Skip to main content

അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി

ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക സര്‍വകലാശാലയാണ് ഈജിപ്തിലെ കെയ്‌റോയില്‍ സ്ഥിതി ചെയ്യുന്ന അല്‍ അസ്ഹര്‍. ക്രിസ്താബ്ദം 970 (ഹി:359)ല്‍ ഫാത്വിമിയ്യ ഭരണകൂടത്തിന്റെ ആദ്യഘട്ടത്തില്‍ സ്ഥാപിതമായ ഈ വിദ്യാഭ്യാസ കേന്ദ്രം ലോകത്ത് ഏറ്റവും പഴക്കമുള്ളവയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. ജാമിഅ സൈതൂന, ജാമിഅ ഖുറവിയ്യീന്‍ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ജാമിഉല്‍ ഖാഹിറ എന്ന പേരില്‍ ഫാത്വിമി ഭരണകൂടത്തിന്റെ ഔദ്യോഗിക വിദ്യാകേന്ദ്രമായി അല്‍ മുഇസ്സു ലിദീനില്ലാ എന്ന ഖലീഫ സ്ഥാപിച്ച ഈ സ്ഥാപനം പിന്നീട് അല്‍ അസ്ഹര്‍ എന്ന പേരില്‍ വിശ്വവിഖ്യാതമായിത്തീര്‍ന്നു. 


ഹിജ്‌റ 567ല്‍ ഈജിപ്തില്‍ അയ്യൂബി ഭരണം നിലവില്‍ വന്നതോടെ അല്‍ അസ്ഹറിന്റെ മുഖഛായ മാറി. ശിആ വിഭാഗത്തിന്റെ ഔപചാരിക അടയാളങ്ങളെല്ലാം മായ്ച്ചുകളയുകയും ജാമിഉല്‍ അസ്ഹറില്‍ അഹ്‌ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ വിദ്യാഭ്യാസം നിലനിര്‍ത്തുകയും ചെയ്തു. മംലൂക്കികളുടെ കാലഘട്ടത്തില്‍ ഭരണാധികാരികള്‍ അല്‍ അസ്ഹറിനെ ഏറെ ഉന്നതിയിലേക്ക് നയിക്കുകയും അസ്ഹരികള്‍ക്ക് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ നിര്‍ണായക സ്ഥാനം നല്‍കുകയും ചെയ്തു. അല്‍ അസ്ഹറിന്റെ തലവന് ശൈഖുല്‍ അസ്ഹര്‍ എന്ന പദവി നല്‍കി ആദരിച്ചത് ഉസ്മാനിയ(ഓട്ടോമന്‍) ഭരണകാലഘട്ടത്തിലാണ് (ക്രി. പതിനേഴാം നൂറ്റാണ്ടില്‍). ക്രി.1798ല്‍ ഫ്രഞ്ച് ഭരണാധികാരി നെപ്പോളിയന്‍ ബോനാപാര്‍ട്ട് ഈജിപ്ത് അധീനപ്പെടുത്തി. അല്‍ അസ്ഹറിന്റെ സ്ഥാനവും സ്വാധീനവും തിരിച്ചറിഞ്ഞ നെപ്പോളിയന്‍ അസ്ഹരികളില്‍ ചിലരെ കൂട്ടുപിടിച്ചു കൊണ്ട് സമൂഹത്തില്‍ ഫ്രഞ്ചുതാത്പര്യം വളര്‍ത്താന്‍ ശ്രമം നടത്തി. ആ തന്ത്രം ഒട്ടൊക്കെ ഫലം കണ്ടെങ്കിലും  ഫ്രഞ്ചുകാര്‍ക്കെതിരെ വിപ്ലവം നയിച്ചത് അസ്ഹരികള്‍ തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രചാരണം നടത്തുന്നതിലും വൈജ്ഞാനിക ശോഭ പരത്തുന്നതിലും അല്‍ അസ്ഹറിന്റെ സന്തതികള്‍ അന്ന് മുന്നിലുണ്ടായിരുന്നു. മാറിമാറി വന്ന ഭരണകൂടങ്ങളെല്ലാം അല്‍ അസ്ഹറിന്റെ പുരോഗതിയില്‍ ബദ്ധശ്രദ്ധരായിരുന്നു. വളരെ വ്യവസ്ഥാപിതമായി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നിലനില്ക്കുന്ന അല്‍ അസ്ഹറായിരുന്നു ഏതുകാലത്തും ഈജിപ്തിന്റെ ശോഭ കൂട്ടിയിരുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന മുസ്‌ലിം നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച റശീദ് റിദയെപ്പോലുള്ള മഹാരഥന്‍മാരും അല്‍ അസ്ഹറിലൂടെ പ്രതിഭാധനത്വം തെളിയിച്ചവരാണ്.

വൈജ്ഞാനിക രംഗത്ത് മുസ്‌ലിംകള്‍ ലോകത്തിന്റെ മുന്നില്‍ നടന്ന സുവര്‍ണ്ണകാലത്തിന്റെ ബാക്കിപത്രം കൂടിയാണ് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി. അറബി, ശരീഅ കോളെജുകള്‍ക്കു പുറമെ മെഡിസിന്‍, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ ആധുനിക വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം കലാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് (1961) ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ അസ്ഹര്‍ ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ തിളങ്ങി നില്ക്കുന്നു.     

Feedback