Skip to main content

ഇസ്‌ലാം ശാസ്ത്രത്തിന് വഴികാണിച്ചു

ശാസ്ത്രം പ്രകൃതിയിലെ സൂക്ഷ്മ വസ്തുക്കളെയും സ്ഥൂലവസ്തുക്കളെയും കുറിച്ച് ഗവേഷണങ്ങള്‍ നടത്തി അതിന്റെ ഘടന മനസ്സിലാക്കുന്നു. ഒരു വസ്തുവിന്റെ തന്‍മാത്രയും മൂലകവും ആറ്റവും അവ പഠന വിധേയമാക്കുന്നു. പ്രകൃതിയിലുള്ള തൊണ്ണൂറ്റഞ്ചോളം മൂലകങ്ങള്‍ കൂടിച്ചേര്‍ന്നാണ് കോടിക്കണക്കിന് വസ്തുക്കള്‍ നിര്‍മിക്കപ്പെട്ടത്. അതില്‍ 95 ശതമാനവും ഓക്‌സിജന്‍, സിലിക്കണ്‍, അലൂമിനിയം, ഇരുമ്പ്, കാത്സ്യം എന്നീ മൂലകങ്ങളുടെ വ്യത്യസ്ത അളവിലുള്ള സംയോജനത്തിലൂടെയാണ് ഉണ്ടാക്കിയിരിക്കുന്നത്.  അതിസൂക്ഷ്മമായ ഈ പഠന സവേഷണങ്ങളാണ് മനുഷ്യന്റെ പുരോഗതിക്ക് നിദാനം. സ്രഷ്ടാവ് മനുഷ്യന് നല്‍കിയ സവിശേഷ ബുദ്ധിയും ചിന്താശേഷിയുമാണ് ഈ പഠന പ്രകൃയകള്‍ക്കും അതിന്റെ സദ്ഫലങ്ങള്‍ക്കും കാരണം.

എന്നാല്‍ മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ച് ഗവേഷണം നടത്തി കണ്ടുപിടിക്കാവുന്നതല്ല മത ദര്‍ശനങ്ങളും ധര്‍മചിന്തയും. ഇസ്‌ലാം ഈ രംഗത്താണ് മനുഷ്യനെ പരിവര്‍ത്തിപ്പിക്കു ന്നത്. അതേസമയം അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ചിന്താശേഷിയെ പോഷിപ്പിക്കുന്നു. സ്രഷ്ടാവിലുള്ള വിശ്വാസത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്തെല്ലാം ദൃശ്യപ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെയും വസ്തുക്കളെയും പറ്റി ഉറ്റാലോചിക്കാന്‍ ആഹ്വാനം ചെയ്തു. ഭൂമി, ആകാശം, രാപകലുകള്‍, സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങള്‍, മല, മഴ, മഞ്ഞ്, ജന്തുസസ്യ വര്‍ഗങ്ങള്‍ തുടങ്ങി ചെറുപ്രാണികളുടെ സൂക്ഷ്മ ജീവിതം വരെ പഠന മനനങ്ങള്‍ക്ക് വിധേയമാക്കാനുള്ള വിശുദ്ധ ഖുര്‍ആനിന്റെ 'മതകീയ ശാസന' മുസ്‌ലിംകളുടെ ധൈഷണിക വികാസത്തിന് ആക്കം കൂട്ടി. ഈയൊരു വിജ്ഞാന തൃഷ്ണയാണ് മത പണ്ഡിതന്‍മാര്‍ ഭൗതിക വിഷയങ്ങളിലും പ്രാവീണ്യം നേടിയവരായിത്തീരാന്‍ കാരണം. അമവി അബ്ബാസി കാലഘട്ടങ്ങളില്‍ മുസ്‌ലിം ലോകത്തിനു കൈവന്ന അധികാര സീമകളും സാമ്പത്തിക സുസ്ഥിതിയും ഭരണാധികാരികളുടെ ധിഷണയും ചേര്‍ന്നപ്പോള്‍ മുസ്‌ലിംകള്‍ ശാസ്ത്ര രംഗത്തും മുന്‍പന്തിയിലെത്തി. ലോക നാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ നിരവധി സംഭാവനകളില്‍ ശാസ്ത്ര തത്പരത കൂടി കണക്കാക്കപ്പെടുന്നത് ഇക്കാരണത്താലാണ്.
 

 
 
 

Feedback