Skip to main content

ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മലേഷ്യ

1977-ല്‍ മക്കയില്‍ നടന്ന പ്രഥമ മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തില്‍ (World Conference on Muslim Education) ആധുനിക ലോകത്ത് മുസ്‌ലിം ഉമ്മത്ത് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുതകുന്ന ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കണമെന്ന ആശയം ഉയര്‍ന്നു വന്നു. ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഇസ്‌ലാമിക നവജാഗരണത്തിന്റെ തുടര്‍ച്ചകളിലൊന്നായിരുന്നു ഇസ്‌ലാമിക സര്‍വകലാശാലകള്‍. ഇതിനെത്തുടര്‍ന്നാണ് 1983ല്‍ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ (ഐ.ഐ.യു.എം) സ്ഥാപിതമാകുന്നത്. 1983-ല്‍ അന്നത്തെ മലേഷ്യന്‍ പ്രധാന മന്ത്രി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഐ ഐ യു എമ്മിന് ഔദ്യോഗിക അനുമതി നല്‍കുന്നത്. തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മലേഷ്യ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ പാക്കിസ്താനിലും ബംഗ്ലാദേശിലും സുഡാനിലും സമാനമായ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കപ്പെട്ടെങ്കിലും പ്രഖ്യാപിത ലക്ഷ്യവുമായി ഏറെ മുന്നോട്ടുപോയതും ഉന്നത നിലവാരത്തിലേക്കുയര്‍ന്നതും ഐ ഐ യുഎമ്മാണ്. 

International Islamic University Malaysia

മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രഫഷനലിസവും സ്വഛസുന്ദരമായ പഠനന്തരീക്ഷവും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികളെ ഐ ഐ യു എമ്മിലേക്ക് ആകര്‍ഷിക്കുന്നു. എണ്‍പതുകളില്‍ മുസ്‌ലിം ചിന്താമണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇസ്‌ലാമേസേഷന്‍ ഓഫ് നോളജ് (വിജ്ഞാനത്തിന്റെ ഇസ്‌ലാമികവല്‍കരണം) എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളും പ്രയോക്തക്കളുമാണ് യൂണിവേഴ്‌സിറ്റിയുടെ അണിയറശില്‍പികളില്‍ അധികവും. ഇസ്മാഇല്‍ റാജി ഫാറൂഖി, സയ്യിദ് നഖീബ് അല്‍ അതാസ്, അബീ ഹാമിദ് അബൂ സുലൈമാന്‍, കമാല്‍ ഹസന്‍ തുടങ്ങിയ ഇസ്‌ലാമിക ചിന്തകരാല്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ആശയം യൂണിവേഴ്‌സിറ്റിയുടെ മുദ്രാവാക്യവും പാഠ്യപദ്ധതിയിലെ മുഖ്യവിഷയവുമാണ്. അതു തന്നെയാണ് ഐ ഐ യുഎമ്മിനെ മറ്റു സര്‍വ്വകലാശാലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. 90 രാജ്യങ്ങളില്‍ നിന്നായി പതിനയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്നു.  Integration, Islamization, Internationalization, and Comprehensive Excellence എന്ന ബഹുമുഖ ലക്ഷ്യനിര്‍വഹണത്തിലേക്കുള്ള പാതയിലാണ് ഐ എ യു എം. 

International Islamic University Malaysia IIUM
ഇന്ത്യയിലെ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ ദാറുല്‍ ഉലൂം ദയൂബന്ദ്, ബാഖിയാതു സ്വലിഹാത്, നദ്‌വത്തുല്‍ ഉലൂം എന്നിവ പോലെ കേവല ഇസ്‌ലാമിക വിഷയങ്ങളിലുള്ള കോഴ്‌സുകള്‍ മാത്രമല്ല, ഐ ഐ യു എം ഓഫര്‍ ചെയ്യുന്നത്. ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമേ മെഡിക്കല്‍ സയന്‍സ്. ഹ്യൂമന്‍ സയന്‍സ്, എന്‍ജിനീയറിംഗ്, ആര്‍കിടെക്ചര്‍, എജ്യുകേഷന്‍, ലോ, പൊളിറ്റികല്‍ സയന്‍സ്, ഹിസ്റ്ററി ആന്റ് സിവിലൈസേഷന്‍, എംബിഎ, മാനേജ്‌മെന്റ് കോഴ്‌സുകള്‍, ഇസ്‌ലാമിക് ഫിനാന്‍സ് ആന്റ് ബാങ്കിങ്ങ് തുടങ്ങി നിരവധി കോഴ്‌സുകളും ഐ ഐ യു എമ്മിനെ സാമ്പ്രദായിക ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. 

