Skip to main content

ഉമ്മുകുല്‍സൂം(റ) (5-6)

വിധവയായ മകള്‍ ഹഫ്‌സ്വ(റ)യെ വിവാഹം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് ഉമര്‍(റ) അബൂബക്‌റി (റ)നെകണ്ടു. സിദ്ദീഖ് വിസ്സമതിച്ചു. ഉസ്മാനെ(റ) കണ്ടു. അപ്പോള്‍ റുഖിയ്യയുടെ വേര്‍പാടിനെ തുടര്‍ന്ന് വിഭാര്യനായിരുന്നുവെങ്കിലും ഉസ്മാനും(റ) പിന്‍മാറി. ക്ഷോഭം കൊണ്ട ഉമര്‍(റ) തിരുനബി(സ്വ)യെ കണ്ടു.

''ഉസ്മാനേക്കാള്‍ മികച്ചയാളെ ഹഫ്‌സ്വക്ക് ഭര്‍ത്താവായി ലഭിക്കും. ഹഫ്‌സ്വയേക്കാള്‍ നല്ലവളെ ഉസ്മാന് ഭാര്യയായി വരും.'' നബി(സ്വ)യുടെ മറുപടി ഉമറി(റ)നെ സമാധാനിപ്പിച്ചു. അധികം വൈകാതെ ഹഫ്‌സ്വ(റ)യെ ദൂതര്‍ വിവാഹം ചെയ്തു. ഉസ്മാന്‍(റ) നബി(സ്വ) പുത്രി ഉമ്മുകുല്‍സൂമി(റ)നെയും.

നബി(സ്വ)യുടെയും ഖദീജയുടെയും മൂന്നാമത്തെ മകളായ ഉമ്മുകുല്‍സൂമിനെ ആദ്യം വിവാഹം ചെയ്തത് അബൂലഹബിന്റെ മകന്‍ ഉതൈബയായിരുന്നു ഉമ്മുകുല്‍സൂമിന്റെ സഹോദരി റുഖിയ്യയും അതേ വീട്ടിലുണ്ടായിരുന്നു; ഉതൈബയുടെ സഹോദരന്‍ ഉത്ബയുടെ ഭാര്യയായി. പിന്നീട് നബി(സ്വ) യോടുള്ള വിരോധം കാരണം. ഇരുവരെയും വിവാഹബന്ധം വേര്‍പ്പെടുത്തി തിരിച്ചയച്ചു അബൂലഹബ്.

ഉമ്മുകുല്‍സൂം പിന്നീട് മാതാവ് ഖദീജയോടൊപ്പം കഴിഞ്ഞുകൂടി. വീട്ടിലെ ചുമതലകള്‍ അവള്‍ക്കായി. ഇതിനിടെ മുസ്‌ലിംകള്‍ക്കെതിരെ ബഹിഷ്‌കരണവും വന്നു. ശിഅ്ബു അബിത്വാലിബില്‍ നബി (സ്വ)യോടും മറ്റു മുസ്‌ലിംകളോടൊപ്പം പട്ടിണി കിടക്കാന്‍ ഉമ്മുകുല്‍സൂമും(റ) ഉണ്ടായിരുന്നു.

ബഹിഷ്‌കരണം ദുര്‍ബലമായപ്പോഴാണ് മാതാവ് ഖദീജ(റ)യുടെ വിയോഗമുണ്ടായത്. തുടര്‍ന്ന് മദീന ഹിജ്‌റയും ബദ്ര്‍ യുദ്ധവും. സഹോദരി റുഖിയ്യയും മരിച്ചു. ഉമ്മുകുല്‍സൂം(റ) വേദനകളുടെ ലോകത്തായി. ഒടുവില്‍ സന്തോഷത്തിന്റെ തീരമണഞ്ഞു. വര്‍ഷങ്ങളായി വിവാഹമോചിതയായി കഴിയുന്ന ഉമ്മുകുല്‍സൂമിനെ തിരുനബി(സ്വ) ഉസ്മാന്(റ) ഇണയാക്കി നല്‍കി. നബി(സ്വ)യുടെ രണ്ടു മക്കളെ ഭാര്യമാരായി ലഭിച്ച ഉസ്മാന്(റ) ബഹുമതി നാമവും കിട്ടി, ദുന്നൂറൈന്‍ (ഇരട്ട പ്രകാശമു ള്ളവന്‍).

ആ ദാമ്പത്യം ആറുവര്‍ഷം നീണ്ടുനിന്നു. മക്കാ വിജയം കണ്ട ഉമ്മുകുല്‍സൂം ഹിജ്‌റ 9ന് ശഅബാനില്‍ ഉസ്മാനെ(റ) ഒരിക്കല്‍ക്കൂടി സങ്കടക്കടലിലാക്കി വിടചൊല്ലി. ഇവര്‍ക്ക് മക്കളില്ല. മക്കളുടെ തുടരെത്തുടരെയുള്ള വേര്‍പാട് നബി(സ്വ)യെ ദു:ഖത്തിലാഴ്ത്തി.
 

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446