Skip to main content

ഇബ്‌നു ബത്തൂത്ത

വ്യാഖ്യാത ലോക സഞ്ചാരി. ശരിയായ പേര് ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദുബ്‌നു അബ്ദില്ലാഹിബ്‌നി മുഹമ്മദ്ബിനി ഇബ്‌റാഹീമല്ലവാതിയ്യുത്ത്വന്‍ജി. 

മൊറോക്കോയിലെ താന്‍ജീര്‍ പട്ടണത്തില്‍ 703 റജബ് 17 (1304 ഫെബ്രുവരി 25ന്) ജനിച്ചു. ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ ദക്ഷിണ തീരത്താണ് തുറമുഖ നഗരമായ താന്‍ജീര്‍. ഹജ്ജിന്നായി 725 റജബ് 2 (1325 ജൂണ്‍ 13ന്) ഇബ്‌നു ബത്തൂത്ത സ്വദേശമായ താന്‍ജീറില്‍ നിന്ന് പുറപ്പെട്ടു. 21ാം വയസ്സിലാരംഭിച്ച ആ യാത്ര 25 വര്‍ഷം നീണ്ടുനിന്ന ലോക പര്യടനമായി കലാശിച്ചു. 

ഇബ്‌നു ബത്തൂത്ത ആദ്യത്തില്‍ യാത്രക്ക് കരമാര്‍ഗമാണ് അവലംബിച്ചത്. വടെക്ക ആഫ്രിക്കയില്‍ നിന്ന് ഈജിപ്തിലും അവിടെ നിന്ന് സിറിയിലെ ദമസ്‌കസ് വഴി മക്കയിലുമെത്തി. പിന്നീട് ഇറാഖ്, ഖൂസിസ്താന്‍, പേര്‍ഷ്യ, ജിബാല്‍, തിബ്‌രീസ്, ബഗ്ദാദ്, സാമര്‍റാ, മൗസ്വില്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൗസ്വിലില്‍ നിന്ന് ബഗ്ദാദിലേക്ക് മടങ്ങി. അവിടെ നിന്ന് ഹി: 727ല്‍ മക്കയിലെത്തി. ഹജ്ജ് നിര്‍വഹിച്ചു. മൂന്നു തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. മക്കയില്‍ നിന്ന് 730ല്‍ ജിദ്ദ വഴി ലോക പര്യടനം പുനരാരംഭിച്ചു. 

തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയില്‍

734 മുഹര്‍റം ഒന്നിന് (1333 സെപ്തംബര്‍ 12) അഫ്ഗാനിസ്താനില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. അന്ന് ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ്ബ്‌നു തുഗ്ലക്ക് അദ്ദേഹത്തെ സ്വീകരിച്ച് ആദരിച്ചു. ഏതാണ്ട് ഒമ്പതു വര്‍ഷം ഇദ്ദേഹം ദല്‍ഹിയില്‍ താമസിച്ചു. 743 സ്വഫര്‍(1342 ജൂലൈ) മാസം ചീനാ ചക്രവര്‍ത്തിക്കുള്ള സുല്‍ത്താന്റെ പാരിതോഷികങ്ങളുമായി ഒരു വലിയ സംഘത്തിന്റെ തലവനായി അദ്ദേഹം ചൈനയിലേക്ക് പോയി. ഈ യാത്രയിലാണ് ഇബ്‌നു ബത്തൂത്തക്ക് ഇന്ത്യയുടെ പശ്ചിമ തീരങ്ങളായ കൊങ്കണ്‍, മലബാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടായത്. കോഴിക്കോട് തുറമുഖത്ത് കാറ്റും കോളും മൂലമുണ്ടായ അപകടത്തില്‍ ചൈനീസ് ചക്രവര്‍ത്തിക്കുള്ള പാരിതോഷികങ്ങള്‍ കയറ്റിയ കപ്പല്‍ തകര്‍ന്നു. ചരക്കുകള്‍ നഷ്ടപ്പെടുകയും സംഘത്തിലെ മറ്റംഗങ്ങള്‍ക്ക് ജീവഹാനി നേരിടുകയും ചെയ്തു. കരയിലായിരുന്ന ബത്തൂത്ത മാത്രം രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് ബത്തൂത്ത മാലി ദ്വീപിലേക്ക് പുറപ്പെട്ടു. 