കൊലാലംബുര്‍ നഗരത്തില്‍ നിന്ന് 25 കി.മീ. വടക്ക് കിഴക്കു മാറി പ്രകൃതിരമണീയമായ ഗോംബാകിലാണ് 700 ഏക്കര്‍ വിസ്തൃതിയുള്ള പ്രധാന കാമ്പസ.് ഐ ഐ യു എം റെക്ടറും ഇപ്പോഴും ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന്റെ ചെയര്‍മാനുമായ അബു ഹാമിദ് അബൂ സുലൈമാന്റെ രൂപകല്‍പ്പനയില്‍ ഇസ്‌ലാമിക വാസ്തുശില്‍പകലയും എന്‍ജിനീയറിംഗ് വൈദഗ്ധ്യവും സമ്മേളിക്കുന്നതാണ് ഗോംബാക് കാമ്പസ്. 

വിശാലമായ കാമ്പസിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പള്ളി മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ബൗദ്ധിക വൈജ്ഞാനിക കേന്ദ്രമാണെന്ന ശക്തമായ സന്ദേശം നല്‍കുന്നതാണ്. പള്ളിയുടെ പ്രധാന പ്രാര്‍ഥനാ ഹാള്‍ 9000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ്. കൂടുതല്‍ വിദ്യാര്‍ഥികളുള്ള കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് & ഹ്യൂമന്‍ സയന്‍സിന് കീഴിലെ ഖുര്‍ആന്‍ & സുന്ന, ഉസ്വൂലുദ്ദീന്‍ & കംപാരറ്റീവ് റിലീജ്യന്‍, ഫിഖ്ഹ് & ഉസ്വൂലുല്‍ ഫിഖ്ഹ് എന്നീ മൂന്ന് ഡിപാര്‍ട്ടുമെന്റുകളാണ് പ്രധാനമായും ഇസ്‌ലാമിക വിഷയങ്ങള്‍ ഓഫര്‍ ചെയ്യുന്നത്. അണ്ടര്‍ ഗ്രാജുവേറ്റ് ബിരുദം മുതല്‍ ഗവേഷണ പഠനത്തിനു വരെയുള്ള അവസരം എല്ലാ വകുപ്പുകളിലുമുണ്ട്. ഇതിനു പുറമെ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏതു വിഷയത്തിലുമുള്ള ഗവേഷണത്തിന് അവസരമൊരുക്കുന്ന റിസര്‍ച്ച് സെന്ററും യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ഏഴു കാമ്പസുകളിലായി ഒരു മില്യനിലധികം വരുന്ന ഗ്രന്ഥശേഖരമുള്ള ലൈബ്രറി ഇസ്‌ലാമിക ലോകത്തെ ക്ലാസിക്കല്‍ കൃതികള്‍ കൊണ്ടും പൗരാണിക എക്കര്‍ വിസ്തീര്‍ണമുള്ള മെഡിക്കല്‍ ക്യാമ്പസും കൊലാംലംബൂരില്‍ തന്നെ യുള്ള ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക്ക് സയന്‍സ് ആന്റ് സിവിലേഷന്‍, ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ബാങ്കിങ്ങ് ആന്റ് ഫിനാന്‍സും യൂണിവേഴ്‌സിറ്റിക്കു കീഴിലെ സഹോദരസ്ഥാപനങ്ങളാണ്.

