Skip to main content

മെസൊപ്പൊട്ടേമിയ

യൂഫ്രട്ടീസ്, ടൈഗ്രിസ് നദീ താഴ്‌വര മെസൊപ്പൊട്ടേമിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. താഴ്ന്ന ഭാഗം സുമര്‍ എന്നും ഉയര്‍ന്ന പ്രദേശം അക്കാഡ് എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇവ രണ്ടും ചേര്‍ന്നതാണ് ബാബിലോണിയ. ഫല പുഷ്ടിയുള്ള ചന്ദ്രക്കല (Fertile Crescent) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശത്ത് നാഗരികത വന്‍ തോതിലുള്ള വികാസം പ്രാപിച്ചു. ബി സി നാലായിരം വര്‍ഷത്തോടടുത്ത കാലത്ത് പേര്‍ഷ്യയില്‍ നിന്ന് മെസൊപ്പൊട്ടേമിയയില്‍ കുടിയേറിയ സുമേറിയക്കാരുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു. ഗോതമ്പു കൃഷി ആദ്യമായി നടത്തിയത് സുമര്‍ താഴ്‌വരയിലാണ്. അണക്കെട്ടും കനാലും നിര്‍മിച്ച് വിപുലമായ കൃഷി നടത്തി. ഈജിപ്തുമായും ഇന്ത്യയിലെ സിന്ധ് പ്രദേശവുമായും അവര്‍ക്ക് വ്യാപാര ബന്ധം ഉണ്ടായിരുന്നു. സൈന്ധവ നാഗരിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ സുമേറിയയുമായുള്ള ബന്ധം വിളിച്ചോതുന്നു. പ്രാകൃത രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായവും അവര്‍ ആവിഷ്‌കരിച്ചിരുന്നു. സുമേറിയന്‍ തുണിത്തരങ്ങളും രോമ വസ്ത്രങ്ങളുമെല്ലാം പ്രശസ്തിയാര്‍ജിച്ചവയായിരുന്നു. യൂഫ്രട്ടീസ് തീരത്തുള്ള നിപ്പൂര്‍ പട്ടണം 5000 ബി സിയില്‍ നിലനിന്നിരുന്നുവെന്നാണ് ചരിത്രം. മറ്റൊരു പ്രധാന പട്ടണമായിരുന്നു 'ഊര്‍'. ഇബ്‌റാഹിം നബി ഈ പട്ടണത്തില്‍ നിന്നാണ് ഫലസ്തീനിലെ കനാന്‍ പ്രദേശത്ത് കുടിയേറിപ്പാര്‍ത്തതെന്ന് കരുതപ്പെടുന്നു. നഗരങ്ങള്‍ക്കും കോട്ടകള്‍ക്കുമൊപ്പം കമാനവും കൊത്തളങ്ങളും (Arch & Dam) അവരുടെ സംഭാവനകളാണ്. ഊര്‍ പട്ടണത്തില്‍ നടത്തിയ ഉത്ഖനനങ്ങള്‍ ഇതിനുള്ള തെളിവുകള്‍ നല്‍കുന്നു.

എഴുത്തുകല ഇവരുടെ മഹത്തായ സംഭാവനയാണ്. പൂളി(Wedge)ന്റെ ആകൃതിയിലുള്ള ചിത്രലിപി 'കൂനിഫോം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും പുരോഗതി പ്രാപിച്ച അക്കാലത്ത് കളിമണ്‍ കട്ടകളില്‍ എഴുത്താണി ഉപയോഗിച്ചാണ് എഴുതിയിരുന്നത്. 

പ്രകൃതി ശക്തികളില്‍ വിശ്വസിച്ചിരുന്ന സുമേറിയക്കാര്‍ ദൈവങ്ങള്‍ക്ക് മനുഷ്യന്റേതുള്‍പ്പെടെ വിവിധ രൂപങ്ങള്‍ കല്പിച്ചിരുന്നു.

സുമേറിയക്കാരെ തുടര്‍ന്ന് ഭരണം നടത്തിയിരുന്നത് സെമിറ്റിക് വര്‍ഗക്കാരായ അക്കാദിയന്‍മാര്‍ ആയിരുന്നു. ഏറ്റവും പ്രഗത്ഭനായ അക്കാദിയന്‍ ചക്രവര്‍ത്തി സാര്‍ഗ(2750 ബി സി)ന്റെ കാലത്ത് പേര്‍ഷ്യന്‍ കടലിടുക്ക് മുതല്‍ മെഡിറ്ററേനിയന്‍ തീരം വരെ സാമ്രാജ്യം വ്യാപിച്ചിരുന്നു. അക്കാദിയന്‍ ഭരണം അവസാനിപ്പിച്ച് സെമിറ്റിക് വര്‍ഗക്കാരായ അമോറയിത്തുകള്‍ ആധിപത്യം സ്ഥാപിച്ചു. ക്രോഡീകരിക്കപ്പെട്ട ഒരു നിയമ സംഹിത തയ്യാറാക്കിയ ഹമുറാബി (2000 ബി സി) ആയിരുന്നു ഈ വംശത്തിലെ പ്രബലനായ രാജാവ്.

സെമിറ്റിക്കുകളായ അസീറിയന്‍മാരുടെ പ്രധാന പട്ടണങ്ങളായിരുന്നു അസ്സുര്‍, നിനവെ എന്നിവ. ശൂര പരാക്രമികളായിരുന്നെങ്കിലും നാഗരികതക്കെതിരെ അവര്‍ മുഖം തിരിച്ചിരുന്നില്ല. കാല്‍ഡിയന്‍ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ അസീറിയന്‍മാര്‍ക്കായില്ല. നെബുക്കാദ് നസറാ(604-561)യുടെ ഭരണകാലത്താണ് കലാപകാരികളായ യഹൂദരെ അടിച്ചമര്‍ത്തി ഫലസ്തീനില്‍ നിന്ന് ബാബിലോണിയയിലേക്ക് പിടിച്ചു കൊണ്ടുപോയത്. യഹൂദ ചരിത്രത്തില്‍ ഈ സംഭവം ബാബിലോണിയന്‍ ബന്ധനം (Babylonian Captivity) എന്നാണറിയപ്പെടുന്നത്. ലോകാത്ഭുതങ്ങളില്‍ പെടുന്ന തൂങ്ങുന്ന തോട്ടം (Hanging Garden) ഇദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ പണികഴിപ്പിച്ചതാണ്.

കലയും സാഹിത്യവും പ്രോത്സാഹിപ്പിച്ച കാല്‍ഡിയന്‍ രാജാക്കന്‍മാര്‍ ബാബിലോണിയയില്‍ പ്രാചീന ആരാധനകളും ക്ഷേത്രങ്ങളും പുനര്‍നിര്‍മിച്ചു. ജ്യോതിശ്ശാസ്ത്രം ഉള്‍പ്പെടെ ശാസ്ത്രങ്ങളില്‍ കാര്യമായ വളര്‍ച്ചയുണ്ടായി.
 

Feedback
  • Friday May 3, 2024
  • Shawwal 24 1445