ഇബ്‌നു ബത്തൂത്ത ലോക പര്യടനത്തിന് 28 വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹം ആകെ 1,24,000 കി.മീ. സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ അദ്ദേഹം സന്ദര്‍ശിച്ച ദേശങ്ങള്‍ ഏഴിമല, ശ്രീകണ്ഠപുരം (ജര്‍ഫതന്‍), ധര്‍മടം, വളപട്ടണം, പന്തലായനി, കോഴിക്കോട്, ചാലിയം, കൊല്ലം എന്നിവയാണ്. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം വിശ്വസിച്ച് അറേബ്യയിലേക്ക് പോയ കഥയും മാലികുബ്‌നു ദീനാര്‍ ഒമ്പതു പള്ളികള്‍ നിര്‍മിച്ചതും ബത്തൂത്തയുടെ യാത്രാ വിവരണത്തില്‍ കാണുന്നില്ല. അതേസമയം ഒരു കോലത്തിരി രാജാവ് ഇസ്‌ലാം മതം സ്വീകരിച്ചതും അദ്ദേഹം ധര്‍മടം പള്ളിയും അവിടത്തെ വിശാലമായ കുളവും നിര്‍മിച്ചതും അദ്ദേഹം വിവരിക്കുന്നുണ്ട്. അറക്കല്‍ സ്വരൂപത്തെ സംബന്ധിച്ച പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല. 

രിഹ്‌ലതു ഇബ്‌നു ബത്തൂത്ത

അറേബ്യയിലെ പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനമായിരുന്നു യാത്രയുടെ പ്രഥമ പ്രചോദനമെങ്കിലും ഭരണാധികാരികളെ സന്ദര്‍ശിച്ച് അവരുടെ പാരിതോഷികങ്ങള്‍ സ്വീകരിച്ച് സാമ്പത്തിക ഭദ്രത നേടലും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഭക്തനും പണ്ഡിതനും സൂഫിയുമായിരുന്നു. ബത്തൂത്തയുടെ ഭൂഖണ്ഡാന്തര യാത്ര രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരില്‍ വിഖ്യാതമാണ്. ആ ഗ്രന്ഥത്തിന്റെ പൂര്‍ണ നാമം തുഹ്ഫതുന്നുദ്വാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍ വ അജാഇബില്‍ അസ്ഫാര്‍ (രാജ്യങ്ങളിലെ വിചിത്രതകളെയും സഞ്ചാരങ്ങളിലെ അത്ഭുതങ്ങളെയും സംബന്ധിച്ച് പ്രേക്ഷകര്‍ക്കൊരു ഉപഹാരം) എന്നത്രെ. ഇബ്‌നു ബത്തൂത്തയുടെ യാത്രാനുഭവങ്ങള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു. ഇതിന്റെ കര്‍ത്താവ് മുഹമ്മദ്ബിനു മുഹമ്മദിബ്‌നി ജുസ്സയില്‍ കല്‍ബിയാണ്. ഇബ്‌നു ബത്തൂത്ത അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ നോക്കിപ്പറഞ്ഞത് ഇബ്‌നു ജുസയ്യ് രേഖപ്പെടുത്തുകയാണുണ്ടായത്. കുറിപ്പുകള്‍ നഷ്ടപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം ഓര്‍മയെ ആശ്രയിക്കുകയായിരുന്നു. 756 ദുല്‍ഹിജ്ജ 3(1357 ഡിസംബര്‍ 9)നാണ് ഇബ്‌നു ജുസയ്യ് ഇതിന്റെ ക്രോഡീകരണം പൂര്‍ത്തിയാക്കിയത്.

ഇബ്ന്‍ ബത്തൂത്ത സൂക്ഷ്മഗ്രാഹിയായ സഞ്ചാരിയായിരുന്നു. സഞ്ചരിച്ച രാജ്യങ്ങളെയും അവിടത്തെ വിഭവങ്ങളെയും ജനങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും ഭരണ സമ്പ്രദായങ്ങളെയും വിവരിക്കുന്നതില്‍ കുറേയെല്ലാം വസ്തുനിഷ്ഠത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് അദ്ദേഹം എഴുതിയത് ഈ സമീപനത്തിന് തെളിവാണ്. അത്ഭുതങ്ങളില്‍ സീമാതീതമായ വിശ്വാസമുള്ള സൂഫി മാര്‍ഗാവലംബിയായ ബത്തൂത്ത സംഭവങ്ങളുദ്ധരിക്കുമ്പോള്‍ അതു പലപ്പോഴും അതിശയോക്തി കലര്‍ന്നതും കര്‍തൃനിഷ്ഠവുമാകാറുണ്ടെന്ന ഒരാക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, തുര്‍കിഷ്, പേര്‍ഷ്യന്‍, ഉര്‍ദു തുടങ്ങിയ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിണ്ട്. അതിന്റെ ഒരു സംക്ഷേപം പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് ഇബ്‌നുബത്തൂത്തയുടെ സഞ്ചാര കഥകള്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇബ്‌നു ബത്തൂത്ത 1378ല്‍ (ഹി:780) 74ാമത്തെ വയസ്സില്‍ മൊറോക്കോയില്‍ മരിച്ചു.

 

References

 
ഇസ്‌ലാമിക വിജ്ഞാന കോശം

Feedback