Skip to main content

അല്‍ മസൂദി

ഇസ്‌ലാമിക സുവര്‍ണ കാലഘട്ടത്തില്‍ ബഗ്ദാദില്‍ ജീവിച്ച അറബ് ലോകത്തെ വിഖ്യാതനായ ചരിത്രകാരന്‍, ഭൂമിശാസ്ത്ര പണ്ഡിതന്‍. മുഴുവന്‍ പേര് അബുല്‍ ഹസന്‍ അലി ബിന്‍ അല്‍ഹുസൈന്‍ ബിന്‍ അലി അല്‍മസൂദി. അറബികള്‍ക്കിടയിലെ ഹെറോഡോട്ടസായും ഗണിക്കപ്പെടുന്നു. ചരിത്രത്തെ ശാസ്ത്രീയമായ ഭൂമിശാസ്ത്രവുമായി ബന്ധിപ്പിച്ച് പഠനം നടത്തി. ദി മെഡോ ഓഫ് ഗോള്‍ഡ് ആന്റ് മൈന്‍സ് ഓഫ് ജംസ്, വേള്‍ഡ് ഹിസ്റ്ററി എന്നിവയാണ് ഗ്രന്ഥങ്ങള്‍.

എ ഡി 896ല്‍ ബഗ്ദാദിലാണ് മസൂദിയുടെ ജനനം. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ സഹചാരിയായിരുന്ന അബ്ദുല്ല, ഇബ്നു മസൂദിയുടെ സമകാലികനായി അറിയപ്പെടുന്നു. സഞ്ചാര പ്രേമി കൂടിയായിരുന്ന മസൂദി ഇന്ത്യ, പേര്‍ഷ്യന്‍ പ്രവിശ്യകള്‍, അര്‍മേനിയ, ജോര്‍ജിയ, കാസ്പിയന്‍ സമുദ്രതീര ഭാഗങ്ങള്‍, അറേബ്യന്‍ നാടുകള്‍, സിറിയ, ഈജിപ്ത്, സിന്ധുനദീ തീരം, ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, ശ്രീലങ്ക, ചൈന തുടങ്ങിയ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലൂടെയും യാത്ര ചെയ്തിട്ടുണ്ട്. ചൈനയില്‍ വെച്ച് അബു സെയ്ദ് അല്‍ സിറാഫിയില്‍ നിന്നും ധാരാളം അറിവുകള്‍ തന്റെ യാത്രയിലൂടെ അല്‍മസുദി നേടിയുട്ടുണ്ടെന്ന് ലുണ്ടെ ആന്റ് സ്‌റ്റോണ്‍ ഇംഗ്ലീഷ് പരിഭാഷയില്‍ പ്രതിപാദിക്കുന്നുണ്ട്. ബൈസാന്റിയം ചരിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും ഇവിടെ നിന്നാണ്.  

ലോകസഞ്ചാരത്തിലൂടെ മഹത്തായ അറിവുകളാണ് തനിക്ക് നേടാനായതെന്നും ഇസ്‌ലാമിക ലോകത്തിനപ്പുറത്തേക്ക് കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളിലൂടെ നടത്തിയ അതിസാഹസികമായ, വേദന നിറഞ്ഞ യാത്രകളുടെ പരിണിതഫലമാണിതെന്നും പ്രശസ്ത ഗ്രന്ഥമായ ദി മെഡോ ഓഫ് ഗോള്‍ഡിന്റെ അവസാന ഭാഗത്ത് അല്‍ മസൂദി പറയുന്നു. 'മുര്‍ജ് അദ്ദഹബ്' ഗ്രന്ഥം മസൂദി പുനര്‍രചന നടത്തിയതായി ചരിത്ര ഗവേഷകനായ അഹമ്മദ് ഷബോല്‍ പ്രതിപാദിക്കുന്നുണ്ട്. ഇസ്‌ലാമിക ലോകത്ത് പേപ്പറിന്റെ ഉപയോഗം വ്യാപകമാവുന്നതും ചരിത്ര രേഖകള്‍ കടലാസുകളില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതും അല്‍ മസൂദിയുടെ കാലഘട്ടത്തിലായിരുന്നുവെന്ന് അനുമാനിക്കുന്നു. 

ബഗ്ദാദ് പോലുള്ള നഗരങ്ങളില്‍ സ്വന്തമായി ലൈബ്രറികള്‍ ഉണ്ടായിരുന്ന നിരവധി ചരിത്രകാരന്‍മാരും പണ്ഡിതരും അക്കാലത്ത് ജീവിച്ചിരുന്നു. എ ഡി 751 ഓടെ കടലാസു നിര്‍മാണം വ്യാപകമായി. അബ്ബാസി ഖലീഫമാരുടെ കാലത്തോടെ കടലാസിന്റെ ഉപയോഗം പ്രചാരം നേടുകയും മസൂദിയുടെ ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തു. തത്വശാസ്ത്രജ്ഞനായ അല്‍ സെയ്ജാജ്, പണ്ഡിതരും ഗവേഷകരുമായ ഇബ്‌നു ദുറൈദ്, നിഫ്തവൈ, ഇബ്‌നു അന്‍ബാരി തുടങ്ങിയവരുടെ സഹപാഠിയായിരുന്നു അല്‍ മസൂദി. ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കുറിച്ച് ധാരാളം വിവരങ്ങള്‍ നല്‍കാന്‍ അല്‍ മസൂദിയുടെ ഗ്രന്ഥങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അഹമ്മദ് ഷെബോല്‍ പറയുന്നു. സഞ്ചരിക്കുന്ന നാടുകളിലെ മത-സാമുദായിക അനുഷ്ഠാനങ്ങളും ജീവിത രീതികളും കൃത്യമായി രേഖപ്പെടുത്തുന്നതില്‍ അല്‍മസൂദി ബദ്ധശ്രദ്ധ കാണിച്ചിരുന്നു. അതത് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേകതകള്‍ വിശേഷിപ്പിക്കുന്നതിനെക്കാള്‍ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ക്കായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്. ചൈനയിലെ ഹുവാങ് ചോ നടത്തിയ വിപ്ലവങ്ങളെ കുറിച്ചും ടാങ് വംശപരമ്പരയെ കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. റഷ്യയെ കുറിച്ചും തുര്‍ക്കിയെ കുറിച്ചും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. 

എ ഡി 956 സെപ്തംബറില്‍ ഈജിപ്തിലെ കെയ്‌റോവില്‍ വെച്ചാണ് അന്ത്യം.

 

Feedback