Skip to main content

ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി

ഇന്ത്യയിലെ മുസ്‌ലിം പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയാണ് ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവി. സംഭവബഹുലമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  പട്ടുമെത്ത വിരിച്ച ബാല്യവും ആദരവുകള്‍ നേടിയെടുത്ത കൗമാരവും വെല്ലുവിളികള്‍ നിറഞ്ഞ യൗവനവും ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ ജീവിതത്തെ കരുത്തുറ്റതും മനോഹരവുമാക്കി.

മത പശ്ചാത്തലമുള്ള ഒരു വലിയ പണ്ഡിത കുടുംബത്തില്‍ ഹിജ്‌റ 1114നാണ് ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവി ഡല്‍ഹിയില്‍ ഭൂജാതനാവുന്നത്. പൂര്‍ണനാമം' ഖുതുബുദ്ദീന്‍ അഹ്മദ് വലിയുല്ലാഹ് ബിന്‍ അബ്ദുര്‍റഹീം അല്‍ ഉമരി അദ്ദഹ്ലവി ' എന്നാണ്.

പിതാവിന്റെ കൈപിടിച്ച് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന അദ്ദേഹത്തിന് ഹദീസ് പഠനത്തിന്റെ കവാടങ്ങള്‍ തുറന്ന് നല്‍കിയത് 'ശൈഖ് അഫ്ദല്‍ സിയാല്‍ കോട്ടിയായിരുന്നു. ആ സാമീപ്യം ശൈഖ് ദഹ്‌ലവിയെ ഉയരങ്ങളിലേക്കെത്തിച്ചു. ശൈഖിന്റെ പിതാവിന്റെ മരണ ശേഷം പിതാവ് കൈകാര്യം ചെയ്തിരുന്ന പഠന സദസ്സുകള്‍ ശൈഖ് ഏറ്റെടുത്തു.  അപ്പോള്‍ പതിനാറ് വയസ്സ് മാത്രമായിരുന്നു പ്രായം. പിതാവിന്റെ പിന്‍ഗാമിയായി സദസ്സിന് വെളിച്ചമായെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് വിജ്ഞാനത്തിന്റെ പുതിയ മേഖലകള്‍ തേടുകയായിരുന്നു.  അങ്ങനെ മക്കയും മദീനയും അടങ്ങുന്ന ഹിജാസിലേക്ക് അദ്ദേഹം യാത്രയായി.  ശൈഖ് അബ്ദുത്വാഹിര്‍ മദനി അടക്കമുള്ള മഹാപണ്ഡിതരിലൂടെ അദ്ദേഹം ഹദീസ് വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.  രണ്ട് വര്‍ഷം അവിടെ ചെലവഴിച്ചതിന് ശേഷം ഹി. 1145ന് (ക്രി. 1724) ഇന്ത്യയിലേക്ക് തന്നെ മടങ്ങി.

പഠനകാലത്ത് പൂര്‍വ സൂരികളുടെ കലര്‍പ്പില്ലാത്ത, ഇസ്‌ലാമിന്റെ തനതായ ആശയം അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിരുന്നു. നാട്ടിലെത്തിയ അദ്ദേഹം തന്റെ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനും ഇസ്‌ലാമിന്റെ തനതായ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും കഠിന പരിശ്രമം നടത്തി. മുന്‍വിധികളോടെ മതത്തെ സമീപിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. മക്കയിലേക്ക് പോവുന്നതിനു മുന്‍പ് സൂഫി ചിന്തകളിലും അവരുടെ ആചാരങ്ങളിലും ബന്ധനസ്ഥനാക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു മാറ്റമായിരുന്നു ഇത്. സൂഫിസമാണ് ഇസ്‌ലാം എന്ന് കരുതിയിരുന്ന ദഹ്്‌ലവിക്ക് യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പ്രകാശം ലഭിച്ചത് മക്കയില്‍ നിന്നാണ്. പിന്നീട് തിരിച്ചെത്തിയ അദ്ദേഹം സൂഫിസത്തിനെതിരെ ശക്തമായി പോരാടുകയും ചെയ്തു.

ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും

വളര്‍ന്നു വരുന്ന ജനതയെ ഇസ്‌ലാമിന്റെ നേരായ പാതയിലേക്ക് നയിക്കുക എന്നതായിരുന്നു ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവിയുടെ പരമ പ്രധാനമായ ലക്ഷ്യം. വൈജ്ഞാനിക സദസ്സുകളും തൂലികയുമാണ് അതിന് അദ്ദേഹം പ്രധാനമായും അവലംബിച്ചത്. ലക്ഷ്യ സഫലീകരണത്തിനു വേണ്ടി ശൈഖ് ഡല്‍ഹിയിലെ മദ്‌റസത്തു റഹീമിയ്യയില്‍ ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസരിക്കുന്ന ചിന്തകള്‍ യുവാക്കള്‍ക്ക് പുതുജീവനും ഉന്മേഷവും പകര്‍ന്നു. അനവധി വിഷയങ്ങളില്‍ അഗാധമായ അവഗാഹം കരസ്ഥമാക്കിയിരുന്ന ദഹ്‌ലവി വിശുദ്ധ ഖുര്‍ആനിലും ഹദീസിലും (പ്രവാചകാധ്യാപനങ്ങള്‍) കര്‍മ ശാസ്ത്രത്തിലും ഗവേഷണ വിഷയങ്ങളിലും ഗ്രന്ഥങ്ങള്‍ രചിച്ചു. അന്നുണ്ടായിരുന്ന നേതാക്കളോടും പണ്ഡിതരോടും ഭരണാധികാരികളോടും നിരന്തരം ഇടപഴകി.  പൊതു ജനങ്ങളെ തന്റെ വിശാലമായ സൗഹൃദ വലയത്തില്‍ ഉള്‍പ്പെടുത്തി. എല്ലാവര്‍ക്കും ഇസ്‌ലാമിന്റെ തനതായ പ്രകാശം പകര്‍ന്നു നല്‍കി. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലുണ്ടായിരുന്നു. ദഹ്‌ലവിയുടെ രചനകളും അധ്യാപനങ്ങളും ഒരു പാട് ശിഷ്യഗണങ്ങളെ അദ്ദേഹത്തിന് സമ്മാനിച്ചു.  അദ്ദേഹം കാണിച്ച പാതയിലൂടെ ശിഷ്യരും  ജനങ്ങള്‍ക്ക് വഴികാണിച്ചു.

ഇസ്‌ലാമിന്റെ തനതായ മാര്‍ഗത്തിലേക്ക് ജനങ്ങളെ നയിച്ച ദഹ്‌ലവിയുടെ പേരില്‍ അവകാശവാദക്കാരും ഒരുപാടുണ്ടായിരുന്നു. ഹനഫികള്‍ ദഹ്‌ലവി ഹനഫിയാണെന്ന് പറഞ്ഞു, സലഫികള്‍ അദ്ദേഹം സലഫിയാണെന്ന് ധരിച്ചു.  അങ്ങനെ ഓരോരുത്തരും അദ്ദേഹം തങ്ങളുടെ കൂടെയാണെന്ന് വാദിച്ചു.  ഖുര്‍ആനും ഹദീസും എന്ത് പറയുന്നുവോ അതാണ് തന്റെ മദ്ഹബ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട.് പല മദ്ഹബുകളുമായും വിവിധ കാര്യങ്ങളില്‍ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇമാമിന്റെ പിറകില്‍ നിന്ന് ഫാതിഹ പാരായണം ചെയ്യല്‍, ഇഅ്തിദാലില്‍ കൈകള്‍ ഉയര്‍ത്തല്‍, വിത്ര്‍ നമസ്‌കാരം ഒരു റകഅത്തോ മൂന്ന് റക്അത്തോ, ഖുതുബ തുടങ്ങിയ വിഷയങ്ങളിലൊക്കെ പല മദ്ഹബുകളുമായും അദ്ദേഹം യോജിച്ചിരുന്നില്ല. 

അദ്ദേഹത്തിന്റെ ഉപദേശങ്ങളില്‍ ചിലത്:

-വിശ്വാസത്തിലും കര്‍മത്തിലും ചിന്തയിലും എല്ലായ്‌പ്പോഴും ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക.

-എല്ലാ ദിവസവും അല്പമെങ്കിലും ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്യുക. അതിന് കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പരിഭാഷയെങ്കിലും ശ്രദ്ധിക്കുക.

-പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക, പക്ഷേ അവ ഖുര്‍ആനിനും ഹദീസിനും എതിരാണെങ്കില്‍ തള്ളിക്കളയുക.

-പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് ലഭിച്ചത് പണ്ഡിതന്മാരിലൂടെയാണ്. അവരുടെ വാക്കുകള്‍ മൂല്യമുള്ളതാണ്. എന്നാല്‍ ഖുര്‍ആനും സുന്നത്തും പരിഗണിക്കാതെ പണ്ഡിതരുടെ വാക്കുകള്‍ മാത്രം അവലംബിക്കുകയാണെങ്കില്‍ അവര്‍ വ്യക്തമായ വഴികേടിലാണ്.

എഴുത്തുകാരനായും പ്രബോധകനായും പരിഷ്‌കൃത മുസ്‌ലിം ലോകത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ആ മഹാ നേതാവ് ഹി: 1221 (ക്രി. 1800)ന് ഈ ലോകത്ത് നിന്ന് വിടവാങ്ങി. 'മുന്‍ഹദിയാന്‍' എന്ന പ്രദേശത്ത് ഖബറടക്കപ്പെട്ടു.

ദഹ്‌ലവിയുടെ ഗ്രന്ഥങ്ങള്‍


فتح الرحمن في الترجمة معاني القرآن إلى الفارسية , الفوز الكبير في أصول التفسي(പേര്‍ഷ്യന്‍ തഫ്്‌സീര്‍),
المسوى في شرح الموطا للمالك , المصطفى- شرح آخر للموطأ , شرح تراجيم أبواب البخاري , 
الإنتباه في سلاسل أولياء الله وأسانيد وارثى رسول الله , فتح القدير , القول الجميل , حجة الله البابغة , 
الإنصاف في بيان سبب الإختلاف , عقد الجديد في أحكام الإجتهاد والتقليد , إزالة الخفاء عن خلافة الخلفاء ,
قرة العينين في تفضيل الشيخين

Feedback