Skip to main content

സ്ത്രീ സ്പര്‍ശം

സ്ത്രീകളെ തൊട്ടാല്‍ വുദൂ ദുര്‍ബലപ്പെടുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. മാതാവ്, സഹോദരി തുടങ്ങിയ രക്തബന്ധമുള്ളവരെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമെന്ന് ആര്‍ക്കും അഭിപ്രായമില്ല. അന്യസ്ത്രീ-പുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിച്ചാല്‍ വുദൂ ദുര്‍ബലപ്പെടുമെന്ന് ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഭാര്യ അന്യസ്ത്രീയാണ്. അതിനാല്‍ തൊട്ടാല്‍ വുദൂ മുറിയും എന്നു ചിലര്‍ പറയാറുണ്ട്. അതു ശരിയല്ല. പ്രവാചകചര്യയില്‍ നിന്നും അതു വ്യക്തമാകുന്നു. ആഇശ(റ) പറയുന്നു: ''നബി(സ്വ) തന്റെ ഭാര്യമാരില്‍ ചിലരെ ചുംബിക്കുകയും പിന്നെ വുദൂ എടുക്കാതെ നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു.''

രാത്രി നമസ്‌കാരവേളയില്‍ നബി(സ്വ) സുജൂദിലേക്ക് പോകുമ്പോള്‍ ആഇശ(റ)യുടെ നഗ്നമായ കാലുകള്‍ മുന്നില്‍ നിന്നു നീക്കാറുണ്ടായിരുന്നു എന്നും നബി(സ്വ) നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ ആഇശ(റ) നബി(സ്വ)യുടെ കാല്‍ സ്പര്‍ശിച്ചിരുന്നുവെന്നും ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയെ തൊട്ടാല്‍ വുദൂ മുറിയുമെന്ന ധാരണ ശരിയല്ല എന്ന് ഇതില്‍ നിന്നൊക്കെ തെളിയുന്നു.

സൂറതുല്‍ മാഇദയിലെ  'ഔ ലാമസ്തുമുന്നിസാഅ' (അല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചാല്‍) എന്ന പ്രയോഗമാണ് ചില പണ്ഡിതന്മാര്‍ക്ക് വുദൂ മുറിയുമെന്ന അഭിപ്രായത്തിനു നിദാനം. എന്നാല്‍ ലാമസ എന്നതിന്റെ വിവക്ഷ കേവല സ്പര്‍ശമല്ല, ലൈംഗികബന്ധമാണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹദീസുകള്‍ ശരിവെക്കുന്നതും അതുതന്നെ. അന്യസ്ത്രീ-പുരുഷന്മാര്‍ വികാരപരമല്ലാത്ത നിലയില്‍ സ്പര്‍ശിച്ചുപോയാല്‍ വുദൂ മുറിയുമെന്ന് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ വന്നിട്ടില്ല. ഹജ്ജിന്റെ വേളയിലും മറ്റും ചിലപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരല്‍ ഉണ്ടാകാമല്ലോ, അതുപോലെ സ്പര്‍ശവും.


 

Feedback