Skip to main content

ശൈഖ് ഹസനുല്‍ ബന്ന

ഇരുപതാം ശതകത്തില്‍ (1928) രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ (അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) സ്ഥാപകനേതാവും മരണംവരെ അതിന്റെ ജീവാത്മാവുമായിരുന്നു ശൈഖ് ഹസനുല്‍ബന്ന.

1906 ഒക്‌ടോബര്‍ 14 ന് ഈജിപ്തിലെ മഹ്മൂദിയ്യയിലാണ് ബന്നയുടെ ജനനം. ശൈഖ് ബ്ന്‍ അഹ്മദ് അബ്ദുര്‍റഹ്മാന്‍ അഹ്മദ് അല്‍ബന്ന എന്ന് മുഴുവന്‍ പേര്. ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തിലായിരിക്കെ വധിക്കപ്പെട്ടതിനാല്‍ 'ശഹീദ് ഹസനുല്‍ബന്ന' എന്ന് പ്രവര്‍ത്തകരും അനുഭാവികളും അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു.

കെയ്‌റോവിലെ ദാറുല്‍ ഉലൂമിലായിരുന്നു കൗമാരകാലത്തു തന്നെ കൊളോണിയല്‍ ശക്തികളുടെ കടന്നു കയറ്റത്തെപ്പറ്റി ബന്ന വ്യാകുലനായിരുന്നു. 1919ല്‍ ഈജിപ്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തില്‍, 13 കാരനായ ബന്നയും പങ്കെടുത്തു.

മുസ്‌ലിം രാജ്യങ്ങളെ അടിമകളാക്കി അടക്കിഭരിക്കുന്ന വൈദേശിക ശക്തികളെ തുരത്താന്‍ മുസ്‌ലിംകളില്‍ ആത്മവീര്യവും ഇസ്‌ലാമിക വിപ്ലവബോധവും വളര്‍ത്തലാണ് വഴിയെന്ന് ബന്ന മനസ്സിലാക്കി.

പ്രഭാഷകനും എഴുത്തുകാരനും സംഘാടകനുമായി വളര്‍ന്ന ഈ യുവാവ് ഇതിന്നായി ഒരു കൂട്ടായ്മയുമുണ്ടാക്കി. പില്ക്കാലത്ത് ഈജിപ്തിനുപുറമെ സിറിയ, ലബനാന്‍, ഫലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിച്ച മുസ്‌ലിം ബ്രദര്‍ഹുഡ് രൂപീകരണം 1928 മാര്‍ച്ചിലായിരുന്നു. ഹസനുല്‍ ബന്നയ്ക്ക് അന്ന് പ്രായം കേവലം 22 വയസ്സ്.

പിന്നീട് ബന്ന, ജീവിതം പോരാട്ടമാക്കുകയായിരുന്നു. യൗവനത്തിന്റെ വൈകാരികതയ്ക്കപ്പുറം യാഥാര്‍ഥ്യബോധത്തിന്റെ കരുത്തും തീക്ഷ്ണതയുമാണ് ഇദ്ദേഹത്തില്‍ കണ്ടത്. പ്രബോധന-സേവന-സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നു. പ്രഭാഷണങ്ങളിലൂടെ അദ്ദേഹം ഈജിപ്തുകാരെ ഉണര്‍ത്തി. 17 വര്‍ഷംകൊണ്ട് 30,000 പ്രഭാഷണങ്ങളാണ് ഈ യുവാവ് നടത്തിയത്.

'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍' എന്ന പേരില്‍ പത്രവും 'അന്നദീര്‍' വാരികയും പ്രസിദ്ധീകരിച്ചു. വനിതാ വിഭാഗവും രൂപീകരിച്ചു.

ഇതിന്നിടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ പലവട്ടം നടന്നു. ഐക്യരാഷ്ട്ര സഭ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഫലസ്തീനിലെ ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ സമരം നടത്താന്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരെ അങ്ങോട്ട് അയച്ച് ഹസനുല്‍ബന്ന, കോളനിവാഴ്ചക്കാരെ ഞെട്ടിച്ചു.

ഇഖ്‌വാന്‍ തലവേദനയായതോടെ, 1948 ഡിസംബര്‍ 8ന് സംഘടനയെ ഈജിപ്ത് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു. ഇഖ്‌വാന്റെ ആത്മാവായി ഓടിനടന്ന അതിന്റെ സ്ഥാപക നേതാവായിരുന്നു അധികാരികളുടെ അടുത്ത ഉന്നം.

1949 ഫെബ്രുവരി 11 ന് അത് സംഭവിച്ചു. അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് ഹസനുല്‍ ബന്ന കൊല്ലപ്പെട്ടു, 42-ാം വയസ്സില്‍. ഇഖ്‌വാന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരവും ആവേശവുമായി ഇന്നും ഇദ്ദേഹം അവരുടെ ഹൃദയങ്ങളില്‍  ജീവിക്കുന്നു.

Feedback