Skip to main content

ചൈനീസ് നാഗരികത

ചെറിയ നഗര രാഷ്ട്രങ്ങളായി രൂപംകൊണ്ട് ക്രമേണ വലിയ രാജ്യങ്ങളായി പരിണമിച്ച ചൈനയില്‍ ഹുങ്‌ഹോ-യാങ്ത്സി, കിയാങ് താഴ്‌വരകളിലാണ് നാഗരികതകള്‍ വളര്‍ന്നത്. ഷാങ്(1750 - 1125 ബിസി), ചൂ(1125-250 ബി സി), സിന്‍ഹാന്‍ എന്നീ രാജവംശങ്ങള്‍ ഭരണം നടത്തിയിരുന്നു. കൃഷി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്ന അവര്‍ സില്‍ക്ക് നെയ്ത്ത്, സെറാമിക് പാത്ര നിര്‍മാണം എന്നിവയ്ക്കും പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ചൈനയില്‍ മരം, മുള എന്നിവയുടെ ചീളുകളില്‍ മുളയുടെ പെന്‍സില്‍ ഉപയോഗിച്ചുള്ള ആലേഖന സമ്പ്രദായം നിലവിലുണ്ടായിരുന്നു. പില്‍ക്കാലത്ത് സില്‍ക്ക്, തുണി, ചണം എന്നിവ കൊണ്ടുണ്ടാക്കിയ ഒരുതരം കടലാസ് അവര്‍ ഉപയോഗിച്ചു. 

ഹൂണന്‍മാരുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ഷിങ്‌വാന്‍ടി ചക്രവര്‍ത്തി (ചരമം 210 ബി സി) നിര്‍മിച്ച വന്‍മതിലാണ് ചൈനീസ് വാസ്തുശില്പകലയുടെ ഏറ്റവും വലിയ ഉദാഹരണം. ഇടവിട്ടിടവിട്ട് 40 അടിയോളം ഉയരത്തിലുള്ള ഗോപുരങ്ങളോടു കൂടിയ വന്‍മതിലിന് 18,000 നാഴിക നീളവും 22 അടി ഉയരവും 30 അടി വീതിയുമുണ്ട്. 

ചൈനയിലെ ആധ്യാത്മികത ലാവോത്‌സിയുമായും കണ്‍ഫ്യൂഷിയസുമായും ബന്ധപ്പെട്ടു കിടക്കുന്നു. ലാവോത്‌സിയയുടെ താമോ ഇസത്തില്‍ താഒയാണ് (പ്രകൃതി) കേന്ദ്രബിന്ദു. ഇതിനെ ധ്യാനിച്ചുകൊണ്ട് മനുഷ്യന്‍ പ്രകൃതി പ്രതിഭാസവുമായി അലിഞ്ഞുചേരണമെന്നാണ് ലാവോത്‌സിയന്‍ വിശ്വാസം.
 

Feedback