Skip to main content

ദുര്‍ബല ഹദീസുകളും അതിന്റെ ഇനങ്ങളും

സാധുതയെ അടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ മൂന്നാമത്തെ ഇനമാണ് ദഈഫ് അഥവാ ദുര്‍ബല ഹദീസുകള്‍. ഹദീസ് സ്വീകാര്യതയ്ക്കാവശ്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഹദീസുകള്‍ അഥവാ സ്വഹീഹോ ഹസനോ അല്ലാത്തവ, അസ്വീകാര്യങ്ങളാണ്. ഇത്തരം ഹദീസുകള്‍ ദ്വഈഫ് (ദുര്‍ബലം) എന്നറിയപ്പെടുന്നു. ദുര്‍ബലമായ ഹദീസുകള്‍ മതകാര്യങ്ങളില്‍ പ്രമാണമാക്കാന്‍ പറ്റില്ല. ഹദീസ് ദുര്‍ബലമാകാനുള്ള കാരണം പലതാണ്.  ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയില്‍ നിന്ന് ഏതെങ്കിലും കണ്ണി നഷ്ടപ്പെട്ടാല്‍ അത് ദുര്‍ബലമാണ്. പരമ്പരയില്‍ (സനദ്) ആരും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും അവയിലെ റിപ്പോര്‍ട്ടര്‍മാരില്‍ ചിലരകുടെ നീതിനിഷ്ഠയെപ്പറ്റിയോ സത്യസന്ധതയെപ്പറ്റിയോ ആക്ഷേപമുണ്ടെങ്കില്‍ അത്തരം ഹദീസുകളും ദുര്‍ബലമാണ്. ദുര്‍ബലതയിലുള്ള കാരണങ്ങള്‍ക്കനുസരിച്ച് ദ്വഈഫായ ഹദീസുകളെ തരംതിരിക്കുകയും ഓരോന്നിനും പ്രത്യേകം പേരു നല്‍കുകയും ചെയ്തിട്ടുണ്ട്.

മുര്‍സല്‍ (സ്വഹാബിയെ വിട്ടത്)

ദ്വഈഫിന്റെ ഇനത്തില്‍ പെട്ടതാണ് 'മുര്‍സല്‍.' ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി ആരെന്ന് വ്യക്തമാക്കാതെ നബിയെ കാണുകയോ നേരിട്ട് കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത താബിഅ് നബി(സ്വ)യില്‍ നിന്ന് നേരിട്ട് ഉദ്ധരിച്ച ഹദീസുകള്‍ക്കാണ് മുര്‍സല്‍ എന്നു പറയുന്നത്. എന്നാല്‍ പ്രസ്തുത ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വിട്ടുപോയ ആള്‍ ആരെന്ന് മറ്റു മാര്‍ഗങ്ങളിലൂടെ വ്യക്തമാക്കുകയോ ചെയ്താല്‍ 'മുര്‍സല്‍' സ്വീകാര്യമാണെന്നും ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. മുര്‍സലായ ഹദീസുകള്‍ മാത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളാണ് അബൂദാവൂദിന്റെ അല്‍ മറാസില്‍, ഇബ്‌നുഅബീ ഹാകിമിന്റെ അല്‍മറാസില്‍ തുടങ്ങിയവ.

മുഅല്ലഖ് 

നിവേദക പരമ്പരയുടെ തുടക്കത്തില്‍ ഒന്നോ അതിലധികമോ നിവേദകരെ വിട്ടുകളഞ്ഞ് ഉദ്ധരിക്കപ്പെട്ട ഹദീസാണിത്. ഒറ്റ നിവേദകനേയും പരാമര്‍ശിക്കാതെ പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളും സ്വഹാബിയെയോ സ്വഹാബികളെയോ മാത്രം പരാമര്‍ശിച്ച് മറ്റാരെയും പരാമര്‍ശിക്കാതെ ഉദ്ധരിക്കപ്പെട്ട ഹദീസുകളും മുഅല്ലഖാണ്. ഹദീസ് സ്വീകാര്യമാകാനുള്ള പ്രധാന ഉപാധിയായ കണ്ണിചേര്‍ച്ചയുടെ അഭാവം മൂലം ഇത്തരം ഹദീസുകള്‍ അസ്വീകാര്യമാണ്.

മുന്‍ഖതിഅ് (വിഛിന്നം)

കണ്ണിമുറിഞ്ഞ പരമ്പരയായ ഹദീസ് എന്നതാണ് മുന്‍ഖതിഇന്റെ സാമാന്യവിവക്ഷ. നിവേദക ശൃംഖലയുടെ കണ്ണി അറ്റുപോവുന്നതിലൂടെ ഒന്നോ അതിലധികമോ പേര്‍ വിവിധ സ്ഥലങ്ങളില്‍ ഉള്ള നിവേദകരെ സംബന്ധിച്ച് അജ്ഞാതമാവുന്നു. ഇവ ദുര്‍ബലവും അതിനാല്‍ അസ്വീകാര്യവുമാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായം.

മുഅ്ദല്‍ (പ്രശ്‌നാര്‍ഹം)

നിവേദക ശ്രേണിയില്‍ നിന്ന് തുടരെ രണ്ടോ അതില്‍ കൂടുതലോ നിവേദകര്‍ വിട്ടുപോയതാണ് മുഅ്ദല്‍. നിവേദക ശ്രേണിയിലെ ഒന്നിലധികം കണ്ണികള്‍ വിട്ടുപോയതിനാല്‍ ഇത് അസ്വീകാര്യമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല.

മുദല്ലസ് (ന്യൂനത മറച്ചു വെക്കപ്പെട്ടത്)


ന്യൂനത മറച്ചുവെക്കപ്പെട്ടത് എന്നാണ് മുദല്ലസിന്റെ ഭാഷാര്‍ത്ഥം. നിവേദക ശ്രേണിയുടെ ന്യൂനത മറച്ചു വെച്ച് ബാഹ്യരൂപം ഭംഗിയായി അവതരിപ്പിക്കപ്പെട്ട ഹദീസാണ് മുദല്ലസ്.

Feedback