Skip to main content

പുത്രന്മാര്‍ (2-6)

മുഹമ്മദ് നബി(സ്വ)ക്ക് ഏഴു മക്കളായിരുന്നു. മൂന്ന് ആണും നാലു പെണ്ണും. റസൂലിനെ അല്ലാഹു ആണും പെണ്ണുമായ മക്കളെ നല്കി അനുഗ്രഹിച്ചുവെങ്കിലും സകരിയ്യാ(അ)യെയും പ്രപിതാമഹന്‍ ഇബ്‌റാഹീമിനെയും പോലെ ആണ്‍ സന്തതികളെ പിന്‍ഗാമിയായി അല്ലാഹു നിലനിര്‍ത്തിയില്ല. മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വത്തിന് അടിവരയിടാനും റസൂലിന്റെ പിന്‍ഗാമി പദത്തിന്റെയും കുടുംബ പരമ്പരയുടെയും പേരില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാനുമായിരിക്കാം അല്ലാഹുവിന്റെ ഈ നടപടി.  ശൈശവത്തില്‍ തന്നെ ആണ്‍ മക്കളെയെല്ലാം അല്ലാഹു തിരിച്ചു വിളിച്ചു. അങ്ങനെ ആണ്‍ മക്കളില്ലാത്തവരും മക്കള്‍ നഷ്ടപ്പെട്ടവരും അനുഭവിക്കുന്ന വേദനകൊണ്ട് സാധാരണക്കാരെപോലെ അല്ലാഹു അദ്ദേഹത്തെയും പരീക്ഷിച്ചു. മക്കളില്ലാത്തതും മക്കള്‍ മരണപ്പെടുന്നതും അല്ലാഹുവിന്റെ ശിക്ഷയല്ലെന്നും ഈമാന്‍ അളക്കാനുള്ള പരീക്ഷണമാണെന്നും മനുഷ്യരെ പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ അല്ലാഹു ചെയ്തത്. മരണപ്പെടുന്ന കുഞ്ഞുങ്ങള്‍ രക്ഷിതാക്കള്‍ക്ക് പരലോക നിക്ഷേപമാണെന്ന് ഉണര്‍ത്തിയ നബി(സ്വ) തന്നെ ആ പുണ്യ സമ്പാദനത്തിന് അനുഭവിക്കേണ്ട ക്ഷമയും സഹനവും എങ്ങനെ വേണമെന്ന് സ്വാനുഭവത്തിലൂടെ അനുചരന്മാരെ പഠിപ്പിച്ചു.  

ആണ്‍മക്കള്‍ക്ക് അമിത പ്രാധാന്യം നല്കപ്പെട്ട ജാഹിലിയ്യാ സമൂഹത്തില്‍ ഒന്നിനു പിറകെ ഒന്നായി റസൂലിന്റെ മൂന്നു ആണ്‍മക്കളും മരണപ്പെട്ടപ്പോള്‍, കുടുംബം നിലനിര്‍ത്താന്‍ ആണ്‍സന്താന മില്ലാത്തവന്‍ എന്ന അര്‍ഥത്തിലുള്ള 'വാലറ്റവന്‍'(അല്‍അബ്തര്‍) എന്ന കടുത്ത അവഹേളനം ബഹു ദൈവാരാധകരില്‍ നിന്ന്  നേരിടേണ്ടി വന്നത് നബി(സ്വ) അനുഭവിച്ച ഇരട്ട പരീക്ഷണമായിരുന്നു. 

