Skip to main content

വിധിയും പ്രാര്‍ഥനയും


പ്രാര്‍ഥന കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിനോട് മാത്രമേ പ്രാര്‍ഥിക്കാവൂ. ഒരടിമയെ അല്ലാഹു പരിഗണിക്കുന്നതിന് കാരണമാകുന്നത് അല്ലാഹുവിനോടുള്ള അവന്റെ പ്രാര്‍ഥനയാണ്. ആരാധനയുടെ മജ്ജ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നും പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് അല്ലാഹു മാത്രമേ ഉത്തരം നല്‍കുവെന്നും വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുമെന്ന് പറഞ്ഞതിന്റെ അര്‍ഥം പ്രാര്‍ഥിക്കുന്നവരുടെ ആഗ്രഹമെല്ലാം അവന്‍ സാധിപ്പിക്കുമെന്നല്ല. അല്ലാഹുവിന്റെ ഹിതത്തിനും വിധിക്കും വിധേയമായിരിക്കും അവന്‍ നല്‍കുന്ന ഉത്തരം.

മനുഷ്യര്‍ തങ്ങളുടെ പരിമിതമായ അറിവിന്റേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും പ്രാര്‍ഥിക്കുന്നത്. തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവര്‍ കരുതുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാകും അവരുടെ പ്രാര്‍ഥന. എന്നാല്‍ അല്ലാഹുവിന്റെ അറിവിനനുസരിച്ച് അക്കാര്യം ആത്യന്തികമായി അവര്‍ക്ക് ദോഷകരമായി ഭവിക്കാന്‍ സാധ്യതയുണ്ട്. പ്രഥമ ദൃഷ്ട്യാ അനിഷ്ടകരമായി തോന്നുന്ന കാര്യങ്ങള്‍ ഒഴിവായി കിട്ടാന്‍ വേണ്ടിയും അവര്‍ പ്രാര്‍ഥിച്ചേക്കും. എന്നാല്‍ ആ കാര്യങ്ങള്‍ മുഖേന ഇഹലോകത്തോ പരലോകത്തോ അല്ലാഹു അവര്‍ക്ക് നന്മ നിശ്ചയിച്ചിട്ടുണ്ടാവാം. അതിനാല്‍ അല്ലാഹു മനുഷ്യരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നത് അവന്റെ പരമവും സമ്പൂര്‍ണവുമായ അറിവിന്റേയും തെറ്റ് പറ്റാത്ത തീരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും. മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ തെറ്റ് പറ്റാനുള്ള സാധ്യതയെയും അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ അന്യൂനതയെയും വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു. ''യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരുകാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു എല്ലാം അറിയുന്നു; നിങ്ങള്‍ അറിയുകയില്ല.'' (2:216).

നന്മ തേടിക്കൊണ്ട് നബി(സ) പ്രാര്‍ഥിച്ചിരുന്നത് എപ്രകാരമായിരുന്നുവെന്ന് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം. ''അല്ലാഹുവേ, നിന്റെ അറിവ് മുഖേന നിന്നോട് ഞാന്‍ നന്മ തേടുന്നു. നിന്റെ കഴിവ് മുഖേന നിന്നോട് ഞാന്‍ കഴിവ് തേടുന്നു. നിന്റെ മഹത്തായ അനുഗ്രഹത്തില്‍ നിന്ന് നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, നിനക്കാണ് കഴിവുള്ളത്. എനിക്ക് കഴിവില്ല, നീയാണ് അറിയുന്നത്. ഞാന്‍ അറിയുന്നില്ല. അദൃശ്യ കാര്യങ്ങള്‍ ഏറെ അറിയുന്നവന്‍ നീയാകുന്നു. അല്ലാഹുവേ, ഈ കാര്യം എനിക്ക് എന്റെ മതത്തിലും ജീവിതത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും ഗുണകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എനിക്ക് നീ അത് വിധിക്കേണമേ, ഈ കാര്യം എന്റെ മതത്തിലും ജീവിതത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍  അതിനെ എന്നില്‍നിന്നും എന്നെ അതില്‍ നിന്നും നീ തിരിച്ചു കളയുകയും നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കുകയും പിന്നീട് അത് എനിക്ക് തൃപ്തിപ്പെട്ടതാക്കുകയും ചെയ്യേണമേ'' (ബുഖാരി).

