Skip to main content

അഹ്മദുബ്‌നു ഹന്‍ബലിന്റെ ഫത്‌വകള്‍ (4-5)

ഇമാം അഹ്മദുബ്നു ഹമ്പലിന്റെ ചിന്താധാരകളെ മനസ്സിലാക്കാന്‍ അദ്ദേഹം നല്‍കിയ ഫത്‌വകളില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നു.

1. ഗവര്‍ണര്‍മാര്‍ക്കോ ഭരണത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ജനങ്ങളില്‍ നിന്നു ഒരു പാരിതോഷികവും സ്വീകരിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥന് ലഭിക്കുന്ന പാരിതോഷികം പൊതു ഖജനാവിലേക്കടക്കേണ്ടതാണ്.

2. ഭക്ഷണം കഴിക്കുന്നിടത്ത് നായയുണ്ടെങ്കില്‍ അതിനു അല്‍പം ഭക്ഷണം നല്‍കേണ്ടതാണ്. എച്ചില്‍ പെറുക്കി ജീവിക്കുന്ന സാധുക്കള്‍ സമൂഹത്തിലുണ്ടായിരിക്കെ നായക്കു മെച്ചപ്പെട്ട ആഹാരം നല്‍കുന്ന പണക്കാരെ അദ്ദേഹം തുറന്നാക്ഷേപിക്കുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ റൊട്ടി തിന്നുകയായിരുന്നു. അന്നേരം നായ വാലാട്ടി കടന്നുവന്നു. അദ്ദേഹം നായയുമായി റൊട്ടി പങ്കുവെച്ചു. നായ കടിച്ചതിന്റെ ബാക്കി തിന്നാം. നായ വേട്ടയാടിക്കൊണ്ടുവന്നത് ഭക്ഷിക്കാമെന്നു ഖുര്‍ആന്‍ പറയുന്നു.

3. പക്ഷികളെ ആവശ്യത്തിനു മാത്രമേ കൊല്ലാവൂ. പട്ടുനൂല്‍പ്പുഴുവിനെ പട്ടുനൂലിന് വേണ്ടിയല്ലാതെ കൊല്ലാന്‍ പാടില്ല.

4. വിവാഹ സമയത്ത് ഒരു സ്ത്രീക്ക് പുരുഷനോടു രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്ന നിബന്ധന വെക്കാം. അതിനു വിരുദ്ധമായി അയാള്‍ പ്രവര്‍ത്തിച്ചാല്‍ വിവാഹം അസാധു   (ഫസ്ഖ്) ആവുകയും ചെയ്യും.

5. ഒരു രാജ്യത്ത് വിശപ്പോ ദാഹമോ കാരണം ആരെങ്കിലും മരിച്ചാല്‍ മുസ്‌ലിം പണക്കാര്‍ മുഴുവന്‍ കുറ്റക്കാരാണ്. അവരോട് കൊലക്കുള്ള നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്.

6. കൊലക്കു കാരണമായവനും കൊലയാളിയായി ഗണിക്കപ്പെടും, അവന്‍ സ്വന്തംകൈകൊണ്ട് കൃത്യം നിര്‍വഹിച്ചിട്ടില്ലെങ്കിലും. നബിയുടെ കാലത്ത് ഒരു യുവതി സ്വന്തം കാമുകനെ മണിയറയില്‍ ഒളിപ്പിച്ചുവെച്ചു. വരന്‍ അവനെ കണ്ടെത്തി വധിക്കുകയും ചെയ്തു. നബി(സ്വ) വഞ്ചകയായ ആ സ്ത്രീക്ക് വധശിക്ഷ വിധിക്കുകയും ഘാതകനായ പുരുഷന് മാപ്പു നല്‍കുകയും ചെയ്തു.

7. രാജ്യത്തിലെ സമൂഹ ദ്രോഹികളെ ജനങ്ങള്‍ക്കു ശല്യം ചെയ്യാന്‍ അവര്‍ക്ക് കഴിയാത്ത ഒരു സ്ഥലത്തേക്ക് മാറ്റി മാര്‍പ്പിക്കേണ്ടതാണ്.

