Skip to main content

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ

ഒരു മനുഷ്യജന്മം കൊണ്ട് സമൂഹം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്ത മഹാമനീഷിയാണ് ഗ്രന്ഥകാരനും പണ്ഡിതനും പ്രസംഗകനും പോരാളിയുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ. ക്രിസ്താബ്ദം 1234 (ഹി. 661)ല്‍ മംലൂക്കികളുടെ ഭരണകാലത്താണ് ഇബ്‌നു തീമിയ ജനിക്കുന്നത്. സത്യസന്ധനായ ഇബ്‌നു തീമിയ സത്യത്തിന് വേണ്ടിത്തന്നെയാണ് ജീവിച്ചത്. ജയിലില്‍ പോകുമെന്നുറപ്പായിട്ടും ഭരണാധികാരികളുടെ ശരികേടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ മടി കാണിച്ചില്ല. സത്യത്തിന് വേണ്ടിയുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് അദ്ദേഹം നല്‍കേണ്ടിവന്ന വില തന്റെ ജീവിതത്തിലെ വിലപ്പെട്ട എട്ടു വര്‍ഷങ്ങളാണ്, ജയില്‍ വീടായി മാറിയ എട്ടു വര്‍ഷങ്ങള്‍.

സിറിയയിലെ ഹര്‍റാനിലാണ് ഇബ്‌നു തീമിയ ജനിച്ചത്. എന്നാല്‍ ശൈശവകാലത്ത് തന്നെ പിതാവിന്റെ കൂടെ ദമസ്‌കസിലേക്ക് കുടിയേറി. പണ്ഡിത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ശിഹാബുദ്ദീന്‍ മുഫ്തിയും, പിതാമഹന്‍ ശൈഖുല്‍ ഇസ്‌ലാം എന്ന സ്ഥാനപ്പേരു വഹിച്ചിരുന്ന മഹാജ്ഞാനിയുമായിരുന്നു. 

ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ തികഞ്ഞ അവഗാഹം നേടിയ ഇബ്‌നു തീമിയ 21ാമത്തെ വയസ്സില്‍ ദമസ്‌കസിലെ ഉന്നത വിദ്യാലയത്തില്‍ പ്രൊഫസറായി നിയമിതനായി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വൈജ്ഞാനിക രംഗത്ത് ചിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിന്റെ കീര്‍ത്തി വളരെ വേഗം വ്യാപിക്കുകയും സദസ്സില്‍ ശ്രോതാക്കളായെത്തുന്ന പണ്ഡിതരുടെ സാന്നിധ്യം നിത്യസംഭവമാകുകയും ചെയ്തു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിയിരുന്ന ഈ നവോത്ഥാന നായകന്‍ പല പണ്ഡിതരുടെയും കണ്ണിലെ കരടായി മാറി. ത്വരീഖത്തുകാരും സൂഫികളും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയിരുന്ന ചെയ്തികളെ ഇദ്ദേഹം പരസ്യമായി എതിര്‍ത്തു. വിഷയം നാട്ടിലെ വൈസ്രോയിയുടെ മുന്നിലെത്തി. സൂഫികള്‍ പറഞ്ഞു, ഞങ്ങള്‍ക്ക് കറാമത്തുണ്ട്, ഞങ്ങള്‍ അഗ്നിയിലിറങ്ങി നടന്ന് അത് തെളിയിക്കാം. അപ്പോള്‍ ഇബ്‌നു തീമിയ പറഞ്ഞു: ശരീരം മുഴുവന്‍ സുര്‍ക്ക തേച്ച് നന്നായി ഉരച്ചു കഴുകിയതിനു ശേഷം അഗ്നിയിലിറക്കിയാല്‍ മതി, തീ പിടിക്കാതിരിക്കാനുള്ള ലേപനമൊക്കെ ശരീരത്തില്‍ നിന്ന് പോവട്ടെ എന്ന്.

ദൈവസത്ത, ഗുണം, വചനം തുടങ്ങിയവ ഖുര്‍ആനില്‍ എപ്രകാരമാണോ വന്നത് അങ്ങനെ തന്നെയാണ് സ്വീകരിക്കേണ്ടത് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. മുത്തലാഖ് വിഷയത്തില്‍ ഇമാമിന് ഭരണാധികാരികളുമായി തെറ്റേണ്ടി വന്നു. മുത്വലാഖില്‍ ഒരു ത്വലാഖേ ആവുകയുള്ളൂ എന്നായിരുന്നു ഇമാമിന്റെ വാദം. എന്നാല്‍ ഭരണാധികാരികള്‍ മൂന്ന് ത്വലാഖും വീടുമെന്ന ഇമാമിനെതിരായ പണ്ഡിതാഭിപ്രായമാണ് സ്വീകരിച്ചത്. അതിനവര്‍ക്ക് രാഷ്ട്രീയപരമായ കാരണങ്ങള്‍ ഉണ്ടായിരുന്നു താനും.

മംലൂക്ക് സുല്‍ത്താന്‍ നാസ്വിറിന്റെ ഭരണത്തിനു കീഴിലായിരുന്നു ഇബ്‌നു തീമിയ ജീവിച്ചത്. അദ്ദേഹത്തിന്റെ കോളിളക്കം സൃഷ്ടിച്ച ചില ഫത്വ്‌വകള്‍ മദ്ഹബീ പണ്ഡിതരെ രോഷം കൊള്ളിക്കുകയും അവര്‍ അദ്ദേഹത്തിനു നേരെ കുതന്ത്രം മെനയുകയും ചെയ്തു. ജനങ്ങളെ ഇബ്‌നു തീമിയക്കെതിരെ ഇളക്കിവിടുകയും അദ്ദേഹത്തെ കാരാഗൃഹത്തിലടയ്ക്കാന്‍ സുല്‍ത്താനെ പ്രേരിപ്പിക്കുകയും ചെയ്തു. മനസ്സില്ലാ മനസ്സോടെ സുല്‍ത്താന് അത് ചെയ്യേണ്ടി വന്നു. എങ്കിലും ഇബ്‌നു തീമിയക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും സുല്‍ത്താന്‍ ജയിലില്‍ ചെയ്തുകൊടുത്തു. അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തിനെതിരെ കുതന്ത്രം മെനഞ്ഞവര്‍ക്കെതിരെ വധശിക്ഷ കൈക്കൊള്ളാന്‍ മലിക് നാസര്‍ ഒരുങ്ങിയെങ്കിലും ഇബ്‌നു തീമിയ എല്ലാവര്‍ക്കും മാപ്പു നല്‍കി. 

രണ്ടു തവണയായി എട്ടു വര്‍ഷത്തോളം അദ്ദേഹം ജയില്‍വാസമനുഭവിച്ചു. അപ്പോഴൊക്കെ ഗ്രന്ഥ രചനക്ക് വേണ്ടി സമയം ചെലവഴിച്ച ഇബ്‌നു തീമിയ മതവിധികളും നല്‍കി. അദ്ദേഹത്തിന്റെ ഫത്‌വകള്‍ ക്രോഡീകരിച്ചത് 35 വാള്യങ്ങളിലായി നിലനില്‍ക്കുന്നു. ഹിജ്‌റ 728ല്‍ ആ മഹാജീവിതം അവസാനിച്ചു.
 

Feedback