റസൂല്‍(സ) പറഞ്ഞു: ''അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് പൊറുത്തു തരണേമേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എന്നോട് കരുണ കാണിക്കേണമേ എന്നിങ്ങനെ നിങ്ങളാരും പറയരുത്. ഉറപ്പായി തന്നെ പ്രാര്‍ഥിക്കുക. നിര്‍ബന്ധപൂര്‍വം അല്ലാഹുവിനെക്കൊണ്ട് കാര്യങ്ങള്‍ നിര്‍വഹിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല'' (ബുഖാരി). മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു. ''ഞാന്‍ പ്രാര്‍ഥിച്ചു. ഞാന്‍ പ്രാര്‍ഥിച്ചു, എന്നിട്ടും എനിക്ക് ഉത്തരം ലഭിച്ചുകണ്ടില്ല. എന്നിങ്ങനെ ധൃതിപ്പെടാതിരിക്കുവോളം നിങ്ങളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടും (ബുഖാരി). നബി (സ) പറയുന്നു. ''പ്രാര്‍ഥനയല്ലാതെ വിധിയെ തട്ടിമാറ്റുന്നില്ല, സദ്കര്‍മമല്ലാതെ പ്രായത്തെ വര്‍ധിപ്പിക്കുന്നില്ല'' (തിര്‍മിദി).

ഉപരിസൂചിത ഹദീസുകളില്‍നിന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത് ഒരടിമ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥന ഒരിക്കലും പാഴായി പോകുന്നില്ല എന്നതാണ്. കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ മുന്‍ നിശ്ചയത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ കൃത്യമായ രേഖയില്‍ അവയൊക്കെയും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ഖണ്ഡിത തീരുമാനമായ 'ഖദാഅ്' അവന്റെ അടിമയുടെ കാര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു. ''ഭൂമിയിലാകട്ടെ നിങ്ങളില്‍തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ വിപത്തും) നാം അതിനെ സൃഷ്ടിക്കുന്നതിനും മുമ്പായി അങ്ങനെ രേഖാ ഗ്രന്ഥത്തില്‍ ഇല്ലാതെ നിങ്ങളെ ബാധിക്കുകയില്ല. നിശ്ചയം (അത് രേഖപ്പെടുത്തല്‍) അല്ലാഹുവിന് നിസ്സാരമാകുന്നു. നിങ്ങള്‍ക്ക് (ലഭിക്കാതെ) പാഴായി പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങള്‍ അമിതമായി ആഹ്ലാദം കൊള്ളാതിരിക്കാനും വേണ്ടിയത്രെ അത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (57:22,23).

പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുന്ന രീതി മൂന്നിലൊരു തരത്തിലാവും. (ഒന്ന്) പ്രാര്‍ഥിക്കപ്പെടുന്ന കാര്യം ഇഹലോകത്ത് വെച്ച് സാധിപ്പിച്ച് കൊടുക്കും. (രണ്ട്) പ്രാര്‍ഥിക്കപ്പെടുന്ന കാര്യത്തില്‍ ഫലം അവന് ഇഹലോകത്ത് വെച്ച് ലഭിക്കുന്നതിനേക്കാള്‍ ഗുണകരമാകുക അത് ലഭിക്കാതിരിക്കുന്നതാവാം. അതുകൊണ്ട് പ്രാര്‍ഥനയുടെ ഫലം പരലോകത്തേക്ക് അല്ലാഹു മാറ്റിവെക്കുകയും പ്രാര്‍ഥിച്ചതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. (മൂന്ന്) പ്രാര്‍ഥിക്കുന്നവന്റെ ജീവിതത്തില്‍ കണക്കാക്കിയ ഒരു വിപത്ത് അവനില്‍ നിന്ന് പ്രാര്‍ഥനയുടെ ഫലമായി  തട്ടിമാറ്റപ്പെടുന്നു. തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള അധികാരവും അവകാശവും അല്ലാഹുവിന് മാത്രമേയുള്ളൂ. വിപത്തുകള്‍ നീക്കാനും പരീക്ഷണങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും രോഗങ്ങള്‍ ഭേദമാക്കാനും ഒക്കെ റസൂല്‍ (സ) നിരന്തരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിനോടുള്ള പ്രാര്‍ഥന ഒരു പരിച ആയതുകൊണ്ടാണ് റസൂല്‍(സ) അത് പതിവാക്കിയത്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് പ്രാര്‍ഥനയില്‍ പ്രതീക്ഷ വെക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം, തവക്കുല്‍ (അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍), പ്രാര്‍ഥന ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.
 

Feedback