8. തൊഴിലെടുക്കാതെ ഇബാദത്തില്‍ കഴിയുന്നവരെക്കൊണ്ടു നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കണം. കാരണം അവര്‍ ജനങ്ങളുടെ ധനം ന്യായരഹിതമായി തിന്നുകയാണ്. അധ്വാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭക്തിതേടുന്നത് പാപമാണ്.

9. വിലകുറച്ചു സാധനം വില്‍ക്കുന്നവനോട് സാധനം വാങ്ങാന്‍ പാടില്ല. കാരണം അവന്‍ അയല്‍വാസിയായ കച്ചവടക്കാരനു ദ്രോഹം ചെയ്യുന്നവനാണ്. വിലകൂട്ടുന്ന കച്ചവടക്കാരനെ മാര്‍ക്കറ്റില്‍ നിന്നും ഭരണാധികാരി ഒഴിവാക്കണം.

10. സക്കാത്ത് കൊടുക്കാന്‍ വിസമ്മതിക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്നവനില്‍ നിന്ന് ബലം പ്രയോഗിച്ചു സകാത്ത് വാങ്ങാം. അവന്റെ ധനം ബൈതുല്‍ മാലിലേക്ക് കണ്ടുകെട്ടുകയുമാവാം.

11. ജമാഅത്ത് നമസ്‌കാരത്തിനു നേതൃത്വം നല്കുന്ന ഇമാം നമസ്‌കാരം ലഘുവാക്കുന്നതാണ് സുന്നത്ത്. പിന്നില്‍ നില്‍ക്കുന്നവരുടെ അവസ്ഥ പരിഗണിച്ച് അയാള്‍ നീട്ടരുത്. അധികം ജനങ്ങള്‍ക്കും ഇഷ്ടമില്ലാത്ത ഒരാളെ ഇമാം ആയി നിശ്ചയിക്കരുത്.

12. പ്രത്യക്ഷത്തില്‍ കാണുന്നതനുസരിച്ച് വിധിക്കരുത്. ചിലപ്പോള്‍ യാഥാര്‍ഥ്യം മറ്റൊന്നായിരിക്കാം. നബിയുടെ കാലത്ത് മദീനയിലെ ഒരു സ്ത്രീ അന്‍സാരികളില്‍പ്പെട്ട ഒരു യുവാവിനെ പ്രണയിച്ചു. പക്ഷേ, അയാള്‍ അവളുടെ ഇംഗിതം നിറവേറ്റാന്‍ വിസമ്മതിച്ചു. അവള്‍ ഒരു കോഴിമുട്ടയുടെ മഞ്ഞ നീക്കം ചെയ്ത് വെള്ള തന്റെ വസ്ത്രത്തിലും ശരീരഭാഗത്തും തേച്ചുപിടിപ്പിച്ചു. പിന്നെ സ്ത്രീ ഉമറിന്റെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു. ഇതാ ഈ മനുഷ്യന്‍ എന്നെ മാനഭംഗപ്പെടുത്തി. ഉമര്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുമ്പോള്‍ ആരോപണ വിധേയനായ മനുഷ്യന്‍ തന്റെ നിരപരാധിത്വം വിവരിക്കാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്കു വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചതാണ് കാര്യം. അങ്ങ് അന്വേഷണം നടത്തണം. ഉമര്‍ വിചാരണ വിദഗ്ധനായ അലിയെ ഏല്‍പിച്ചു. അദ്ദേഹം കുറച്ചു ചൂടുവെള്ളം വരുത്തിച്ചു അവളുടെ വസ്ത്രത്തില്‍ ഒഴിച്ചു. അപ്പോള്‍ വെള്ള ഉറച്ചു. കോഴിമുട്ടയുടെ മണം പുറത്തുവന്നു. സ്ത്രീ കുറ്റം സമ്മതിച്ചു. ഉമര്‍ സ്ത്രീയെ ശിക്ഷിക്കുകയും ചെയ്തു.

 


 

Feedback
  • Tuesday May 14, 2024
  • Dhu al-Qada 6 1445