Skip to main content

പാണ്ഡിത്യത്തിന്റെ കരുത്ത് (3-5)

ഇമാം അഹ്മദ് പ്രമാണങ്ങളെ വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുകയോ അനിവാര്യഘട്ടങ്ങളില്ലാതെ ബുദ്ധി ഉപേയാഗിച്ചു ഗവേഷണം (ഇജ്തിഹാദ്) നടത്തി പ്രശ്നങ്ങളില്‍ വിധികള്‍  പ്രസ്താവിക്കുകയോ ചെയ്തിരുന്നില്ല. ഭരണാധികാരി അക്രമം പ്രവര്‍ത്തിക്കുകയാണെങ്കിലും അയാളെ അനുസരിക്കേണമെന്നും അയാള്‍ക്കെതിരില്‍ വിപ്ലവം സൃഷ്ടിക്കുന്നത് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവെക്കുമെന്നും മാത്രമല്ല, നിരപരാധികള്‍ വധിക്കപ്പെടാനും ഇടയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഉപദേശ മാര്‍ഗത്തിലൂടെ ഭരണാധികാരിയെ തിരുത്തുകയാണ് അഹ്മദുബ്‌നു ഹമ്പല്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. അഹ്മദ് അ്രകമങ്ങള്‍ക്കു മുമ്പില്‍ നിശ്ശബ്ദത പാലിക്കുന്ന നയം സ്വീകരിക്കുന്നുവെന്ന ആരോപണം അദ്ദേഹം ജീവിച്ചിരിപ്പുള്ള കാലത്തു തെന്ന ചിലര്‍ ഉന്നയിച്ചു. അതേ അവസരം അഹ്മദ് ഭരണാധികാരികളുമായി ബന്ധപ്പെടുകയോ അവരുടെ ഉദ്യോഗം സ്വീകരിക്കുകയോ അവരില്‍ നിന്ന് എന്തെങ്കിലും സമ്മാനമോ വേതനമോ വാങ്ങുകയോ ചെയ്തിട്ടില്ല. ഭരണാധികാരികള്‍ ആഡംബരജീവിതം നയിക്കുകയും ജനങ്ങള്‍ പട്ടിണി കാരണം കുപ്പത്തൊട്ടിയിലെ എച്ചില്‍ കഴിക്കേണ്ടി വരികയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിശ്ശബ്ദത പാലിക്കുക എന്ന നയം അദ്ദേഹം ഭഞ്ജിച്ചു. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും അഹ്മദ് ഒഴിഞ്ഞുമാറിയിരുന്നുവെങ്കിലും മുആവിയയേക്കാള്‍ ഖിലാഫത്തിനര്‍ഹന്‍ അലിയാണെന്നു അദ്ദേഹം വിശ്വസിച്ചു. അതേ അവസരം യസീദിന്നെതിരില്‍ ഹുസൈന്‍ വിപ്ലവ ശ്രമം നടത്തിയത് ന്യായ വിരുദ്ധമാണെന്ന് അഹ്മദ് കണ്ടു.

പണ്ഡിതന്‍മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) സഹാബികള്‍ക്കു ശേഷം ഉണ്ടായിട്ടില്ലെന്ന് അഹ്മദ് വാദിക്കുന്നു. ഉണ്ടെന്ന് പറയുന്നത് കള്ളമാണ്. കാരണം ആര്‍ക്കും വിയോജിപ്പില്ലെന്നതിനു എന്താണ് ഉറപ്പ്. അദ്ദേഹം ചോദിക്കുന്നു. താന്‍ പുറപ്പെടുവിച്ച വിധികള്‍ എഴുതിവെക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. കാരണം അത് തഖ്‌ലീദിലേക്ക് (ഒരു പണ്ഡിതന്റെ അഭിപ്രായം പ്രമാണമറിയാതെ സ്വീകരിക്കല്‍) നയിക്കും. പുതുതായി വരുന്ന   പ്രശ്നങ്ങള്‍ക്ക് അതാത് കാലത്തെ പണ്ഡിതന്‍മാര്‍ വിധികള്‍ പ്രസ്താവിക്കട്ടെ എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു വിധിക്കാധാരമായ കാരണത്തിനു പുറമെ അത് അടങ്ങിയ തത്വവും പരിഗണിക്കണമെന്നു അഹ്മദ് അഭിപ്രായപ്പെട്ടു. യാത്രക്കാരനു നോമ്പില്‍ ഇളവ് അനുവദിച്ചതിലെ തത്വം അവനു അത് മുഖേനയുണ്ടാകുന്ന പ്രയാസമാണ്. ഈ പ്രയാസം ദൂരീകരിക്കുകയാണ് മതത്തിന്റെ ലക്ഷ്യം. അപ്പോള്‍ കഠിനമായ ജോലി ചെയ്യുന്നവര്‍ക്കും ഈ തത്വമനുസരിച്ചു നോമ്പ് ഉപേക്ഷിക്കാം.

വിധി (ഖദ്ര്‍), മനുഷ്യന്റെ ഇച്ഛാശക്തി, സ്വാതന്ത്ര്യം (ഇഖ്തിയാര്‍), ദൈവത്തിന്റെ അപദാനങ്ങള്‍ (സ്വാഫിത്തുല്ലാഹി) തുടങ്ങിയവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അഹ്മദ് അനാവശ്യമായി കാണുന്നു. മനുഷ്യന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ശരീഅത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന രൂപത്തിലായിരിക്കണം പണ്ഡിതന്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. മുകളില്‍ പ്രസ്താവിച്ച വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ വന്ന കാര്യങ്ങള്‍ തര്‍ക്കത്തിനും വ്യാഖ്യാനത്തിനും വിധേയമാക്കാതെ അതേപടി വിശ്വസിക്കുകയാണ് മുസ്‌ലിംകളുടെ ബാധ്യതയെന്നു അഹ്മദ് അഭിപ്രായപ്പെടുന്നു. 

വന്‍പാപങ്ങള്‍ ചെയ്താല്‍ കാഫിര്‍ ആവുകയില്ല. അവനോട് പശ്ചാത്തപിക്കാന്‍ ആവശ്യപ്പെടുകയും അവന്റെ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് വിടുകയുമാണ് വേണ്ടത്. ഗുരുതരമായ കുറ്റം ചെയ്യുന്നവര്‍ കാഫിറാകുമെങ്കില്‍ ആദം ദൈവ കല്‍പന ലംഘിച്ചതിനാല്‍ കാഫിറാകുമായിരുന്നു. ഒരു കുറ്റകൃത്യം മാത്രമല്ല, അത് ചെയ്യാന്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഹറാമാണെന്ന് അഹ്മദ് അഭിപ്രായപ്പെടുന്നു. ഒരു മനുഷ്യനെ വധിക്കണമെന്ന് ഉദ്ദേശിച്ച് എയ്ത അമ്പ് ഒരു പാമ്പിനു കൊണ്ടു പാമ്പ് ചത്താലും അല്ലാഹുവിങ്കല്‍ അവന്‍ പാപിയാണ്. ഒരാള്‍ അന്യമതക്കാരുടെ ആരാധ്യവസ്തുക്കളെ ആക്ഷേപിക്കുകയും അത് അല്ലാഹുവിനെയും റസൂലിനെയും അവര്‍ ആക്ഷേപിക്കുന്നതിന് കാരണമാവുകയും ചെയ്താല്‍ അവന്‍ അല്ലാഹുവിങ്കല്‍ പാപിയാണ്.

 


 

Feedback