്ന പോലെ ഭൗതികസുഖത്തിലും ഇസ്‌ലാം ശ്രദ്ധിക്കുന്നുണ്ട്. ദുര്‍ബലരെ നോമ്പെടുക്കാന്‍ നിര്‍ബന്ധിക്കുന്നതോ നോമ്പെടുക്കാത്തതിന് ശിക്ഷിക്കുന്നതോ ഒട്ടും ഭൂഷണമല്ലതന്നെ. ഇസ്‌ലാം പ്രകൃതി മതമാണ്. അത് ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍ണയിക്കുന്നത് മനുഷ്യനെ കഷ്ടപ്പെടുത്താനല്ല. നിങ്ങള്‍ക്ക് കഴിയുന്നതു പോലെ അല്ലാഹുവിനെ സൂക്ഷിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം (വിശുദ്ധ ഖുര്‍ആന്‍ 64:16).

മനുഷ്യനെ സംസ്‌കരിക്കുന്നതും അവന്റെ ആകുലതകളില്‍ സഹായിക്കുന്നതുമാണ് ഇസ്‌ലാം മതം. മനുഷ്യന് സാധാരണയില്‍ കവിഞ്ഞ പ്രയാസങ്ങളുള്ള ആരാധനകളില്‍ ധാരാളമായി ഇളവുകള്‍ അനുവദിക്കുക ഇസ്‌ലാമിന്റെ ശൈലിയാണ്. നോമ്പിന്റെ അവതരണവചനം തന്നെ ശ്രദ്ധേയമാണ്. ഏതാനും ദിവസമേ നോമ്പെടുക്കേണ്ടൂ, ഇത് മുന്‍ സമുദായങ്ങള്‍ക്കും ഉണ്ടായിരുന്നു, നിങ്ങളെ പ്രയാസപ്പെടുത്താനല്ല, സംസ്‌കരിക്കാനാണ് നോമ്പ് എന്നെല്ലാം എത്ര തന്മയത്വത്തോടെയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്! (2:184187). കാരുണികനായ പരിപാലകന്റെ സ്‌നേഹമാണീ വ്രതമെന്ന് അടിമക്ക് ബോധ്യപ്പെടുത്തുന്നതാണീ ശൈലി. 

പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരെ അല്ലാഹു നോമ്പിന്റെ നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയോ ചില നിബന്ധനകളോടെ അവര്‍ക്ക് ഇളവനുവദിക്കുകയോ ചെയ്തിട്ടുണ്ട്. 

ആര്‍ത്തവം, പ്രസവരക്തം എന്നിവ ഉള്ളവര്‍ക്ക് നോമ്പ് നിഷിദ്ധമാണ്. പക്ഷേ, പകരം പിന്നീട് നിര്‍വഹിക്കണം. വൃദ്ധര്‍, യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍, ഇസ്‌ലാമിക സൈന്യത്തിലെ യോദ്ധാക്കള്‍, കടുത്ത ജോലിയില്‍ കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരെല്ലാം ഇങ്ങനെ ഇളവനുവദിക്കപ്പെട്ടവരാണ്. റമദാനില്‍ ഒരാള്‍ രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. അത്രയും ദിവസങ്ങള്‍ അയാള്‍ പിന്നീട് നോമ്പെടുക്കേണ്ടതാണ്. എന്നാല്‍ ശമനപ്രതീക്ഷയില്ലാത്ത മാറാരോഗിയാണെങ്കില്‍ അയാള്‍ ഒരു ദിവസത്തെ നോമ്പിനു പകരം ഒരു അഗതിക്ക് ആഹാരം പ്രായശ്ചിത്തമായി നല്കിയാല്‍ മതി.

നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി പ്രയശ്ചിത്തം നല്കണം. ''ഞെരുങ്ങിക്കൊണ്ടുമാത്രം അതിന് സാധിക്കുന്നവര്‍ ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രയാശ്ചിത്തമായി നല്‌കേണ്ടതാണ്''(2:184) എന്ന വചനമാണ് ഇതിന് ആധാരം. പാവപ്പെട്ടവന്റെ  ഒരു നേരത്തെ ഭക്ഷണമാണ് പ്രായശ്ചിത്തമായി നല്‌കേണ്ടത്. ഇതിന്റെ അളവ്, സമയം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ല. കൂടുതല്‍ നല്കുന്നത് പുണ്യമാണ്. പൂര്‍ണമായും നല്കാന്‍ ശേഷിയില്ലാത്തവര്‍ തന്നെക്കൊണ്ട് സാധ്യമാകുന്നതെങ്കിലും നല്കുന്നതാണ് അഭികാമ്യം. ഭക്ഷണ വസ്തുക്കള്‍ക്കു പകരം പണമായും പ്രായശ്ചിത്തം നല്കാവുന്നതാണ്. ഒന്നിലേറെ നോമ്പിന്റെ പ്രായശ്ചിത്ത ഭക്ഷണം ഒരാള്‍ക്കുതന്നെ നല്കുന്നതും അനുവദനീയമാണ്. ഒന്നും നല്കാന്‍ കഴിവില്ലാത്തവര്‍ പടച്ചവനോട് പശ്ചാത്തപിക്കട്ടെ. ''അക്കാര്യത്തില്‍ അവന്‍ നിങ്ങളുടെമേല്‍ യാതൊരു പ്രയാസവും ചുമത്തിയിട്ടില്ല''(ഖുര്‍ആന്‍ 22:78). നോമ്പിന്റെ പ്രായശ്ചിത്ത ഭക്ഷണം നോമ്പുകാരന് തന്നെ നല്കണമെന്നോ നോമ്പിന്റെ മാസത്തില്‍ തന്നെ നല്കണമെന്നോ നിബന്ധനയില്ല. നോമ്പിന്റെ മാസത്തില്‍ നോമ്പുകാരന് തന്നെ നല്കുന്നതാണ് അഭികാമ്യം. പ്രായശ്ചിത്തം നല്കിയതിനുശേഷം നോമ്പെടുക്കാന്‍ സൗകര്യം കിട്ടിയാല്‍ നോമ്പെടുക്കാവുന്നതും അവന് രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. എന്നാല്‍ പ്രായശ്ചിത്തം നല്കിയാല്‍ നോമ്പെടുത്തില്ലെങ്കിലും കുറ്റമില്ല; ഏതു സാഹചര്യത്തിലും നോമ്പെടുക്കുന്നതു തന്നെയാണ് നല്ലത് (വിശുദ്ധ ഖുര്‍ആന്‍ 2: 184).

ഇളവ് അനുവദിക്കാനുള്ള കാരണങ്ങള്‍ വേറെ ആരും സ്ഥിരീകരിക്കേണ്ടതില്ല. അത് ഇളവ് ആവശ്യപ്പെടുന്ന ഒരോ വ്യക്തിയുമായി ബന്ധപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ''ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ നാം അനുശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ട്. അവരോട് അനീതി കാണിക്കപ്പെടുകയില്ല'' (ഖുര്‍ആന്‍ 23:62). മനുഷ്യന്റെ മനസ്സറിയുന്ന സ്രഷ്ടാവിന്റെ പക്കല്‍ ശരിയായ രേഖയുണ്ടെന്നും ഏതു മാനസികാവസ്ഥയിലാണ് നാം ഇളവ് ഉപയോഗിക്കുന്നതെന്നും അല്ലാഹു നന്നായി അറിയുന്നുണ്ട് എന്ന ഓര്‍മപ്പെടുത്തലാണിത്.

Feedback