Skip to main content

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)

''അബ്ദുല്ലാ, താങ്കളെനിക്കായി  ഖുര്‍ആനില്‍ നിന്ന് അല്പം പാരായണം ചെയ്യൂ''. തിരുദൂതരുടെ ആഗ്രഹം കേട്ട അബ്ദുല്ല ആദ്യമൊന്നമ്പരന്നു. ''ദൂതരേ, അങ്ങേക്കിറങ്ങിയ ഖുര്‍ആന്‍ ഞാന്‍ താങ്കള്‍ക്കായി ഓതിത്തരികയോ?.'' ''അതേ, മറ്റുള്ളവരില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്നത് എനിക്ക്  ആനന്ദമേകുന്നു''-നബി പറഞ്ഞു.

അല്പനേരത്തെ ആലോചനയ്ക്കു ശേഷം അബ്ദുല്ല ഖുര്‍ആന്‍ പാരായണം ആരംഭിച്ചു. സൂറ.അന്നിസാഇല്‍ നിന്നുള്ള ചില വചനങ്ങള്‍. അബ്ദുല്ലയുടെ നാദവിസ്മയത്തില്‍ അവിടുന്ന് ലയിച്ചിരുന്നു. കണ്ണുകള്‍ പാതിയടച്ച്, ദിവ്യ വചനങ്ങളോടൊപ്പം മനസ്സഞ്ചാരം നടത്തവെ, പരലോകത്ത് നബിയെ ജനവിഭാഗങ്ങള്‍ക്ക് സാക്ഷിയാക്കി കൊണ്ടുവരും എന്നു തുടങ്ങുന്ന വചനമെത്തി. അബ്ദുല്ല ആ വചനം ഒന്നാവര്‍ത്തിച്ചു. പാരായണത്തില്‍ മുഴുകിയ അബ്ദുല്ല തിരുനബിയെ ശ്രദ്ധിച്ചു. ദൂതരുടെ  കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. തേങ്ങലൊതുക്കി കണ്ണീര്‍ തുടക്കവെ അവിടുന്ന് പറഞ്ഞു: ''നിര്‍ത്തൂ അബ്ദുല്ല, നിര്‍ത്തൂ''.

ഉഖ്ബത്തിന്റെ ആടുകളെ മേച്ച് മരുഭൂമിയുടെ ചൂടില്‍ കൗമാരവും യൗവനവും  തളച്ചിട്ടിരുന്ന അബ്ദുല്ലാഹിബ്‌നു മസ്ഊദാ(റ)ണ് പ്രിയ നബിക്ക് ആദ്യം ആനന്ദവും പിന്നെ കണ്ണീര്‍ നനവും സമ്മാനിച്ച ആ സ്വരമാധുരിയുടെ ഉടമ.

ഹുദൈല്‍ ഗോത്രത്തില്‍ മസ്ഊദുബ്‌നുല്‍ ഹാരിസിന്റെ മകനായി പിറന്ന അബ്ദുല്ല, അബു അബ്ദിര്‍റഹ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു.

നബി തിരുമേനിയെ അടുത്തു പരിചയിച്ചിരുന്ന അബ്ദുല്ല, രഹസ്യപ്രബോധനകാലത്തു തന്നെ ആറാമനായി ഇസ്‌ലാമിനെ നെഞ്ചേറ്റി. യജമാനനും ഖുറൈശീ ഹുങ്കിന്റെ പ്രതീകവുമായിരുന്ന ഉഖ്ബത്തുബ്‌നു അബീ മുഅയ്ത്തിന്റെ കൈക്കരുത്ത് ആവോളം അനുഭവിച്ചു, മെലിഞ്ഞ കൈകാലുകളും കുറിയ ശരീരവുമുള്ള ഈ സാധുമനുഷ്യന്‍. എന്നാല്‍, ഇതേ അബ്ദുല്ല പിന്നീട് മഖാമുഇബ്‌റാഹീമില്‍ വെച്ച് ഖുര്‍ആന്‍ ഉച്ചത്തില്‍ ഓതി ഖുറൈശികളുടെ പ്രതാപത്തെ വെല്ലു വിളിക്കുകയുംചെയ്തു.

