Skip to main content

നുഐം ബിൻ മസ്ഊദ്(റ)

വിപുലമായ സജ്ജീകരണങ്ങളോടെ മക്കയില്‍ നിന്ന് അബൂസുഫ്‌യാന്റെ നേതൃത്തില്‍ ഖുറൈശികള്‍, നജ്ദില്‍ നിന്ന് ഉയയ്നുബ്നു ഹിസ്വ്‌നിന്റെ നേതൃത്വത്തില്‍ ഗത്വ്ഫാനികള്‍, മദീനയില്‍ തന്നെയുള്ള ബനുന്നദ്വീര്‍ ഗോത്രക്കാരായ ജൂതന്മാര്‍, എല്ലാവരും സംഘടിച്ച് മദീനയില്‍ നബിയെയും അനുചരന്മാരെയും നിശ്ശേഷം തകര്‍ത്ത് ഇസ്‌ലാമിന്റെ ഉന്മൂലനാശം ലക്ഷ്യംവെച്ച് പടനയിച്ചു വരുന്നു. ഗത്വ്ഫാന്‍ സൈന്യത്തിന്റെ മുന്‍നിരയില്‍ നുഐമുബ്നു മസ്ഊദുമുണ്ടായിരുന്നു. നജ്ദിലെ സമ്പന്നനായിരുന്നു അദ്ദേഹം. തന്റെ ദേഹേച്ഛയ്ക്കു വേണ്ടി മദീനയിലെ ജൂതഗോത്രവുമായി ശക്തമായ അവിശുദ്ധ ബന്ധം അന്നദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു വലിയ ശത്രുവ്യൂഹം മദീനയെ ലക്ഷ്യമാക്കി എത്തുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞ പ്രവാചകന്‍ അനുചരന്മാരെ വിളിച്ചുവരുത്തി കൂടിയാലോചിച്ചു. നേരിടാനുള്ള കെല്പ് മുസ്‌ലിംകള്‍ക്കില്ല. അതിനാല്‍ മദീനയുടെ സുരക്ഷിതമല്ലാത്ത ഭാഗത്ത് കിടങ്ങു കുഴിച്ച് ശത്രുക്കളുടെ മുന്നേറ്റം തടയാന്‍ തീരുമാനമായി.

മദീനാ നിവാസികളായ ബനൂഖുറൈദ്വ എന്ന ജൂതഗോത്രം പ്രവാചകനുമായി ഒരു സമാധാന കരാര്‍ ഉണ്ടാക്കിയിരുന്നു. മുഹമ്മദിനോട് സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാമെന്നും പകരം ഈ ഗോത്രത്തെനിര്‍ഭയരും സുരക്ഷിതരുമായി മദീനയില്‍ പാര്‍പ്പിക്കാമെന്നുമായിരുന്നു വ്യവസ്ഥ. സഖ്യസൈന്യത്തിന്റെ കുതന്ത്രം നിമിത്തം ബനൂ ഖുറൈദ്വക്കാര്‍ കരാര്‍ ലംഘിച്ച് അവരോടൊപ്പം കൂടി. അവര്‍ ചില ഗുഢാലോചനകള്‍ പ്രവാചകനെതിരില്‍ മെനഞ്ഞുണ്ടാക്കുകയും കപടവിശ്വാസികള്‍ അതേറ്റു പിടിക്കുകയും ചെയ്തു. ഒടുവില്‍ മുസ്‌ലിം പക്ഷത്ത് മുന്നൂറോളം യഥാര്‍ഥ വിശ്വാസികള്‍ മാത്രം അവശേഷിച്ചു.

