Skip to main content

മാതൃകാ ജീവിതം (2-5)

ധനത്തിന്റെ വിഷയത്തില്‍ ഒരു പ്രത്യേക തത്വശാസ്ത്രം സ്വീകരിച്ച പണ്ഡിതനായിരുന്നു അഹ്മദ്. അദ്ദേഹത്തിന്റെ ഗുരുവായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറകില്‍ നിന്നു കേട്ട ഒരു കഥ അദ്ദേഹെത്ത വളരെയധികം സ്വാധീനിച്ചിരുന്നു. അബ്ദുല്ല ഹജ്ജിനു പോകുമ്പോള്‍ ഹൃദയഭേദകമായ ഒരു കാഴ്ച കണ്ടു. ഒരു കുപ്പത്തൊട്ടി, അവിടെ ഒരു യുവതി ചത്ത പക്ഷിയെ എടുത്തു പൊതിയുന്നു. ഇതെന്തിനാണ്. അബ്ദുല്ല ചോദിച്ചു. ഇവിടെ എനിക്കും എന്റെ സഹോദരനും ഞങ്ങള്‍ ഉടുത്ത ഈ വസ്ത്രം മാത്രമേയുള്ളൂ. ഈ കുപ്പത്തൊട്ടിയിലെ ഉച്ചിഷ്ടങ്ങളാണ് ഞങ്ങളുടെ ആഹാരം. ഞങ്ങള്‍ക്കു ശവം അനുവദനീയമായിരിക്കുന്നു. (ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നും കിട്ടിയില്ലെങ്കില്‍ ശവം തിന്നാം). ഞങ്ങളുടെ പിതാവിന് ധാരാളം സ്വത്തുണ്ടായിരുന്നു. അതെല്ലാം ഭരണാധികാരികള്‍ പിടിച്ചടക്കി. അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. യുവതി പറഞ്ഞു തീര്‍ത്തു. 

ഈ കദന കഥ കേട്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് സഹായിയോടു ചോദിച്ചു. നിന്റെ പക്കല്‍ ഇപ്പോള്‍ ചെലവിനു പണം എത്രയുണ്ട്. അയാള്‍ ആയിരം ദീനാര്‍ ഉണ്ടെന്നു അറിയിച്ചു. അഹ്മദ്: അതില്‍ നിന്ന് 20 ദീനാര്‍ എണ്ണിയെടുക്കൂ! നമുക്ക് നാട്ടിലേക്കു തന്നെ തിരിച്ചു പോകാന്‍ അത് മതി. ബാക്കിയുള്ളതെല്ലാം ഈ സ്ത്രീക്കു കൊടുക്കുക. ഇതാണ് നമുക്ക് ഈ വര്‍ഷത്തെ ഹജ്ജിനേക്കാള്‍ പുണ്യമുള്ള കൃത്യം. ഈ കഥ കേള്‍ക്കുമ്പോഴൊക്കെയും അഹ്മദ് കരയുമായിരുന്നു. ഇത്തരം കഥകള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു പ്രത്യേകതരം സാമ്പത്തിക വീക്ഷണം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഭരണാധികാരികളുടെ ക്രമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളോട് അദ്ദേഹത്തിനു കടുത്ത അമര്‍ഷമായിരുന്നു. അവര്‍ തെറ്റായ നിലക്കു സമ്പാദിച്ച ധനമാണെങ്കിലോ എന്ന ആശങ്കകാരണം അവരുടെ സഹായങ്ങളും സമ്മാനങ്ങളും അദ്ദേഹം നിരസിക്കുകയായിരുന്നു.

ഒരിക്കല്‍ വളരെ വിഷമിച്ച ഒരു സന്ദര്‍ഭത്തില്‍ മുതവക്കില്‍ ഖലീഫയില്‍ നിന്നുള്ള ഒരു പാരിതോഷികവുമായി ഒരു ദൂതന്‍ വന്നു. അഹ്മദ് അത് വാങ്ങാന്‍ വിസമ്മതിച്ചു. അത് നിരസിച്ചാല്‍ ഖലീഫ അതിന്നു കല്‍പിക്കുന്ന അര്‍ഥം മറ്റൊന്നായിരിക്കുമെന്ന് ചിലര്‍ അഹ്മദിനെ ഉപദേശിച്ചു. പണക്കിഴി അദ്ദേഹം സ്വീകരിച്ചെങ്കിലും രാത്രി ഉറക്കം വന്നില്ല. എന്നാല്‍ നേരം പുലര്‍ന്നു ആളുകള്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങും മുമ്പ് അഹ്മദ് 50, 100, 200 എന്നീ തോതില്‍ പണ്ഡിതന്‍മാര്‍ക്കും സാധുക്കള്‍ക്കും അത് വിതരണം ചെയ്തുകഴിഞ്ഞിരുന്നു. അവസാനം അത് സൂക്ഷിച്ച സഞ്ചിയും ഒരു സാധുവിന് നല്‍കി.