മുസ്‌ലിമായ ശേഷം തിരുനബിയുടെ പരിചാരകനായി അബ്ദുല്ല. വീട്ടിലും പുറത്തും നബിയെ പിന്തുടര്‍ന്നു. നബിയെ ചെരുപ്പണിയിക്കുക, പല്ലുതേക്കുന്ന മിസ്‌വാക്ക് കൊണ്ടുനടക്കുക, തുടങ്ങിയവ ചെയ്തിരുന്നത് അബ്ദുല്ലയായിരുന്നു. ദൂതരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ 'സാഹിബുസ്സവാദ്'എന്നപേരിലറിയപ്പെട്ട അദ്ദേഹം നബിയുടെ വീട്ടിലെ അംഗമാണെന്ന് ധരിച്ചിരുന്നു പലരും.

ഈ ബന്ധം അബ്ദുല്ലാഹിബ്‌നു മസ്ഊദിനെ പണ്ഡിതനും സാത്വികനുമാക്കി. ഇസ്‌ലാമിക വിധികള്‍, നിയമങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍ തുടങ്ങിയവ നബിയില്‍ നിന്ന് നേരിട്ട് കേട്ടു പഠിച്ചതിനാല്‍ മറ്റേതുസ്വഹാബിയെക്കാളും പ്രാവീണ്യം ഇക്കാര്യത്തില്‍ നേടാനായി. നബിയില്‍ നിന്ന് നേരിട്ട് കേട്ടാണ് എഴുപതോളം സൂറത്തുകള്‍ താന്‍ ഹൃദിസ്ഥമാക്കിയതെന്ന് ഇബ്‌നു മസ്ഊദ്(റ) പറയുന്നുണ്ട്.

''ഖുര്‍ആന്‍ എനിക്കിറങ്ങിയ അതേ രൂപത്തില്‍ കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ ഇബ്‌നു ഉമ്മി അബ്ദിന്റെ (അബ്ദുല്ല) പാരായണം കേള്‍ക്കട്ടെ''യെന്ന് നബി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനബി  ഇടയ്ക്കിടെ അബ്ദുല്ലയെക്കൊണ്ട് ഖുര്‍ആന്‍ ഓതിക്കുമായിരുന്നു. പാരായണത്തില്‍ മാത്രമല്ല, ഖുര്‍ആനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അഗാധ വിജ്ഞാനം ആര്‍ജിക്കാന്‍ ഇദ്ദേഹത്തിനായി.

''അല്ലാഹു സാക്ഷി, വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാക്യവും എവിടെ, എപ്പോള്‍ അവതരിച്ചു എന്നത് എനിക്കറിയാം. ഖുര്‍ആനിനെപ്പറ്റി എന്നെക്കാള്‍ വലിയ ജ്ഞാനി എവിടെയുണ്ടെങ്കിലും ഞാനദ്ദേഹത്തെ പോയി കാണും''- ഇബ്‌നു മസ്ഊദ് പറയുമായിരുന്നു.

പ്രവാചകരെ പരിചരിക്കുന്നതില്‍ അതീവ തല്‍പരനായ അബ്ദുല്ല ഒരിക്കല്‍, നബിക്ക് പല്ലുതേക്കാനുള്ള അറാക്ക് കൊമ്പൊടിക്കാന്‍ മരത്തില്‍ കയറി. കയറുമ്പോള്‍  അബ്ദുല്ലയുടെ മെലിഞ്ഞുണങ്ങിയ കാലുകള്‍ കണ്ട സ്വഹാബിമാരില്‍ ചിലര്‍ക്ക് ചിരി വന്നു. ഉടനെ ഇടപെട്ടു തിരുനബി: ''അല്ലാഹുവിന്റെ തുലാസ്സില്‍ ആ കാലുകള്‍ക്ക് ഉഹ്ദ് മലയെക്കാള്‍ ഭാരമുണ്ടാവും''. ചിരിച്ചവര്‍ക്ക് പിന്നെ സങ്കടമായി.

