Skip to main content

സ്ത്രീകളും ഇസ്‌ലാമിക പ്രബോധനവും

സ്ത്രീകള്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനെ കുറിച്ച് എന്തു പറയുന്നു ?


മറുപടി : ഇസ്‌ലാമിക പ്രബോധനം, നന്‍മ കല്പിക്കല്‍, തിന്‍മ വിലക്കല്‍ എന്നീ കാര്യങ്ങളില്‍ സ്ത്രീ പുരുഷനെപ്പോലെ തന്നെയാണ്. ഖുര്‍ആനും ഹദീസും അതാണ് തെളിയിക്കുന്നത്. പണ്ഡിതന്‍മാരുടെ വ്യക്തമായ അഭിപ്രായവും അതുതന്നെയാണ്. അതിനാല്‍ സ്ത്രീ പുരുഷനെപ്പോലെ ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് പ്രബോധനം ചെയ്യുകയും നന്‍മ കല്പിക്കുകയും തിന്‍മ വിലക്കുകയും വേണം. ആരെങ്കിലും അവളെ നിന്ദിക്കുകയോ ശകാരിക്കുകയോ പരിഹസിക്കുകയോ ചെയ്യുകയാണെങ്കില്‍ അസ്വാസ്ഥ്യവും ക്ഷമയും കാണിച്ച് ആ ദൗത്യത്തില്‍ നിന്നും പിന്‍മാറാന്‍ പാടില്ല. ആളുകളില്‍ നിന്ന് പരിഹാസമോ നിന്ദയോ അനുഭവപ്പെട്ടാലും അവള്‍ ക്ഷമിക്കുകയും സഹിക്കുകയും വേണം.


ശ്രദ്ധേയമായ മറ്റൊരു കാര്യം, മാന്യതയിലും അന്യപുരുഷന്‍മാരുടെ മുന്നില്‍ പര്‍ദയാചരിക്കു ന്നതിലും അവള്‍ മാതൃകയാവുകയും സ്ത്രീ-പുരുഷ സങ്കര സദസ്സുകളില്‍ നിന്ന് അകന്നു നില്ക്കുകയും വേണം. നിഷിദ്ധമായ എല്ലാ കാര്യങ്ങളില്‍ നിന്നും സുരക്ഷിതയാവാന്‍ ശ്രദ്ധിച്ചു കൊണ്ടായിരിക്കണം അവള്‍ പ്രബോധന കൃത്യം നിര്‍വഹിക്കുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരോട് പ്രബോധനം നടത്തുകയാണെങ്കില്‍ പര്‍ദാനിയമം പാലിച്ചു കൊണ്ടും അവരില്‍ ആരുമായും തനിച്ചാവുന്ന അവസ്ഥയില്ലാതെയുമാവണം. സ്ത്രീകളോട് പ്രബോധനം നടത്തുന്നത് യുക്തി ദീക്ഷയോടു കൂടിയായിരിക്കണം.


ആളുകളെ ഫിത്‌നയിലാക്കുന്ന വസ്ത്രങ്ങളില്‍ നിന്നും നാശഹേതുവായ കാര്യങ്ങളില്‍ നിന്നും അവള്‍ അകന്നുനില്‌ക്കേണ്ടതാണ്. സൗന്ദര്യപ്രകടനം, കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം എന്നിവ വര്‍ജിക്കണം. സ്ത്രീ അവളുടെ ദീനിനെയും സല്‍കീര്‍ത്തിയെയും കളങ്കപ്പെടുത്താതെ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കുകയാണു വേണ്ടത്.

Feedback