Skip to main content

ഇബ്‌നു ശിഹാബുസ്സുഹ്‌രീ

പ്രമുഖ സ്വഹാബി അനസുബ്‌നു മാലിക് ഒരിക്കല്‍ പറഞ്ഞു. “ഹദീസില്‍ ആഴത്തില്‍ അറിവുള്ള ഒരു പണ്ഡിതനെ മാത്രമേ ഞാന്‍ പരിചയപ്പെട്ടിട്ടുള്ളൂ.''
''ആരാണാ മഹാന്‍?'' - ഒരാള്‍ ചോദിച്ചു.
''ഇബ്‌നു ശിഹാബുസ്സുഹ്‌രീ''- അദ്ദേഹം പറഞ്ഞു.

ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ''ഇബ്‌നു ശിഹാബുസ്സുഹ്‌രീ ഇല്ലായിരുന്നുവെങ്കില്‍ പ്രവാചകചര്യകള്‍ മദീനയില്‍ നിന്ന് നീങ്ങിപ്പോകുമായിരുന്നു.''

അനസുബ്‌നു മാലിക്, സഹ്‌ലുബ്‌നു സഅ്ദ് എന്നീ സ്വഹാബിമാരില്‍ നിന്നും ഉര്‍വത്തുബ്‌നു സുബൈര്‍, സഈദുബ്‌നുല്‍ മുസയ്യബ് തുടങ്ങിയ താബിഈ മഹത്തുക്കളില്‍ നിന്നും ഖുര്‍ആനും ഹദീസും പഠിച്ച സുഹ്‌രി ഒരേസമയം ശാമിലെയും ഹിജാസിലെയും പണ്ഡിത നേതാവായി അറിയപ്പെട്ടു.

ഹദീസുകള്‍ എഴുതിവെച്ച് ക്രോഡികരിക്കുകയെന്ന ചരിത്ര നിയോഗത്തിന് തുടക്കമിട്ടതും ഇബ്‌നു ശിഹാബുസ്സുഹ്‌രിയാണ്.  2200 ലേറെഹദീസുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു.

മുഹമ്മദുബ്‌നു മുസ്‌ലിം എന്ന ഇബ്‌നു ശിഹാബുസ്സുഹ്‌രീ ഹി.58ലാണ് ജനിച്ചത്, മുആവിയയുടെ ഭരണകാലത്ത്. മഹതി ആഇശ(റ) മരിച്ചതും ഇതേവര്‍ഷം തന്നെ.

മദീനയിലെ ബാല്യകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു.  എന്നാല്‍ വിജ്ഞാന തൃഷ്ണയില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല. അക്കാലത്തെ സ്വഹാബിമാരില്‍ നിന്നും പുറമെ പ്രമുഖ താബിഉകളില്‍ നിന്നും വിദ്യ നേടി.  ഖുര്‍ആനും ഹദീസും തന്നെയായിരുന്നു ഇഷ്ടവിഷയം. ഓര്‍മശക്തിയും മന:പാഠ കഴിവും അപാരമായിരുന്നു.

ശാമിലേക്ക് പോയ ഇബ്‌നുശിഹാബ് അബ്ദുല്‍ മലിക്കുബ്‌നു മര്‍വാനെ കണ്ടു.  ഇബ്‌നു ശിഹാബിന്റെ പാണ്ഡിത്യത്തില്‍ വിസ്മയം പൂണ്ട ഖലീഫ അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തി.  അദ്ദേഹത്തിന് വേതനവും നിശ്ചയിച്ചിരുന്നു. പിന്നീട് വലീദുബ്‌നു അബ്ദില്‍മലിക്കിന്റെയും ഉമറുബ്‌നു അബ്ദില്‍അസീസിന്റെയും കാലത്തും ഇബ്‌നുശിഹാബ് ആസ്ഥാന പണ്ഡിതനായി സേവനം ചെയ്തു.

നിരവധി ശിഷ്യരും ഇബ്‌നു ശിഹാബുസ്സുഹ്‌രിക്കുണ്ടായിരുന്നു. അമവി ഖലീഫ ഉമറുബ്‌നു അബ്ദില്‍അസീസ്, അത്വാഉബ്‌നു റബാഹ്, ഖതാദത്തുബ്‌നു ദആമ എന്നിവര്‍ അവരിലെ പ്രമുഖസ്ഥാനീയരാണ്.

ഇബ്‌നു സഈദ് അന്‍സാരീ, മന്‍സൂദുബ്‌നു മുഅ്തമിര്‍, അറാക്കുബ്‌നു മാലിക്ക് എന്നിവര്‍ അദ്ദേഹത്തില്‍ നിന്ന് നിവേദനം ചെയ്തവരില്‍ ചിലരുമാണ്.

മദീനയിലും ശാമിലും ഒരു പോലെ വിജ്ഞാന വെളിച്ചം പകരുകയും ഖുര്‍ആനും നബിചര്യയും ആഴത്തില്‍ മനനം ചെയ്ത് പില്‍ക്കാലക്കാര്‍ക്കായി കൈമാറുകയും ചെയ്ത ഇബ്‌നു ശിഹാബുസ്സുരി ഹി.124 റമദാന്‍ 17ന് അന്ത്യശ്വാസം  വലിച്ചു.


വൈകാതെ ആ ധന്യ ജീവിതം നിലച്ചു. മസ്ജിദുല്‍ അഖ്‌സായുടെ ചാരത്താണ് മയ്യിത്ത് ഖബറടക്കിയത്. 

Feedback
  • Wednesday May 8, 2024
  • Shawwal 29 1445