Skip to main content

നിയ്യത്ത്

ആരാധനാ കര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നിയ്യത്ത്. മനസ്ഥിതി അഥവാ വിചാരഗതി എന്നാണ് അതിന്റെ വിവക്ഷ. ഏതൊരു കര്‍മവും സ്വീകാര്യമാകണമെങ്കില്‍ അതിന് ഉദ്ദേശ്യ ശുദ്ധി വേണം. അല്ലാഹുവിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന ബോധവും അവന്റെ പ്രതിഫലത്തെ സംബന്ധിച്ച പ്രത്യാശയും ഏതു കര്‍മത്തിനും കൂടിയേ കഴിയൂ.

കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളനുസരിച്ച് മാത്രമാണ്. ഏതൊരാള്‍ക്കും (തന്റെ കര്‍മം കൊണ്ട്) അയാള്‍ ഉദ്ദേശിച്ചതെന്തോ അതു മാത്രമാണുണ്ടാവുക'' (ബുഖാരി, മുസ്‌ലിം).

ഈ നിര്‍ബന്ധം വുദൂ, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ഏതു ആരാധനയ്ക്കും ബാധകമാണ്. നിര്‍ബന്ധമാണ്. അതില്ലാത്ത ആരാധനകള്‍, കേവലം ആചാരങ്ങളോ ചലനങ്ങളോ മാത്രമായി അവശേഷിക്കും.

നിയ്യത്ത് രണ്ടുരീതിയിലുണ്ട്. ഒന്ന് ബോധപൂര്‍വം ചെയ്യുന്നത്. ഏതൊരു പ്രവൃത്തിക്കും സ്വാഭാവികമായി ഉണ്ടാകേണ്ട മനസ്സാന്നിധ്യമാണ് അത്. അതായത് താന്‍ ഇന്ന കാര്യം ചെയ്യാന്‍ പോകുന്നു എന്ന ബോധ്യം. മറ്റൊന്ന്, കര്‍മത്തിന്റെ ഉദ്ദേശ്യശുദ്ധി. ആത്യന്തികമായ ലക്ഷ്യത്തെ സംബന്ധിച്ച ചിന്ത എന്നൊക്കെ പറയാവുന്ന കാര്യമത്രെ ഇത്. ഈ രണ്ടുതരം നിയ്യത്തും മേല്പറഞ്ഞ ഹദീസിന്റെ വിവക്ഷയില്‍ വരും.

നിയ്യത്തില്ലാതെ മുഖവും കൈകാലുകളും കഴുകിയാല്‍ അതു കേവലം ക്ഷീണം മാറ്റാനുള്ള അംഗസ്‌നാനം മാത്രം. പകലന്തിയോളം പട്ടിണി കിടന്നാലും 'നിയ്യത്ത്' ഇല്ലെങ്കില്‍ അതു നോമ്പാവുകയില്ല. ഏത് ആരാധനയുടെയും സ്ഥിതി ഇതു തന്നെ.

നിയ്യത്ത് മനസ്സിലാണ്. നാവിന് അതില്‍സ്ഥാനമില്ല. ചില ആളുകള്‍ നിയ്യത്ത് ഉറക്കെ പറയാറുണ്ട്. അതിന് യാതൊരു അടിസ്ഥാനവുമില്ല. വുദൂഇനും നമസ്‌കാരത്തിനും നോമ്പിനും മറ്റും പ്രത്യേക നിയ്യത്തിന്റെ പദങ്ങള്‍ ഉരുവിടുന്ന ചിലരെകാണാം. അത് നബിചര്യയില്‍ പെട്ടതല്ല. ഉംറയിലും ഹജ്ജിലും ഇതില്‍ നിന്നു വ്യത്യസ്തമാണ് കാര്യം. അതില്‍ നിയ്യത്ത് ചൊല്ലണമെന്നതിന് നബി(സ്വ)യില്‍ നിന്ന് പ്രത്യേകമായ കര്‍മമാതൃകയുണ്ട്.
 

Feedback