Skip to main content

ആപത്തു പിണയലും അല്ലാഹുവിന്റെ വിധിയും

''ആപത്തില്‍പ്പെട്ട ഒന്നും തന്നെ അതിനു നാം അസ്തിത്വം കൊടുക്കുന്നതിനു മുമ്പ് ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ ഭൂമിയിലോ നിങ്ങളുടെ ശരീരത്തിലോ പിണയുന്നില്ല. നിശ്ചയമായും അല്ലാഹുവിന്ന് അത് എളുപ്പമാണ്. നിങ്ങളെ കടന്നുപോയ ഒന്നിനുവേണ്ടി നിങ്ങള്‍ സങ്കടപ്പെടാതിരിക്കുകയും നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുള്ളതില്‍ ആഹ്‌ളാദിക്കാതിരിക്കുകയും ചെയ്യുന്നതിനുവേണ്ടി''. ഈ ഖുര്‍ആന്‍ വാക്യം എന്താണ് പഠിപ്പിക്കുന്നത്?

മറുപടി: 57 : 22, 23 സൂക്തങ്ങളിലാണ് അല്ലാഹു ഇപ്രകാരം പറയുന്നത്. ഖുര്‍ആനിലെ സൂക്തങ്ങളെ ഖുര്‍ആനിലെ സൂക്തങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കാവുന്നതാണ്. ചില സൂക്തങ്ങളെ അവഗണിച്ചുകൊണ്ട് മറ്റൊരു സൂക്തത്തിന്‍ ഒരിക്കലും വ്യാഖ്യാനം നല്‍കരുത്. മനുഷ്യന് നിയന്ത്രിക്കാന്‍ സാധിക്കാത്ത ചില സംഗതികള്‍ കൊണ്ടായിരിക്കും അവന് ചിലപ്പോള്‍ വിപത്ത് ബാധിക്കുക. മറ്റു ചിലപ്പോള്‍ അവന്റെ അശ്രദ്ധയും അവഗണനയും, അപകടം സംഭവിക്കുന്നതിനു അല്ലാഹു നിശ്ചയിച്ച കാരണങ്ങളെ മനുഷ്യന്‍ മനഃപൂര്‍വ്വം സമീപിക്കുന്നതുകൊണ്ടുമായിരിക്കും. എന്നാല്‍ രണ്ടു സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ പരിധിയില്ലാതെ ദുഃഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത്. മനുഷ്യരിലെ പ്രവര്‍ത്തനം കാരണം വിപത്ത് സംഭവിക്കുന്ന സന്ദര്‍ഭത്തിലും അല്ലാഹുവിന്ന് മുന്‍കൂട്ടിത്തന്നെ ഇതിനെക്കുറിച്ച് ശരിയായ അറിവുണ്ട്. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ പല സന്ദര്‍ഭങ്ങളിലും അവനെ അവന്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആകാശത്ത് നിന്നു വീഴുന്ന സന്ദര്‍ഭത്തില്‍ പോലും ചിലര്‍ക്ക് ഒന്നും സംഭവിക്കാത്തത് നാം കാണുന്നു. ചുരുക്കത്തില്‍ വിജയപരാജയത്തില്‍ അതിര്‍ കവിയുന്ന രീതിയില്‍ ദുഃഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യാതെ ക്ഷമയോടും ഗുണപാഠം സ്വീകരിച്ചുകൊണ്ടും മുന്നോട്ട് പോവുകയാണ് വേണ്ടത്. അല്ലാഹു എതിരു നില്‍ക്കുന്ന പക്ഷം ആര്‍ക്കും ഒന്നും സംഭവിക്കുകയില്ല. ഈ യാഥാര്‍ഥ്യം മനുഷ്യന്‍ എപ്പോഴും ഓര്‍ത്തിരിക്കണം. കൂടാതെ നന്‍മതിന്‍മകളുടെ പ്രശ്‌നം ഈ സൂക്തത്തില്‍ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. വിപത്തുകളെക്കുറിച്ചാണ് ഇവിടെ പ്രസ്താവം.

Feedback