Skip to main content

റോമന്‍ നാഗരികത

റോമന്‍ നഗരം ഏതാണ്ട് ബി സി 753ല്‍ രൂപപ്പെട്ടിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഒരു നഗര രാഷ്ട്രത്തില്‍ തുടങ്ങി ഇറ്റലിയും മെഡിറ്ററേനിയന്‍ തീരവും ബ്രിട്ടന്റെ ഒരു ഭാഗവും അധീനപ്പെടുത്തി വലിയ സാമ്രാജ്യം സ്ഥാപിച്ച വിസ്മയ കഥയാണ് റോമിന്റെ ചരിത്രം. ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, ഗ്രീക്ക് നാഗരികതയുടെ പിന്തുടര്‍ച്ചക്കാരുമായി അവര്‍. 

ബി സി 509ല്‍ ടാര്‍ക്വിന്‍ എന്ന യോദ്ധാവ് വിദേശ ഭരണാധികാരികളെ പുറത്താക്കി സ്വദേശി ഭരണം സ്ഥാപിച്ചു. നേരത്തെ തന്നെ രാജവാഴ്ച നിലവിലുണ്ടായിരുന്ന റോമില്‍ മതാധിപതിയും സേനാധിപതിയും ന്യായാധിപനുമെല്ലാം രാജാവു തന്നെയായിരുന്നു.

ഇറ്റാലിയന്‍ അര്‍ധദ്വീപിനെ ഏറെക്കുറെ തുല്യവിസ്തൃതിയുള്ള രണ്ടു ഭാഗങ്ങളായി തിരിക്കാം. തെക്കുഭാഗത്ത് വീതി കുറഞ്ഞ  അര്‍ധ ദ്വീപും വടക്കുഭാഗത്ത് ലോ നദീ താഴ്‌വരയും. ആല്‍പ്‌സ് പര്‍വ്വത നിരയാണ് ഇറ്റലിയെ മറ്റു യൂറോപ്യന്‍ നാടുകളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്. ഗ്രീസിനെ അപേക്ഷിച്ച്  ഇടതൂര്‍ന്ന വനപ്രദേശങ്ങളുള്ള വൈവിധ്യമേറിയ ഭൂപ്രദേശമായിരുന്നു ഇറ്റലിയുടേത്. ഈ പ്രകൃതി സമ്പത്തില്‍ ആകൃഷ്ടരായാണ് മറ്റു നാടുകളില്‍ നിന്ന് ആളുകള്‍ കുടിയേറ്റം തുടങ്ങിയത്. ഇന്തോ-യൂറോപ്യന്‍ വര്‍ഗക്കാരില്‍ പ്രമുഖരായിരുന്നു ലാറ്റിന്‍ വംശജര്‍. റോമന്‍ നാഗരികതക്ക് കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവരാണ് ഗ്രീക്കുകാരും എട്രുസ്‌കന്‍ വര്‍ഗക്കാരും. ഭരണസാരഥ്യം ലാറ്റിനുകള്‍ക്കായിരുന്നു (അലന്‍ ബര്‍ലിന്റ്, ഹിസ്റ്ററി ഓഫ് വെസ്റ്റേണ്‍ സിവിലൈസേഷന്‍ -1957, പേജ് 167 എ). 

പെട്രീഷിയന്‍സ് എന്ന് വിളിക്കപ്പെടുന്ന ഭൂവുടമകളും പ്ലിബിയന്‍സ് എന്ന് വിളിക്കപ്പെട്ടിരുന്ന കൃഷിത്തൊഴിലാളികളും കരകൗശല വിദഗ്ധരുമായിരുന്നു പ്രജകള്‍. ഇവരെ കൂടാതെ പൗരാവകാശമില്ലാത്ത അടിമകളും ഉണ്ടായിരുന്നു. 'കമിഷ്യ കുരിയാത്ത' എന്ന പേരിലുള്ള ജനകീയ അസംബ്ലി പ്രവര്‍ത്തിച്ചിരുന്നെങ്കിലും ന്യൂനപക്ഷമായ പെട്രീഷിയന്‍മാരായിരുന്നു അധികാരം കൈയടക്കിവച്ചിരുന്നത്.

റോമിന്റെ ആധിപത്യം ഇറ്റലി മുഴുവന്‍ വ്യാപിക്കുന്നത് ബി സി 265ഓടെയാണ്. റിപ്പബ്ലിക്കില്‍ നിന്ന് സാമ്രാജ്യത്തിലേക്കുള്ള റോമിന്റെ വളര്‍ച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മണ്ഡലങ്ങളില്‍ നിരാശാജനകമായ പ്രതിഫലനമാണുണ്ടാക്കിയത്. പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ജനാധിപത്യവത്കരണം കൊണ്ടുവരാനായും സാമ്രാജ്യത്വവികസനത്തിനായും യുദ്ധങ്ങള്‍ തുടര്‍ക്കഥകളായി. വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധങ്ങള്‍ റോമന്‍ സമൂഹത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. യുദ്ധങ്ങള്‍ യുവാക്കളെ അത്യാഗ്രഹികളാക്കി, ദുര്‍ബലരോട് മനുഷ്യത്വരഹിത സമീപനം സ്വീകരിച്ചു അവര്‍. ജനാധിപത്യ സംവിധാനം തന്നെ അസാധ്യമായിത്തീര്‍ന്നുവെന്നതാണ് ഏറ്റവും പരിതാപകരമായ ഫലം. പാരമ്പര്യ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം റോമക്കാരെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ മാറ്റം വരുത്താന്‍ കെല്പില്ലാത്തവരാക്കിത്തീര്‍ത്തു. 

ലാറ്റിന്‍ സാഹിത്യവും സംസ്‌കാരവും ഗ്രീക്ക് സ്വീധീനവലയത്തില്‍ നിന്ന് മുക്തമായിരുന്നില്ല. വിര്‍ജില്‍, ഒവിഡ്, കേറ്റോ, ജൂലിയസ് സീസര്‍, സിസറോ എന്നിവരായിരുന്നു ഇറ്റലിയിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍. 

ഗ്രീക്ക് മതങ്ങളില്‍ നിന്ന് വളരെയേറെ വ്യത്യാസങ്ങളൊന്നും പുലര്‍ത്തിയിരുന്നില്ല റോമന്‍ ജനത. വിശ്വാസകാര്യങ്ങളില്‍ കൂടുതല്‍ കണിശത പുലര്‍ത്തിയ അവര്‍ പ്രകൃത്യാരാധനയും വീരാരാധനയും തുടര്‍ന്നു. സര്‍വ്വപ്രതാപിയായ ജൂപ്പിറ്റര്‍ ദേവന് യാഗം നടത്തിക്കൊണ്ടാണ് അവര്‍ എല്ലാ സദുദ്യമങ്ങളും ആരംഭിച്ചത്. യുദ്ധത്തിന്റെ ദേവനായ മാര്‍സും, കലയുടെ സംരക്ഷകയായ മിനര്‍വയുമാണ് മറ്റ് ആരാധനാ മൂര്‍ത്തികള്‍.
 

Feedback
  • Tuesday Apr 23, 2024
  • Shawwal 14 1445