Skip to main content

അല്‍ ബിറൂനി

ഒരു ഒട്ടകത്തിന് ചുമക്കാവുന്നതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച ശാസ്ത്രജ്ഞന്‍. സൗരയൂഥത്തെക്കുറിച്ചുള്ള ശരിയായ കണക്കുകള്‍ തയ്യാറാക്കുകയും നക്ഷത്ര നിരീക്ഷണങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന സാമഗ്രികള്‍ പരിഷ്‌കരിക്കുകയും ചെയ്ത അല്‍ബിറൂനി ജ്യോതിശാസ്ത്രത്തിന് പുറമെ 'ഭൂമിശാസ്ത്ര'ത്തിലും അവഗാഹമുള്ള പണ്ഡിതനായിരുന്നു. മുഴുവന്‍ പേര് അബുല്‍ റയ്ഹാന്‍ മുഹമ്മദ് ഇബ്‌നു അഹ്മദ് അല്‍ബിറൂനി.

973 സെപ്തംബര്‍ നാലിന് ഇറാനിലെ ഖവാരിസ്മി എന്ന സ്ഥലത്ത് ജനിച്ച അല്‍ബിറൂനി മധ്യകാലഘട്ടത്തിലെ ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളിലെ മഹാപണ്ഡിതനായിരുന്നു. ഖവാരിസ്മി, അറബിക്, പേര്‍ഷ്യന്‍, ഉറുദു, ഹീബ്രു, സംസ്‌കൃതം, ഗ്രീക്ക്, സിറിയന്‍ ഭാഷകള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. ജീവിതത്തിലെ അധികകാലവും അദ്ദേഹം കഴിഞ്ഞത് ഗസ്‌നവി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗസ്‌നിയിലാണ്. ഇപ്പോള്‍ മധ്യകിഴക്കന്‍ അഫ്ഗാനിസ്താന്റെ ഭാഗമാണീ പ്രദേശം.

ക്ഷീരപഥം, ആകാശഗംഗ എന്നിവ അതിവിദൂരത്തുള്ള എണ്ണമറ്റ നക്ഷത്രങ്ങളുടെ കൂട്ടമാണെന്ന് ഇദ്ദേഹം കണ്ടെത്തി. ഭൂമിയുടെ കേന്ദ്രത്തില്‍ നിന്ന് എല്ലാ ഗോളങ്ങളിലേക്കുമുള്ള ദൂരം ഇദ്ദേഹം കണക്കാക്കി. സൂര്യന്റെ ഉച്ചസ്ഥായിയും ചലനവും അയനചലനവും സമാനമല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും ഒന്നല്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും അല്‍ബിറൂനി തന്നെ. ജ്യോതിഷികള്‍ ഊഹങ്ങളെയും അനുമാനങ്ങളെയും പിന്തുടരുന്നവരായിരുന്നു. 

പ്രകാശം ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്നും അദ്ദേഹം സ്ഥാപിച്ചു. വില പിടിച്ച ഇനം കല്ലുകളുടെയും ലോഹങ്ങളുടെയും സ്‌പെസിഫിക് ഗ്രാവിറ്റി നിര്‍ണയിച്ചു. ലോഹങ്ങളുടെ ജനിതകഭാരം അഥവാ ജനറ്റിക് വെയ്റ്റ് നിര്‍ണയിക്കുന്നതിനുള്ള രീതി ആവിഷ്‌കരിച്ചു. 'കിത്താബ് സെയ്ദാന്‍' എന്ന അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രഗ്രന്ഥം മികവുറ്റതാണ്. 

മക്ക അടക്കമുള്ള ലോകത്തിലെ അന്ന് അറിയപ്പെട്ടിരുന്ന പ്രധാനപ്പെട്ട 600 സ്ഥലങ്ങളിലെ അക്ഷാംശങ്ങളും രേഖാംശങ്ങളും അദ്ദേഹം കൃത്യമായി അളന്ന് രേഖപ്പെടുത്തി. ധ്രുവപ്രദേശങ്ങളില്‍ തുടര്‍ച്ചയായി ആറു മാസങ്ങളില്‍ സൂര്യന്‍ ഉദിക്കുന്നില്ലെന്ന് ലോകത്തോട് ആദ്യമായി പറഞ്ഞത് അല്‍ ബിറൂനിയാണ്. ഗലീലിയോയെക്കാളും 600 വര്‍ഷം മുമ്പ് ഭൂമി അതിന്റെ അച്ചു തണ്ടില്‍ തിരിയുന്നതു സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു എന്ന വസ്തുത റോം ലണ്ടാവൂ രചിച്ച 'ദി അറബ് ഹെറിറ്റേജ് ഓഫ് വെസ്റ്റേണ്‍ സിവിലിസേഷന്‍' എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ഹൈഡ്രോസ്റ്റാറ്റിക് ബാലന്‍സ് ഉപയോഗിച്ച് ഭൂമിയിലെ നീരുറവും കിണറിന്റെ സ്ഥാനവും അദ്ദേഹം നിര്‍ണയിച്ചു. 