ഇസ്‌ലാം വൈവിധ്യങ്ങളുടെ ഐ.ഐ.യു.എം കാമ്പസ് ദൃശ്യങ്ങള്‍ 

ലോകത്തിന്റെ നാനാ ദിക്കിലുമുള്ള മുസ്‌ലിം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന കാമ്പസ് സാംസ്‌കാരിക-ഭാഷാ- ജീവിതശൈലികളാല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. ശാഫി മദ്ഹബുകാരായ മലായ് ഇന്തോനേഷ്യന്‍ വംശജരും, ഹനഫികളായ ബംഗ്ലാദേശ് പാകിസ്താനികളും, മൊറൊക്കോ അള്‍ജീരിയ ടുണീഷ്യന്‍ പോലുള്ള ഉത്തരാഫ്രിക്കന്‍ നാടുകളില്‍ നിന്നുള്ള മാലികീ മദ്ഹബുകാരും ഹന്‍ബലികളും യൂണിവേഴ്‌സിറ്റിയില്‍ യഥേഷ്ടമുണ്ട്. ഒമാനിലും ചില ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മാത്രമുള്ള ഇബാദികളും കാമ്പസിന്റെ വൈവിധ്യത്തിന് നിറം കൂട്ടുന്നു. 

സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നതിലും യൂണിവേഴ്‌സിറ്റി മുന്നിട്ടു നില്‍ക്കുന്നു. വര്‍ധിച്ച സ്ത്രീപങ്കാളിത്തം, പഠന ഗവേഷണ ഉദ്യോഗതലങ്ങളിലൊക്കെയും ദൃശ്യമാണ്. ഐ ഐ യു എമ്മിന്റെ റെക്ടര്‍ പദവിയും ഉയര്‍ന്ന പല പദവികള്‍ വഹിക്കുന്ന മറ്റു പല ഉദ്യോഗസ്ഥരും സ്ത്രീകള്‍ തന്നെ. ഐ ഐയു എം പള്ളിയിലും മലേഷ്യയിലെ എതു ചെറിയ പള്ളിയിലും സ്ത്രീകളും നമസ്‌ക്കരിക്കുന്നത് പതിവു കാഴ്ച മാത്രമാണ്. 

യൂണിവേഴ്‌സിറ്റിയുടെ മിഷനുകളില്‍ ഒന്നായ ഇന്റഗ്രേഷന്‍, മത-ഭൗതിക വിഷയങ്ങളിലെ സമന്വയം മാത്രമല്ല, മുസ്‌ലിം ഉമ്മത്തിന്റെ ഇന്റഗ്രേഷനും കൂടി ഉള്‍ക്കൊള്ളുന്നതാണെന്നു ബോധ്യപ്പെടുത്തുന്നതാണ് കാമ്പസിലെ അന്തരീക്ഷം. എല്ലാ മദ്ഹബിലെയും സുപ്രധാന ഗ്രന്ഥങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമായതു പോലെ, ഇസ്‌ലാമിക ലോകത്തെ പൗരാണികരും സമകാലികരുമായ പ്രഗല്‍ഭ പണ്ഡിതന്‍മാരെയും ചിന്താപ്രസ്ഥാനങ്ങളെയും സ്വതന്ത്രമായി പഠിക്കാനും മനസ്സിലാ ക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഇഖ്ബാല്‍, റശീദ് രിദാ, ശഹീദ് സയ്യിദ് ഖുതുബ്, മൗലാനാ മൗദൂദി, ഇബ്‌നു ആശൂര്‍, അബുല്‍ ഹസന്‍ നദ്വി തുടങ്ങി യൂസുഫുല്‍ ഖറദാവി വരെ ധാരാളം പണ്ഡിതന്‍മാരുടെ ചിന്തകളും ആശയങ്ങളും ഇവിടെ ക്ലാസ്സിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നു.

International Islamic University Malaysia
Jln Gombak, 53100 Kuala Lumpur, Selangor, Malaysia
Phone: (+603) 6421 6421
Fax: (+603) 6421 4053
Email Address:webmaster@iium.edu.my
 

Feedback
  • Monday Oct 7, 2024
  • Rabia ath-Thani 3 1446