Skip to main content

വുദൂ മുറിയുന്ന കാര്യങ്ങള്‍

നമസ്‌കാരം സ്വീകാര്യമാകണമെങ്കില്‍ വുദൂ(അംഗശുദ്ധി) നിര്‍ബന്ധമാണ്. ഒരിക്കല്‍ വുദൂ ചെയ്താല്‍ അത് എങ്ങനെ ദുര്‍ബലപ്പെടുന്നു എന്നു നോക്കാം. ''അല്ലെങ്കില്‍ വല്ലവനും മലമൂത്ര വിസര്‍ജനം കഴിഞ്ഞുവന്നാല്‍'' (5:6) എന്ന ഖുര്‍ആന്‍ വചനം സൂചിപ്പിക്കുന്നത് മലമൂത്രവിസര്‍ജനം മൂലം വുദൂ ദുര്‍ബലപ്പെടുമെന്നാണ്.

ബൂട്‌സില്‍ തടവുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ''മലമൂത്ര വിസര്‍ജനമോ ഉറക്കമോ ഉണ്ടായാല്‍ ഞങ്ങള്‍ അവ രണ്ടും അഴിക്കേണ്ടതില്ല'' എന്ന് പ്രവാചകന്‍ പറഞ്ഞതില്‍ നിന്ന് വിസര്‍ജനവും ഉറക്കവും വുദൂ മുറിയുന്ന കാര്യങ്ങളാണെന്നു മനസ്സിലാക്കാം. എന്നാല്‍ ഇരുന്ന് തൂങ്ങി ഉറങ്ങിയാല്‍വുദൂ നഷ്ടപ്പെടുകയില്ല.  

''നബി(സ്വ)യുടെ അനുചരന്മാര്‍ ഇശാ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ (ഉറക്കം തൂങ്ങിയിട്ട്) തല കുനിക്കാറുണ്ടായിരുന്നു. എന്നിട്ടവര്‍ വുദൂ ചെയ്യാതെ നമസ്‌കരിക്കുമായിരുന്നു.'' ബോധം മറയുന്ന ഉറക്കം പോലെത്തന്നെ ബോധക്ഷയവും വുദൂ മുറിയാന്‍ കാരണമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫിഖ്ഹുസ്സുന്ന).

കീഴ്‌വായു പോയാല്‍ വുദൂ നഷ്ടപ്പെടുമെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ''നിങ്ങളില്‍ ആര്‍ക്കെങ്കിലും അശുദ്ധിയുണ്ടായാല്‍ വുദൂ ചെയ്തല്ലാതെ അല്ലാഹു അവന്റെ നമസ്‌കാരം സ്വീകരിക്കുകയില്ല. അപ്പോള്‍ ഹദ്വര്‍മൗത്തുകാരനായ ഒരാള്‍ ചോദിച്ചു: 'അബൂഹുറയ്‌റാ, അശുദ്ധിയുണ്ടാവുക എന്നാല്‍ എന്താണ്? 'ശബ്ദമുള്ളതോ ഇല്ലാത്തതോ ആയ കീഴ്‌വായു' എന്ന് അബൂഹു റയ്‌റ ഉത്തരം പറഞ്ഞു.'' 

മദജലം ഉണ്ടായാല്‍ വുദൂ ചെയ്യണം എന്ന് റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു. അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: മദ്‌യ് കൂടുതലായി ഉണ്ടാകുന്ന ഒരാളായിരുന്നു ഞാന്‍. എന്നാല്‍ അതിനെപ്പറ്റി റസൂലിനോട് ചോദിക്കാന്‍ എനിക്കു ലജ്ജ തോന്നി. അതിനാല്‍, മിഖ്ദാദുബ്‌നുല്‍ അസ്‌വദ് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നബി(സ്വ)യോടു ചോദിച്ചു. അതിനു വുദൂ ചെയ്യണം എന്ന് നബി ഉത്തരം നല്‍കി'' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ''തന്റെ ലിംഗം കഴുകുകയും വുദൂ ചെയ്യുകയും വേണം.''  

അതുപോലെത്തന്നെ വലിയ അശുദ്ധി ഉണ്ടാകുന്നതോടുകൂടി വുദൂ ദുര്‍ബലപ്പെടുന്നതാണ്. ഗുഹ്യസ്ഥാനം സ്പര്‍ശിച്ചാല്‍ വുദൂ ദുര്‍ബലപ്പെടുമോ എന്ന കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്.

സ്വഫ്‌വാന്‍ മകള്‍ ബുസ്‌റ(റ) പറയുന്നു: ''ഒരാള്‍ തന്റെ ലിംഗം സ്പര്‍ശിച്ചാല്‍ വുദൂ ചെയ്തിട്ടല്ലാതെ അവന്‍ നമസ്‌കരിക്കരുത് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.'' ഈ വിഷയത്തില്‍ ഏറ്റവും സ്വഹീഹായ ഹദീസ് ഇതാണെന്ന് ഇമാം ബുഖാരി(റ) പറഞ്ഞിരിക്കുന്നു.

ഗുഹ്യാവയവ സ്പര്‍ശം കൊണ്ട് വുദൂ മുറിയില്ല എന്നു കാണിക്കുന്ന ചില ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ത്വല്‍ഖുബ്‌നു അലിയ്യ്(റ) പറയുന്നു: ''ഒരാള്‍ തന്റെ ലിംഗം  തൊടുന്നു; എന്നാല്‍ അയാള്‍ക്ക് വുദൂ ചെയ്യേണ്ടതുണ്ടോ എന്നു നബിയോടു ചോദിക്കപ്പെട്ടപ്പോള്‍ തിരുനബി ഇപ്രകാരം മറുപടി പറയുകയുണ്ടായി: അതു നിന്റെ ഒരു കഷണം(അവയവം) മാത്രമാകുന്നു.''

ഈ രണ്ടു ഹദീസുകളും മുന്‍നിര്‍ത്തി ചര്‍ച്ചചെയ്ത പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്: വുദൂ മുറിയും എന്ന ഹദീസാണ് കൂടുതല്‍ പ്രബലമായി വന്നത്. അതിനാല്‍ ലിംഗസ്പര്‍ശം വുദൂഇനെ ദുര്‍ബലപ്പെടുത്തുന്നതാണ്. വേറൊരു വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം: കേവല സ്പര്‍ശം വുദൂ മുറിയാന്‍ കാരണമല്ല. എന്നാല്‍ വൈകാരിക സ്പര്‍ശംമൂലം വുദൂ മുറിയുകയും ചെയ്യും. ഇതാണ് കൂടുതല്‍ യുക്തമായി തോന്നുന്നത്.

ഛര്‍ദിക്കുക, മുറിവില്‍ നിന്നു രക്തം ഒലിക്കുക എന്നീ കാര്യങ്ങള്‍ കൊണ്ട് വുദൂ മുറിയുകയില്ല. ഉമര്‍(റ), ഉബാദുബ്‌നു ബിശ്ര്‍ തുടങ്ങിയവര്‍ മുറിവില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കെ നമസ്‌കരിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഭക്ഷണം (വേവിച്ചതും അല്ലാത്തതും) കഴിച്ചതുകൊണ്ട് വുദൂ മുറിയില്ല. എന്നാല്‍ ഒട്ടകത്തിന്റെ മാംസം ഭക്ഷിച്ചാല്‍ വുദൂ ചെയ്യണമെന്ന് ഒരു ഹദീസില്‍ നിന്ന് മനസ്സിലാകുന്നു.

Feedback