നബി മനംനൊന്ത് റബ്ബിനോട് പ്രാര്‍ഥിച്ചു. പ്രാര്‍ഥന ഫലിച്ചു. സഖ്യ സൈന്യത്തിലൊന്നിനെ നയിച്ച നുഐമുബ്നു മസ്ഊദിന്റെ ഉറക്കം കൊടുത്തിക്കൊണ്ട് ഒരായിരം ചോദ്യങ്ങള്‍ നുഐമിന്റെ മനസ്സില്‍ തികട്ടി. താനെന്തിന് നജ്ദില്‍നിന്ന് യുദ്ധത്തിനുവന്നു. മുഹമ്മദ് തന്റെ അവകാശങ്ങള്‍ ഹനിച്ചുവോ? സ്വന്തം ജീവനും അന്യരുടെ ജീവനും എന്തിന് വെറുതെ ഹനിക്കണം? ഒന്നിനും ഉത്തരമുണ്ടായിരുന്നില്ല. ഉടനെ ഇരുളിന്റെ മറവില്‍ നുഐം നേരെ പോയത് നബിയുടെ സന്നിധിയിലേ ക്കാണ്. അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദുഅന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.

അവിടെ വെച്ച് നുഐം വിശ്വാസിയായിത്തീര്‍ന്നു. പ്രവാചകരേ പറയൂ. ഞാനെന്തുവേണം?

''യുദ്ധം തന്ത്രമാണ്. താങ്കള്‍ ഉടന്‍ സ്വജനങ്ങളിലേക്ക് മടങ്ങിപ്പോയി ഇസ്‌ലാമിനു വേണ്ടി കഴിയാവുന്ന തന്ത്രങ്ങള്‍ ചെയ്യണം'' നുഐമിന്റെ ചോദ്യത്തിനുത്തരമായി പ്രവാചകന്‍ പ്രതിവചിച്ചു.

നുഐമുബ്നു മസ്ഊദ്, ഖന്‍ദഖ് യുദ്ധത്തിനുവന്ന സഖ്യസൈന്യത്തില്‍ മുഴുവന്‍ തന്ത്രപരമായി വിള്ളലുകളുണ്ടാക്കി. സഖ്യസേനയുടെ ഐക്യം തകര്‍ക്കുന്നതിലും അവരെ തമ്മിലടിപ്പിക്കുന്നതിലും നുഐമുബ്നു മസ്ഊദ് വിജയിച്ചു. പോരാത്തതിന് അല്ലാഹു അയച്ച ഭയങ്കര കൊടുങ്കാറ്റും ശത്രുക്കള്‍ക്ക് ആപത്തുവരുത്തി. മുസ്‌ലിംകള്‍ അത്ഭുതപ്പെടുന്ന രൂപത്തില്‍ പിറ്റേന്നു പുലര്‍ച്ചയ്ക്കു മുമ്പേ ശത്രുസൈന്യം മുഴുവന്‍ പിന്തിരിഞ്ഞോടി.

ഈ സംഭവം പ്രവാചകന്ന് നുഐമിലുള്ള മതിപ്പ് വര്‍ധിപ്പിച്ചു. പല ചുമതലകളും അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു. മക്കാ വിജയ ദിവസം മുസ്‌ലിം സൈന്യത്തെ നിസ്സഹായതയോടെ നോക്കി നിന്ന അബൂസുഫ്‌യാന്‍ ഗത്വ്ഫാനികളുടെ കൊടിപിടിച്ചു നില്ക്കുന്ന നുഐമിനെ കണ്ട് അത്ഭുതപ്പെട്ടു. ഒരു കാലത്ത് മുഹമ്മദിന്റെ ബദ്ധവൈരിയായിരുന്നവന്‍ ഇന്നിതാ മുഹമ്മദിനൊപ്പം നമുക്കെതിരില്‍ വന്നിരിക്കുന്നു എന്നായിരുന്നു അബുസുഫ്‌യാന്റെ പ്രതികരണം.

നുഐമുബ്‌നു മസ്ഊദ്. പിതാവ് മസ്ഊദുബ്‌നു ആമിരിബ്‌നി ഉനൈഫ്. സ്വദേശം നജ്ദ്. ഗോത്രം ഗത്ഫാന്‍.

Feedback