Skip to main content

കുറ്റകൃത്യങ്ങള്‍ പരസ്യപ്പെടുത്തല്‍

ലഹരിപദാര്‍ഥങ്ങളും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന ചില രോഗികള്‍ എന്റെയടുത്ത് ഉപദേശം തേടിക്കൊണ്ട് വരാറുണ്ട്. അവര്‍ അതോടൊപ്പം വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയാണോ വേണ്ടത്, അതോ മറച്ചു വെയ്ക്കുകയോ?


ഉത്തരം:  താങ്കള്‍ അവരെ ഗുണകാംക്ഷയോടു കൂടി ഉപദേശിക്കുകയാണു വേണ്ടത്. അവരെ പശ്ചാത്താപത്തിനു പ്രേരിപ്പിക്കുകയും അവരുടെ കാര്യം മറ്റുള്ളവരില്‍ നിന്നു മറച്ചുവെക്കുകയും ചെയ്യുക. അക്കാര്യം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയോ അവരെ അപമാനിക്കുകയോ ചെയ്യരുത്. അല്ലാഹുവെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നതിന് അവര്‍ക്ക് സഹായിയായി വര്‍ത്തിക്കുകയും പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് അവരെ അറിയിക്കുകയും ആ കുറ്റകൃത്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിന്റെ ഗൗരവത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്‍മ കല്പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുന്നു'' (9: 7). 


''കാലമാണ് സത്യം മനുഷ്യര്‍ മഹാനഷ്ടത്തിലാണ്-സത്യവിശ്വാസം കൈകൊള്ളുകയും സത്കര്‍മങ്ങളനുഷ്ഠിക്കുകയും പരസ്പരം സത്യം ഉദ്‌ബോധിപ്പിക്കുകയും ക്ഷമ ഉപദേശിക്കുകയും ചെയ്ത ആളൊഴികെ'' (103: 1-3).


നബി(സ്വ) പറഞ്ഞു: ''ദീന്‍ ഗുണകാംക്ഷയാണ്''.  ''ആരെങ്കിലും ഒരു മുസ്‌ലിമിന്റെ രഹസ്യം മറച്ചുവെക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ രഹസ്യവും ഇഹത്തിലും പരത്തിലും മറച്ചു വെക്കുന്നതാണ്'' (മുസ്‌ലിം).
 

Feedback