Skip to main content

അല്‍ മസ്ഊദി

പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ സന്തത സഹചാരിയും മഹാപണ്ഡിതനും ആയിരുന്ന അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ കുടുംബ പരമ്പരയില്‍പെട്ട സാഹസികനായ സഞ്ചാരിയായിരുന്നു അബുല്‍ ഹസന്‍ അലി ബിന്‍ അല്‍ ഹുസൈന്‍ അല്‍ മസ്ഊദി. സഞ്ചാരി എന്നതിനപ്പുറം ഭൂമിശാസ്ത്രജ്ഞനും ചരിത്രകാരനും എഴുത്തുകാരനും കൂടിയായിരുന്നു അല്‍ മസ്ഊദി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ഇദ്ദേഹം. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസിലേക്ക് ചേര്‍ത്തി അറബികളുടെ ഹെറോഡോട്ടസ് എന്നും ഇദ്ദേഹത്തെ പറയാറുണ്ട്.

ഇസ്‌ലാമിന്റെ സുവര്‍ണകാലഘട്ടമായിരുന്ന ഒന്‍പതാം നൂറ്റാണ്ടിലാണ് ജനനം. 896 എ.ഡി, ബഗ്ദാദില്‍. അല്‍ മസ്ഊദിയുടെ അനുഭവങ്ങളും യാത്രാവിവരണങ്ങളും കണ്ടെത്തലുകളും പ്രധാനമായും ലഭിക്കുന്നത് അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങളില്‍ നിന്നാണ്. സ്വര്‍ണമേടുകള്‍ (മുറൂജുദ്ദഹബ്), 2. രത്‌നഖനികള്‍ (മആദിനുല്‍ ജൗഹര്‍) എന്നിവയാണവ. താന്‍ യാത്ര ചെയ്യുന്ന നാടുകളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കലും അവിടത്തെ പണ്ഡിതന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തലും ഇദ്ദേഹത്തിന്റെ ഇഷ്ടങ്ങളില്‍ പെട്ടതായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ കൂടുതല്‍ യാത്രകള്‍ പേര്‍ഷ്യന്‍ പ്രവിശ്യയിലൂടെയായിരുന്നു. കാസ്പിയന്‍ കടലുമായി ബന്ധം പുലര്‍ത്തുന്ന അര്‍മേനിയ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം അറബ് രാജ്യങ്ങളായ ഈജിപ്തും സിറിയയും തന്റെ യാത്രയില്‍ ഉള്‍പ്പെടുത്തി. അറേബ്യക്ക് പുറമെ സിന്ധു നദീ താഴ്‌വാരങ്ങളും കിഴക്കന്‍ ആഫ്രിക്കയും സന്ദര്‍ശിച്ച അദ്ദേഹം, ഇന്ത്യന്‍ മഹാസമുദ്രം, ചെങ്കടല്‍, മെഡിറ്ററേനിയന്‍, കാസ്പിയന്‍ എന്നിവിടങ്ങളിലെ മികച്ച നാവികനുമായിരുന്നു.

യാത്ര തന്നെയായിരുന്നു മസ്ഊദിയുടെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇത്രയും തുടര്‍ച്ചയായ യാത്രക്ക് എങ്ങനെയാണ് അദ്ദേഹം പണം കണ്ടെത്തിയത് എന്ന ചോദ്യത്തിന് ചരിത്രകാരന്‍മാര്‍ നല്‍കുന്ന മറുപടി, മസ്ഊദി യാത്രയിലുടനീളം കച്ചവടങ്ങള്‍ നടത്തിയിരുന്നു എന്നാണ്. യാത്രകളിലൂടെ മസ്ഊദി ലക്ഷ്യമിട്ടിരുന്നത് പുതിയ ലോകത്തെയും പുതിയ ആളുകളെയും പുതിയ ചരിത്രത്തെയും അറിയുക എന്നതായിരുന്നു. 

തന്റെ മുറൂജുദ്ദഹബ് എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നുണ്ട്: “ലോകത്തിന്റെ കിഴക്കും പടിഞ്ഞാറുമായി ഒരുപാടു നാടുകളിലൂടെ ഞാന്‍ യാത്ര ചെയ്തു. ഇസ്‌ലാം തൊട്ടുതീണ്ടിയിട്ടില്ലാത്ത നിരവധി രാജ്യങ്ങള്‍, നാടുകള്‍. ഓരോരുത്തര്‍ക്കും അവരുടേതായ പാരമ്പര്യങ്ങളും ആചാരങ്ങളും സമ്പ്രദായങ്ങളും. എന്നാല്‍ എന്റെ ലക്ഷ്യം ഒന്നു മാത്രം. പുതിയ കരകള്‍ തേടിപ്പോവുക, അവിടത്തെ ജനങ്ങളുടെ രചിക്കപ്പെടാത്ത ചരിത്രങ്ങള്‍ കണ്ടെത്തുക.''

യാത്രാസൗകര്യങ്ങള്‍ വളരെ കുറവായിരുന്ന കാലത്ത് കടലിലൂടെ ലോകം ചുറ്റിനടത്തിയ യാത്രകള്‍ അത്ഭുതകരമാണ്. അതിനദ്ദേഹത്തെ സഹായിച്ചത് തന്റെ ഇച്ഛാശക്തിയും ഒരു യാത്രികനു വേണ്ട അറിവുകളുമാണ്. ഗാലന്റെ വൈദ്യശാസ്ത്രത്തിലും ടോളമിയുടെ ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിന് മികച്ച ധാരണയുണ്ടായിരുന്നു. അതോടൊപ്പം കടലിന്റെ പ്രത്യേകതകളെക്കുറിച്ചും ഇസ്‌ലാമിലെ ഗോളശാസ്ത്രത്തെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു.

ജീവിതം മുഴുവന്‍ ചരിത്രം തേടിയുള്ള യാത്രക്ക് വേണ്ടി ചെലവഴിച്ച ആ സഞ്ചാരി എ.ഡി. 956 സെപ്തംബറില്‍ ഈജിപ്തിലെ കെയ്‌റോയില്‍ വച്ച് അന്തരിച്ചു.
 

Feedback