ഭൗതിക താല്‍പര്യങ്ങളില്‍ നിന്നു സ്വത്വത്തെ ശുദ്ധീകരിച്ച മഹാന്‍മാര്‍ക്കു മാത്രമേ ലോകത്ത് മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നു ചരിത്രം തെളിയിക്കുന്നു. അഹ്മദിന്റെ ഈ ധീരമായ നിലപാട് അദ്ദേഹത്തിനു ചരിത്രത്തില്‍ ശാശ്വത പ്രതിഷ്ഠ നേടിക്കൊടുക്കക മാത്രമല്ല അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയത്തിന് മേല്‍ക്കോയ്മയും സൃഷ്ടിച്ചുകൊടുത്തു.

മറ്റു പല സദ്ഗുണങ്ങളുടെയും വിളനിലം കൂടിയായിരുന്നു അഹ്മദ്. തന്നെ ഉപദ്രവിച്ചവര്‍ക്കും മാപ്പു നല്‍കുക അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. 'അവര്‍ മാപ്പു നല്‍കുകയും വീട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ' എന്ന ഖുര്‍ആന്‍ വചനം അദ്ദേഹം സദാ ഉരുവിടാറുണ്ടായിരുന്നു. ഒരിക്കല്‍ അഹ്മദിനെപ്പറ്റി ഖലീഫയുടെ മുമ്പില്‍ ഒരാരോപണം ആരോ ഉന്നയിച്ചു. അദ്ദേഹം അലവികളില്‍പ്പെട്ട ഒരു വിപ്ലവകാരിയെ വീട്ടില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് ആരോപണം. വീട് അരിച്ചുപെറുക്കി തിരഞ്ഞിട്ടും ആളെ കിട്ടാതിരുന്നപ്പോള്‍ ആരോപണം വ്യാജമാണെന്നു തെളിഞ്ഞു. ഈ ഏഷണി പറഞ്ഞവനുള്ള ശിക്ഷ വിധിക്കാന്‍ ഖലീഫ അഹ്മദിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അവന്‍ കുട്ടികളുടെ പിതാവായിരിക്കും. അവര്‍ക്കു വിഷമം സൃഷ്ടിക്കുന്ന ഒരു നടപടിയും പാടില്ല. 

ചതുരംഗം കളിക്കുന്നതിനോട് അഹ്മദിനു കടുത്ത വിരോധമായിരുന്നു. മനുഷ്യനെ ഗൗരവമുള്ള വിഷയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന വിനോദമെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ തന്റെ ശിഷ്യന്‍ ചതുരംഗക്കളിക്കാരുടെ കൂട്ടത്തിലേക്ക് കയറിച്ചെന്നു അവരുടെ ചതുരംഗപ്പലക വലിച്ചെറിയുകയും അവരോട് കയര്‍ക്കുകയും ചെയ്ത നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. അതേ അവസരം സത്യം വെട്ടിത്തുറന്നു പറയുന്നതില്‍ ഒരു സങ്കോചവും അഹ്മദിനില്ലായിരുന്നു.

അഹ്മദിന്റെ വിശിഷ്ട ഗുണങ്ങള്‍ കാരണം മുസ്‌ലിംകള്‍ മാത്രമല്ല അമുസ്‌ലിംകളും അദ്ദേഹത്തെ അളവറ്റു ആദരിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ അവര്‍ പുണ്യം ദര്‍ശിച്ചു. ഒരിക്കല്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ വന്ന ക്രൈസ്തവ വൈദ്യന്‍മാരുടെ കൂട്ടത്തില്‍ ഒരു പുരോഹിതനുണ്ടായിരുന്നു. അദ്ദേഹം അഹ്മദിനോട് പറഞ്ഞു. അങ്ങ് ജീവിച്ചിരിക്കുന്നതിന്റെ നന്‍മ ഇസ്‌ലാമിന് മാത്രമല്ല, സൃഷ്ടികള്‍ക്കു മുഴുവനുമാണ്. അങ്ങയെ ആദരിക്കാത്തവരായി ആരും തന്നെയില്ല. അഹ്മദ് വളരെ വിനയാന്വിതനായിരുന്നുവെങ്കിലും അദ്ദേഹത്തെ കാണുമ്പോള്‍ ജനങ്ങള്‍ക്കു ഉള്ളില്‍ എന്തോ ഒരു ഭയം കടന്നുകൂടുമായിരുന്നു. ബഗ്ദാദില്‍ രാജാക്കന്‍മാരെയോ ഗവര്‍ണര്‍മാരെയോ സന്ദര്‍ശിക്കുമ്പോഴൊന്നും ഇല്ലാത്ത ഒരു ഭയം.

നിറഞ്ഞ വിജ്ഞാനത്തോടൊപ്പം മഹദ്ഗുണങ്ങളും ഒത്തുകൂടിയ പണ്ഡിതനായത്‌കൊണ്ടാണ് ചരിത്രത്തില്‍ അദ്ദേഹം വ്യതിരിക്തനായ ഇമാം ആയി ശോഭിച്ചത്.

 

    

 


 

 

    

Feedback
  • Sunday Feb 25, 2024
  • Shaban 15 1445