ഭൂമിശാസ്ത്രപരമായ അല്‍ ബിറൂനിയുടെ പഠനങ്ങള്‍ മഹത്തരമാണ്. പ്രഥമഗ്രന്ഥമായ 'അല്‍ ആസാറുല്‍ ബാഖിയ അനില്‍ ഖുറൂനില്‍ ഖാലിയ' പുരാതന സമൂഹങ്ങളുടെ കലണ്ടറുകളെയും കാലഗണനയെയും പ്രതിപാദിക്കുന്നു. ധ്രുവാംശ, അക്ഷാംശ രേഖകള്‍ നിര്‍ണയിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള ദൂരങ്ങള്‍ കണക്കാക്കുകയും ചെയ്തു. ഗോളാകൃതിയിലുള്ള ഭൂമിയുടെയും സൗരയൂഥത്തിന്റെയും രൂപങ്ങള്‍ പരന്ന പ്രതലത്തില്‍ വരയ്ക്കുന്ന രീതി കാണിച്ചു തന്നതും അദ്ദേഹമാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറത്തും ജനവാസമുണ്ടെന്ന അദ്ദേഹത്തിന്റെ പ്രവചനം കൊളമ്പസ് മുഖേനയോ അമരിഗോ വെസ്പൂച്ചി മുഖേനയോ തെളിയിക്കപ്പെടാന്‍ അഞ്ചു നൂറ്റാണ്ടെടുത്തു. അടിക്കടി ഭൂമിക്ക് സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പഠിച്ച അല്‍ ബിറൂനി കാലാന്തരങ്ങളില്‍ കടല്‍ കരയായും കര കടലായും മാറിക്കൊണ്ടിരിക്കുമെന്നും പ്രവചിച്ചു.

പഠനാവശ്യാര്‍ഥം ലോകം ചുറ്റി സഞ്ചരിച്ച അല്‍ ബിറൂനി ഇന്ത്യയിലുമെത്തി. 13 വര്‍ഷം ഇവിടെ താമസിച്ച അദ്ദേഹം സംസ്‌കൃത ഭാഷ പഠിച്ചു. 'കിരണ്‍ തിലക്' എന്ന ഗോളശാസ്ത്രഗ്രന്ഥം സംസ്‌കൃതത്തില്‍ രചിക്കുകയും ചെയ്തു. സംസ്‌കൃത ഭാഷയിലുള്ള നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ ജ്യോതിശാസ്ത്ര, ഗണിത, വൈദ്യശാസ്ത്രങ്ങളെ അറബികള്‍ക്കും യൂറോപ്പിനും പരിചയപ്പെടുത്തുന്നതില്‍ അല്‍ ബിറൂനി വളരെ വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യയെ സംബന്ധിച്ച് അദ്ദേഹം രചിച്ച 'കിതാബുല്‍ ഹിന്ദ്' എന്ന ഗ്രന്ഥം സാമൂഹ്യശാസ്ത്രരംഗത്തെ വളരെ വിലപ്പെട്ട കൃതിയാണ്. എക്കല്‍ മണ്ണ് അടിഞ്ഞുകൂടി സിന്ധുനദീതട സമതലം രൂപപ്പെട്ടതും പ്രകൃതിദത്ത നീരുറവകളുടെ ഉറവിടത്തെക്കുറിച്ചും അല്‍ബിറൂനി ഗവേഷണം നടത്തിയിരുന്നു.

ഗണിതശാസ്ത്രത്തിന് മുസ്‌ലിം ലോകം സംഭാവന ചെയ്തതില്‍ വച്ച് ഏറ്റവും പ്രഗത്ഭനായ പ്രതിഭയാണ് അല്‍ ബിറൂനി. പ്രസിദ്ധ അഫ്ഗാന്‍ ഭരണാധികാരി മഹ്മൂദ് ഗസ്‌നവിയുടെ പുത്രന്‍ സുല്‍ത്താന്‍ മസ്ഊദിന്റെ സംരക്ഷണത്തിലാണ് അല്‍ ബിറൂനി വളര്‍ന്നത്. ഖലീഫയ്ക്ക് വേണ്ടി അദ്ദേഹം രചിച്ച പ്രശസ്തമായ ഗ്രന്ഥമാണ് 'അല്‍ഖാനൂനുല്‍ മസ്ഊദി ഫില്‍ ഹൈഅത്തി വന്നുജൂം'. തൊട്ടടുത്ത വര്‍ഷം ജ്യോമട്രി, അരിത്തമെറ്റിക്‌സ്, വാനശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു പ്രശ്‌നോത്തരി ഗ്രന്ഥം 'അത്തഫ്ഹീമു ലി അവാഇലി സിനാഅതുത്തന്‍ജീം' രചിച്ചു. വിജ്ഞാന ലോകത്ത് വിസ്‌ഫോടനം സൃഷ്ടിച്ച ആ മഹാമനീഷി 1048 ഡിസംബര്‍ 13ന്   യാത്രയായി.

 

Feedback