Skip to main content

റുഖിയ്യ(റ)(4-6)

''നിങ്ങളെന്തിന് മുഹമ്മദിന്റെ ഭാരങ്ങള്‍ തലയിലേറ്റണം? അവരെ അവന്റെയടുത്തേക്ക് തിരിച്ചയക്കൂ, പെണ്‍മക്കളെക്കൊണ്ട് മുഹമ്മദ് വലയട്ടെ'' ഖുറൈശി സഭയില്‍നിന്നുയര്‍ന്നുവന്ന ഉപദേശം അബൂലഹബിന് നന്നേ പിടിച്ചു. വീട്ടിലെത്തിയ അയാള്‍ മക്കളായ ഉത്ബ, ഉതൈബ എന്നിവരെ വിളിച്ച് കാര്യം പറഞ്ഞു. അവരും എതിര്‍ത്തില്ല. ഭാര്യ ഉമ്മുജമീലക്കും അത് ഹൃദ്യമായി. അങ്ങനെ റുഖിയ്യയും ഉമ്മുകുല്‍സൂമും സ്വന്തം വീട്ടിലെത്തി. മുഹമ്മദ് നബി(സ്വ)യുടെയും ഖദീജ (റ)യുടെയും വീട്ടില്‍.

കുടുംബ ബന്ധം ചേര്‍ക്കാനാണ് പിതൃവ്യന്‍ അബൂത്വാലിബിന്റെ ആവശ്യം പരിഗണിച്ച് റുഖിയ്യയെ അബൂലഹബിന്റെ മകന്‍ ഉത്ബക്ക് നബി(സ്വ) വിവാഹം കഴിച്ചുകൊടുത്തത്. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീലയായതിനാല്‍ ഖദീജ(റ)ക്ക് അതിന് അര്‍ധ സമ്മതമേ ഉണ്ടായിരുന്നുള്ളൂ. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു.

മുഹമ്മദ് നബി(സ്വ) പ്രബോധനവുമായി ഇറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് പിതൃവ്യന്‍കൂടിയായ അബൂലഹബും അയാളുടെ ഭാര്യ ഉമ്മുജമീലയുമായിരുന്നു. നബിയോടുള്ള ദേഷ്യം സ്വന്തം വീട്ടില്‍ അവര്‍ കാണിച്ചു. മരുമക്കളും നബി പുത്രിമാരുമായ റുഖിയ്യയോടും ഉമ്മുകുല്‍സൂമിനോടും ഭര്‍ത്താക്കന്മാരായ ഉത്ബയും ഉതൈബുയുംകൂടി എതിരായപ്പോള്‍ അവര്‍ക്കവിടെ സ്വസ്ഥത നശിച്ചു.

ഇതിനിടെയാണ് മുഹമ്മദിന് ഭാരമാവട്ടെ എന്ന ഉദ്ദേശ്യത്തോടെ അബൂലഹബ് ഇരുവരെയും വീട്ടില്‍നിന്ന് മടക്കി അയച്ചത്. എന്നാല്‍ അയാള്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു നബി(സ്വ)യും ഖദീജയും.

റുഖിയ്യയുടെയും ഉമ്മുകുല്‍സൂമിന്റെയും മടങ്ങിവരവ് നബി(സ്വ)യെ എന്തെന്നില്ലാതെ ആശ്വസിപ്പിച്ചു. ഇതിനിടെ ഉസ്മാനുബ്‌നു അഫ്ഫാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇസ്‌ലാമിലെത്തുന്നതിന് മുമ്പ്തന്നെ റുഖിയ്യയെ ഇണയായിക്കിട്ടാന്‍ ഉസ്മാന് ആഗ്രഹമുണ്ടായി രുന്നെങ്കിലും ഉത്ബയുമായി വിവാഹ നിശ്ചയം നടന്നതിനാല്‍ സാധിച്ചില്ല. അയാള്‍ വിവാഹ മോചനം നടത്തിയത് ഉസ്മാന്(റ) തുണയായി. നബി(സ്വ) റുഖിയ്യയെ സുന്ദരനും സമ്പന്നനും സദ്‌സ്വഭാവിയുമായ ഉസ്മാന്(റ) വിവാഹം ചെയ്തുകൊടുത്തു.

മക്കയിലെ ജീവിതം ദുസ്സഹയമായതിനാല്‍ ഇവര്‍ എത്യോപയിലേക്ക് ഹിജ്‌റ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി. അപ്പോഴേക്കും മാതാവ് ഖദീജ വിട പറഞ്ഞിരുന്നു. അടുത്ത വര്‍ഷം തന്നെ അവര്‍ മദീനയിലേക്കും ഹിജ്‌റ പോയി.

ഹിജ്‌റ രണ്ട് റമദാനില്‍, ബദ്ര്‍ യുദ്ധം നടക്കവെ, ഉസ്മാനെ(റ) തനിച്ചാക്കി റുഖിയ്യ യാത്രയായി. ക്രിസ്തുവര്‍ഷം 603ല്‍ ജനിച്ച റുഖിയ്യ മരിക്കുമ്പോള്‍ 21 വയസ്സായിരുന്നു പ്രായം. അബ്ദുല്ല എന്ന കുട്ടി ജനിച്ചെങ്കിലും ശൈശവത്തിലേ മരിച്ചു.

Feedback