ഖാസിം 


നബി(സ്വ)ക്ക് ആദ്യമായി പിറന്ന മകനാണ് ഖാസിം. ഈ പേരിനോടു ചേര്‍ത്ത് നബി(സ്വ)യെ അബുല്‍ഖാസിം എന്ന് വിളിക്കപ്പെട്ടിരുന്നു. തന്റെ പേര് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാമെങ്കിലും അബുല്‍ഖാസിം എന്ന സ്ഥാനപ്പേര് മറ്റാര്‍ക്കും നാമമായി ഉപയോഗിക്കരുതെന്ന് നബി(സ്വ) നിര്‍ദേശിച്ചിരുന്നു. ഖദീജ(റ)യാണ് മാതാവ്. പ്രവാചകത്വത്തിനു മുമ്പു പിറന്ന ഈ മകന്‍ രണ്ടാം വയസ്സില്‍ പ്രവാചകത്വത്തിനു മുമ്പുതന്നെ മരണപ്പെട്ടു. 

അബ്ദുല്ല
 
നബി(സ്വ)യുടെ ദ്വിതീയ പുത്രനാണ് അബ്ദുല്ല. ഖദീജ(റ)യില്‍ തന്നെയാണ് ഈ മകനും ജനിച്ചത്. പ്രവാചകത്വത്തിനു ശേഷമായിരുന്നു ജനനം. എന്നാല്‍ രണ്ടുവയസ്സാകുന്നതിനു മുമ്പുതന്നെ ഈ മകന്‍  മക്കയില്‍ തന്നെ മരണപ്പെട്ടു. ഈ കുട്ടിക്ക് ത്വാഹിര്‍, ത്വയ്യിബ് എന്നെല്ലാം ഓമനപ്പേരുകളുണ്ടായിരുന്നു.

ഇബ്‌റാഹീം
 
മുഖൗഖിസ് രാജാവ് സമ്മാനിച്ച മാരിയതുല്‍ ഖിബ്തിയ്യ(റ)യില്‍ ഹിജ്‌റ എട്ടാം വര്‍ഷം നബി(സ്വ)ക്ക് ജനിച്ച മകനാണ് ഇബ്‌റാഹീം. നബി(സ്വ)യെയും കുടുംബത്തെയും സഹചരന്മാരെയുമെല്ലാം കണ്ണീരിലാഴ്ത്തി പ്രവാചകന്‍(സ്വ) ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ മകനും ഒന്നര വയസ്സ് പ്രായമായിരിക്കെ മരണപ്പെട്ടു. മരണപ്പെട്ടവരുടെ പേരില്‍ കരയുന്നത് വിലക്കിയ റസൂല്‍(സ്വ) കരയുന്നതു കണ്ട സഹാബികളുടെ സംശയം തീര്‍ത്തുകൊണ്ട് നബി(സ്വ) പറഞ്ഞു. കണ്ണ് നീരണിയുന്നു, മനസ്സ് വേദനിക്കുന്നു, എന്നാല്‍ നമ്മുടെ നാഥന് തൃപ്തിയില്ലാത്തതൊന്നും നാം പറയില്ല. ഇബ്‌റാഹീം, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്(ബുഖാരി). കണ്ണീരല്ല, മാറത്തടിച്ചും അട്ടഹസിച്ചുമെല്ലാം ദുഃഖം പ്രകടിപ്പിക്കുന്നതാണ് നിരോധിക്കപ്പെട്ടത് എന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. 

ഇബ്‌റാഹീമിന്റെ മരണദിവസത്തില്‍ സൂര്യഗ്രഹണമുണ്ടായി. പ്രധാനികളുടെ മരണം സംഭവിക്കുമ്പോള്‍ ഗ്രഹണം സംഭവിക്കുന്നു എന്ന അന്ധവിശ്വാസത്തിന് ബലം കൂട്ടാന്‍ ഇതു കാരണമായി. നബി(സ്വ)യുടെ അനുചരന്മാര്‍ക്കിടയിലും ഇത്തരം വാര്‍ത്ത പരക്കുന്നതറിഞ്ഞതോടെ അദ്ദേഹം അതു തിരുത്തി. ''വല്ലവനും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അതിനെ(ഗ്രഹണത്തെ) കണ്ടാല്‍ നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍'' (ബുഖാരി).
 

Feedback