ജീവിതത്തില്‍ ആഗ്രഹങ്ങളായി ഒന്നുമുണ്ടായിരുന്നില്ല അബ്ദുല്ലക്ക്. എന്നാല്‍ ഒരിക്കല്‍ അബ്ദുല്ലയും ആഗ്രഹിച്ചുപോയി, അയാള്‍ ഞാനായിരുന്നെങ്കിലെന്ന്. ആ സംഭവമിങ്ങനെ: തബൂക്ക് യുദ്ധവേള, സൈനികത്താവളത്തില്‍ ഉറങ്ങവെ എന്തോ ശബ്ദം കേട്ട് അബ്ദുല്ല എഴുന്നേറ്റു. അര്‍ധരാത്രിയില്‍ ദൂരെ ഒരു വെളിച്ചം. നടന്ന് അവിടെയെത്തി. മൂന്നുപേര്‍ ചേര്‍ന്ന് കുഴിവെട്ടുന്നു. കുഴിയില്‍ പ്രിയ നബി. പുറത്ത് അബൂബക്‌റും ഉമറും. അബ്ദുല്ലക്ക് ആകാംക്ഷയായി. അബൂബക്‌റും ഉമറും ചേര്‍ന്ന് ഒരു മയ്യിത്ത് താഴ്ത്തിക്കൊടുക്കുന്നു. തിരുനബി അത് ഖബ്‌റില്‍ വെക്കുന്നു. ശേഷം നബി ഇങ്ങനെ പ്രാര്‍ഥിക്കുന്നു, ''അല്ലാഹുവേ, ഇദ്ദേഹത്തെക്കുറിച്ച് ഞാന്‍ സംതൃപ്തനാണ്. നീയും സംതൃപ്തനാകണേ.'' എല്ലാം കണ്ടിരിക്കുകയായിരുന്ന അബ്ദുല്ലയുടെ കണ്ണില്‍ നനവ് പടര്‍ന്നു. ആ മയ്യിത്ത് എന്റേതായിരുന്നെങ്കില്‍....., അദ്ദേഹം ആഗ്രഹിച്ചുപോയി.

സ്വര്‍ഗപ്രവേശം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്തിലൊരാളായിരുന്നു ഇബ്‌നു മസ്ഊദ്(റ).

നബി(സ്വ)വിടവാങ്ങി. അവിടുന്ന് പകര്‍ന്നു നല്‍കിയ വിജ്ഞാനം പ്രചരിപ്പിച്ച് അബ്ദുല്ല ഏറെക്കാലം ജീവിച്ചു. ഖലീഫമാരെല്ലാം ഈ തിരുപരിചാരകനെ അങ്ങേയറ്റം ആദരിച്ചു. മതകാര്യങ്ങളിലെ സംശയങ്ങള്‍ നിവര്‍ത്തിക്കാന്‍ ആശ്രയിച്ചു.

പരമ ദരിദ്രനായി ജീവിച്ച അബ്ദുല്ലയെ ഖലീഫ ഉമര്‍ കൂഫയിലെ ബയ്ത്തുല്‍മാലിന്റെ ചുമതലക്കാരനാക്കി. മാതൃകാപരമായി ധനം കൈകാര്യം ചെയ്തും നാട്ടുകാര്‍ക്ക് മതപാഠങ്ങള്‍ പകര്‍ന്നു നല്‍കിയും അദ്ധേഹം കൂഫക്കാരുടെയും ഖലീഫയുടെയും പ്രശംസ നേടി.

ഹിജ്‌റ വര്‍ഷം 32ല്‍ ഖലീഫ ഉസ്മാന്റെ ഭരണകാലത്താണ് ഈ മഹാനുഭാവന്‍ നിര്യാതനായത്.

Feedback